SignIn
Kerala Kaumudi Online
Sunday, 05 February 2023 2.52 AM IST

ഖാൻ താൻ സാഹിബ് !

varavisesham

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആൾ പീരങ്കിയാണ്. പീരങ്കിയോട് ഏറ്റുമുട്ടാൻ പിണറായി സഖാവിന്റെ കുന്തം കൊണ്ട് സാധിക്കുമെന്ന് ഒരുറപ്പും പറയാൻ പറ്റുന്നില്ല. ഖാൻ സാഹിബിനെ പിടിച്ച പിണറായി സഖാവിന്റെ അവസ്ഥയും പുലിയുടെ വാലിന്മേൽ പിടിച്ചുപോയ മനുഷ്യന്റെ അവസ്ഥയും ഒന്നുതന്നെയാണ്.

സേതുരാമയ്യർ സി.ബി.ഐ വന്നത് പോലെയൊരു വരവായിരുന്നു ഖാൻ സാഹിബിന്റെ തിരുവനന്തപുരത്തേക്കുള്ള വരവെന്ന് ഒരുപാട് പേർ പറയുന്നുണ്ട്. അതങ്ങനെയാണോ എന്നൊന്നും ദ്രോണർക്ക് ഇപ്പോൾ ഓർക്കാൻ സാധിക്കുന്നില്ല. ഖാൻ സാഹിബിനെ ന.മോ.ജി ഇങ്ങോട്ടേക്ക് കയറ്റി വിട്ടപ്പോൾ അന്തരീക്ഷത്തിൽ ചില അപശകുനങ്ങളൊക്കെ ഉണ്ടായെന്ന് കേട്ടിട്ടുണ്ട്. കാലൻകോഴി മൂന്നുവട്ടം കൂവി. കുറുക്കൻ നിറുത്താതെ ഓരിയിട്ടു. എന്തോ മേഘവിസ്ഫോടനം പോലെ ഒന്നുണ്ടായി എന്നും പറയുന്നുണ്ട്. കൊറോണ മഹാമാരി പോലും ഖാൻ സാഹിബിന്റെ കൂടെയാണ് വന്നതെന്ന് പറയുന്നവരുമുണ്ട്.

പിണറായി സഖാവ് അതിനെയൊന്നും കൂസിയിട്ടില്ലായിരുന്നു. ഖാൻ സാഹിബിനേക്കാളും വലിയ സാഹിബുമാരെ കണ്ടയാളാണ് അദ്ദേഹം. ചെമ്മീൻ തുള്ളിയാലും ഏതുവരെ എന്നൊക്കെ ഒരു നിശ്ചയമുണ്ടല്ലോ. അതുവച്ചാണ് പിണറായി സഖാവ് എല്ലാ കാര്യങ്ങളെയും അളക്കുന്നത്. അതുകൊണ്ട് ഖാൻ സാഹിബും കൂടിപ്പോയാൽ ഏതുവരെ എന്നൊക്കെ പിണറായി സഖാവിന് ഒരു കണക്കുണ്ടായിരുന്നു.

പക്ഷേ പിണറായി സഖാവിന് ഇന്നിപ്പോൾ ഒരു കണക്കും ശരിയാവുന്നില്ല. ഖാൻ സാഹിബിനെ കണ്ട പിണറായി സഖാവ് എന്നൊക്കെ ആളുകൾ പറഞ്ഞ് തുടങ്ങിയിരിക്കുന്നു.

"നായർ വിശന്നു വലഞ്ഞുവരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല, ആയത് കേട്ടു കലമ്പിച്ചെന്നങ്ങായുധമുടനേ കാട്ടിലെറിഞ്ഞൂ" എന്ന് കുഞ്ചൻ നമ്പ്യാർ പാടിയത് പോലുള്ള അവസ്ഥയാണ് ഖാൻ സാഹിബ് ഓരോ ലോകസഞ്ചാരവും കഴിഞ്ഞ് രാജ്ഭവനിലേക്ക് തിരിച്ചുവരുമ്പോൾ നാട്ടുകാർക്ക് കാണാൻ സാധിക്കുന്നത്. നാട്ടുകാർ അതിലൊരു നേരമ്പോക്ക് ആസ്വദിക്കുന്നുണ്ട്.

ഖാൻ സാഹിബ് രാജ്ഭവനിൽ എത്തിച്ചേരുമ്പോൾ ഓരോ സർവകലാശാലയും ഓരോ തരത്തിൽ പെരുമാറുന്നതായിട്ടാണ് ഖാൻ സാഹിബ് കാണുന്നത്. കണ്ണൂർ സർവകലാശാലയിലാണെങ്കിൽ കായക്കഞ്ഞിക്കരിയിട്ടിട്ടില്ല എന്ന മട്ട്. കേരള സർവകലാശാലയിലാണെങ്കിൽ ഒന്നും പറയാതിരിക്കുകയാണ് ഭേദം. ഖാൻ സാഹിബിനെ കുറ്റം പറയാനാവില്ല. "ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു, കെട്ടിയ പെണ്ണിനെ മടി കൂടാതെ കിട്ടിയ വടി കൊണ്ടൊന്നു കൊമച്ചു" എന്നതാണ് പിന്നീടുള്ള അവസ്ഥാന്തരങ്ങൾ. കുഞ്ചൻ നമ്പ്യാർ ഇതൊക്കെ പാടിവച്ചത് ഖാൻ സാഹിബിനെ തന്നെ ഉദ്ദേശിച്ചിട്ടായിരുന്നു.

