SignIn
Kerala Kaumudi Online
Saturday, 20 April 2024 6.37 AM IST

ഓണക്കാലത്തെ പൊള്ളും വില

onam

വില കൂടുന്നതിന് ആനുപാതികമായി വാങ്ങുന്ന സാധനങ്ങളുടെ അളവ് കുറയ്ക്കാൻ പറ്റാത്ത കാലയളവാണ് ഓണക്കാലം. മാത്രമല്ല ആവശ്യത്തിലധികം സാധനങ്ങൾ വാങ്ങാനുള്ള പ്രവണതയും ഇക്കാലയളവിലുണ്ടാകും. ഇത് മുതലെടുത്തുകൊണ്ട് സാധനങ്ങളുടെ വില വർദ്ധിപ്പിക്കുക എന്ന തന്ത്രം വ്യാപാരികൾ സ്ഥിരമായി അവലംബിക്കുന്നതാണ്. എന്നാൽ ഇത്തവണത്തെ ഓണക്കാലത്ത് എല്ലാ സീമകളും ലംഘിച്ച് വില കുതിച്ചുയരുകയാണ്. ഇത് തടയാൻ ഫലപ്രദമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായേ മതിയാവൂ. ഓണത്തിന് രണ്ടാഴ്ച ശേഷിക്കേ അരിയുടെ വില കിലോഗ്രാമിന് 12 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ജയ അരി ആന്ധ്രയിൽനിന്നും ജ്യോതിഅരി തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുമാണ് എത്തുന്നത്. ഇതിന് രണ്ടിനും യാഥാക്രമം 10, 12 രൂപ വരെ കൂടിയിരിക്കുന്നു.

പൊതുവിപണിയിൽ സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലാത്തതിനാൽ വില ഇനിയും ഉയരാനാണ് സാദ്ധ്യത. ആന്ധ്ര, തമിഴ‌്‌നാട് അരി ലോബികൾ ഓണം മുന്നിൽക്കണ്ട് സംയുക്തമായാണ് വില കൂട്ടുന്നത്. അരിയുടെ വില കൂടുമെന്ന് അറിയാവുന്ന ഇടനിലക്കാർ അരി പൂഴ്‌ത്തിവയ്ക്കാനും തുടങ്ങിയിട്ടുണ്ട്. ഫലപ്രദമായ റെയ്‌ഡുകൾ നടത്തുന്നതിലൂടെ മാത്രമേ പൂഴ്‌‌ത്തിവയ്പ് നിയന്ത്രിക്കാൻ കഴിയൂ. ജി.എസ്.ടി ഏർപ്പെടുത്തിയതിനാൽ പായ്ക്ക് ചെയ്തുവരുന്ന അരിക്ക് കിലോഗ്രാമിന് 3 മുതൽ 3.80 രൂപ വരെ അധികം നൽകേണ്ടിയും വരുന്നു. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അരി സപ്ളൈകോ, റേഷൻകട ഉൾപ്പെടെയുള്ള പൊതുവിതരണ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കിയാൽ ഒരു പരിധിവരെ വിലവർദ്ധന ഇനിയും മുകളിലേക്ക് പോകാതെ തടയാനാകും. മാർക്കറ്റിൽ വില കൂടുന്ന മല്ലി, മുളക് മുതലായ പലവ്യഞ്ജനങ്ങൾ ഒന്നിച്ച് വാങ്ങി ഓണച്ചന്തകളിൽ എത്തിച്ചാലും വിലക്കയറ്റം നിയന്ത്രിക്കാനാകും. ഓണക്കാലത്ത് ഉപ്പേരി വറുക്കാനും മറ്റുമായി ഏറ്റവും കൂടുതലാളുകൾ വാങ്ങുന്ന ഏത്തക്കയ്ക്കും മറ്റ് പഴവർഗങ്ങൾക്കും തൊട്ടാൽ പൊള്ളുന്ന വിലയാണിപ്പോൾ. ഒരു ചെറിയ സഞ്ചിയിൽ കൊള്ളുന്ന പച്ചക്കറിക്ക് തന്നെ അഞ്ഞൂറ് രൂപ വരെയാകുന്ന നിലയാണ്.

നേന്ത്രപ്പഴം കിലോയ്ക്ക് 75 മുതൽ 85 രൂപ വരെയാണ് വില. കൃഷിനാശമാണ് വിലകൂടാൻ കാരണമായി പറയുന്നതെങ്കിലും എല്ലാ ഓണക്കാലത്തും ആവർത്തിക്കുന്ന ഈ വിലക്കയറ്റ പ്രതിഭാസത്തിന് പിന്നിൽ പ്രധാനമായും അന്യസംസ്ഥാന ലോബികളുടെ ചരടുവലികളാണുള്ളത്. എന്തിനും ഏതിനും മറ്റു സംസ്ഥാനക്കാരെ ആശ്രയിച്ച് ജീവിക്കുന്ന കേരളത്തെ ഇതുപോലുള്ള ഉത്സവവേളകളിൽ പരമാവധി പിഴിയുന്നത് സ്ഥിരം പരിപാടിയാണ്. പച്ചക്കറിയുടെയും പഴത്തിന്റെയും ഉത്പാദനത്തിലെങ്കിലും സ്വയംപര്യാപ്തത നേടാതെ കേരളത്തിന് ഈ ചക്രവ്യൂഹത്തിൽ നിന്ന് രക്ഷപ്പെടാനാകുമെന്ന് തോന്നുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRICE HIKE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.