പല സാഹിബുമാരെയും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരു സാഹിബിനെ നാളിതുവരെ കാണാൻ സാധിച്ചിട്ടില്ലെന്നാണ് പിണറായി സഖാവിന്റെ ഇപ്പോഴത്തെ തോന്നൽ. പിണറായി സഖാവിന്റെ അവസ്ഥയെക്കുറിച്ചോർത്ത് വേദനിച്ചത് കൊണ്ട് പ്രയോജനമില്ല. വരാനുള്ളത് വഴിയിൽ തങ്ങില്ലെന്ന് പിണറായി സഖാവിനും അറിയാം, നാട്ടുകാർക്കും അറിയാം. വിധിയിൽ വിശ്വസിച്ച് പോകാനൊക്കെ ഏത് പിണറായി സഖാവിനും തോന്നിപ്പോകുന്നത് ഇതുപോലുള്ള സന്ദർഭങ്ങളിൽ മാത്രമാണ്.

......................................

'പിടിച്ചു ഞാനവനെന്നെക്കെട്ടി, കൊടുത്തു ഞാനവനെനിക്ക് രണ്ട്' എന്ന മട്ടിലാണോ ഖാൻ സാഹിബും കേരളത്തിലെ സർവകലാശാലകളിലെ വീസിമാരും എന്ന് സംശയിക്കണം. കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ നിത്യാഭ്യാസി അല്ലാത്തതിന്റെ ഒരു പ്രശ്നമുണ്ട്. നിത്യാഭ്യാസിക്ക് ആനയെയും എടുക്കാനാവും. ഖാൻ സാഹിബിനെയും എടുക്കാം. എന്നാൽ അതുപോലെയല്ല ഈ വീസിയുടെ സംഗതി. ഖാൻ സാഹിബിനെ എടുക്കാൻ പോയതാണ് അദ്ദേഹത്തിന്റെ ഒരേയൊരു ഓർമ്മ.

മലയാളത്തിൽ അസോസിയേറ്റ് പ്രൊഫസറാകാൻ പറ്റിയ ഒരാളെ കണ്ണൂരിൽ സിൻഡിക്കേറ്റ് കണ്ടെത്തിയിരുന്നു. ഇത് പിണറായി സഖാവ് പറയുന്ന മറ്റേ സിൻഡിക്കേറ്റല്ല. സർവകലാശാലാ സിൻഡിക്കേറ്റാണ്. ആ ആളിനെ അങ്ങോട്ട് കയറാൻ സമ്മതിക്കില്ല എന്ന് ഖാൻ സാഹിബ് പറഞ്ഞത് കൊണ്ട് ആ ആളിന് വേണ്ടി കേസ് പോവാൻ വരെ വീസി തയാറാവുകയുണ്ടായി. അതിനും മാത്രമുള്ള വിശാലമനസ്സൊക്കെ ലോകത്തിലെ ഏത് വീസിക്കാണ് ഉണ്ടാവുക. ഗോപിനാഥ് രവീന്ദ്രൻ സാർ അതുകൊണ്ടാണ് വേറിട്ട മനുഷ്യനാവുന്നത്.

പക്ഷേ ഖാൻ സാഹിബിന് ആ മനസ്സ് പിടികിട്ടിയിട്ടില്ല. 'എന്നാ താൻ കേസ് കൊട്, വക്കീലേ' എന്നാണ് ഖാൻ സാഹിബ് വീസിയോട് പറയുന്നത്. കേസുകെട്ടിന്റെ മേലെ പിടിച്ചും പോയി പിടിയൊട്ട് വിടുവിക്കാൻ പറ്റുന്നുമില്ല എന്ന അവസ്ഥ വന്നാൽ എന്താണ് ചെയ്യുക. നിത്യാഭ്യാസി ആവാത്തതിന്റെ കുറവാണ്. കേസിനും ഖാനിനും മദ്ധ്യേ അകപ്പെട്ട വീസി എന്നാണിപ്പോൾ ഗോപിനാഥ് രവീന്ദ്രൻ കണ്ണൂരിൽ അറിയപ്പെടുന്നത്.

സർവകലാശാലയിൽ വന്നുപെടുന്ന ഏത് ഉദ്യോഗാർത്ഥിക്ക് വേണ്ടിയും കേസും കുണ്ടാമണ്ടിയുമായി പോയാൽ പിന്നെ അതിന് മാത്രമേ നേരമുണ്ടാവൂ എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് വീസി ആ കേസുദ്യമത്തിൽ നിന്ന് ഇപ്പോൾ പിന്മാറാൻ തീരുമാനിച്ചത്. അത്രയും ചെയ്തത് നന്നായി!

ഇ-മെയിൽ: dronar.keralakaumudi@gmail.com

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARAVISESHAM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.