SignIn
Kerala Kaumudi Online
Saturday, 01 April 2023 11.08 AM IST

ഇതുകൊണ്ട് സർവകലാശാല നന്നാകുമോ?

photo

ഏതുമുന്നണി ഭരിക്കുമ്പോഴും സർവകലാശാലകളിലെ ഉന്നതനിയമനങ്ങൾ പലപ്പോഴും വിവാദങ്ങൾക്കിടയാക്കാറുണ്ട്. നിയമനം നടന്നുകഴിയുന്നതോടെ ക്രമേണ വിവാദങ്ങളും അവസാനിക്കും. എന്നാൽ ഇപ്പോൾ സംസ്ഥാനത്തുണ്ടായിരിക്കുന്ന സർവകലാശാലാ നിയമനവിവാദം പുതുമയുള്ളതും ഭരണത്തലവനായ ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റമുട്ടലിനു വഴിവയ്ക്കുന്നതുമാണ്. ചാൻസലർ എന്ന നിലയിൽ സർവകലാശാലകളുടെ മേൽ ഗവർണർക്കുള്ള അധികാരങ്ങൾ കുറയ്ക്കാനുദ്ദേശിച്ച് സർക്കാർ നിയമഭേദഗതിക്ക് മുന്നോട്ടുവന്നിരിക്കുകയാണ്. നിയമസഭയിൽ ബുധനാഴ്ച ഇതുസംബന്ധിച്ച ബിൽ അവതരിപ്പിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഒട്ടേറെകാര്യങ്ങൾ പറഞ്ഞെങ്കിലും ഉദ്ദേശ്യശുദ്ധി ബോദ്ധ്യപ്പെടുത്തുന്നതിൽ വിജയിച്ചതായി തോന്നിയില്ല. ഇടഞ്ഞുനിൽക്കുന്ന ഗവർണറെ അനുനയിപ്പിക്കാൻ സർക്കാർ പുതിയവഴി തേടേണ്ടിയിരിക്കുന്നു. നിയമസഭ ബില്ലുകൾ പാസാക്കിക്കൊള്ളട്ടെ, അവ നിയമമാകാൻ തന്റെ അംഗീകാരം കൂടി വേണമല്ലോ എന്നാണ് ഗവർണർ ആരിഫ് മുഹമ്മദ്‌ഖാൻ വെല്ലുവിളിച്ചിരിക്കുന്നത്. ഏറ്റുമുട്ടൽ ഇനിയും തുടർന്നുകൊണ്ടിരിക്കുമെന്നു സാരം.

കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകിയ ആൾക്ക് വേണ്ടത്ര യോഗ്യതയില്ലെന്ന പരാതിയിൽ തുടങ്ങിയതാണ് സർവകലാശാല നിയമഭേദഗതിയിൽ എത്തിനിൽക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയാണ് നിയമനം ലഭിച്ച ആൾ എന്നതാണ് ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം. യഥാർത്ഥ യോഗ്യതയുള്ളയാളെ മറികടന്ന് നിയമനം നൽകിയതിനു പിന്നിൽ വൈസ് ചാൻസലറാണെന്ന പരാതിയുമുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ തന്നെ നേരത്തെ പിൻവാതിൽ വഴി നിയമനം തരപ്പെടുത്തിയതാണെന്ന വിവാദവും കൂട്ടത്തിലുണ്ട്. സംസ്ഥാനത്തെ മറ്റേതാനും സർവകലാശാലകളിലേക്കും വി.സി നിയമനം നടക്കാനിരിക്കെ കണ്ണൂർപ്രശ്നത്തിൽ ഇടഞ്ഞുനിൽക്കുന്ന ഗവർണറുടെ, ചാൻസലർ എന്ന നിലയിലെ അധികാരങ്ങൾ വെട്ടിച്ചുരുക്കാൻ സർക്കാർ മുന്നോട്ടുവന്നതിൽ അതിശയമില്ല. വി.സി നിയമനത്തിനായുള്ള മൂന്നംഗ സെർച്ച് കമ്മിറ്റി അഞ്ചംഗ സമിതിയാക്കി ഗവർണറുടെ അധികാരം കുറയ്ക്കാനുള്ള ഭേദഗതിയാണ് കൊണ്ടുവന്നിരിക്കുന്നത്. സർക്കാർ നോമിനികൾക്കു മേൽക്കൈയുള്ള സമിതിക്ക് സർക്കാരിന്റെ ഇംഗിതമനുസരിച്ച് ആളെ നിശ്ചയിക്കാനാകും. മുൻകാല പ്രാബല്യവും നൽകുന്നതിനാൽ മുൻപുനടന്ന നിയമനത്തിനും പ്രാബല്യമുണ്ടാകും. നിയമസഭയിൽ മികച്ചഭൂരിപക്ഷമുള്ള സർക്കാരിന് എല്ലാറ്റിനും സ്വാതന്ത്ര്യ‌വുമുണ്ടല്ലോ.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാർ മികവിന്റെ മാതൃക സൃഷ്ടിക്കുന്നതു കണ്ട് കുശുമ്പു തോന്നുന്നതുകൊണ്ടാണ് പ്രതിപക്ഷം നിയമഭേദഗതിയെ എതിർക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ബിന്ദു ബില്ലവതരിപ്പിച്ച് പറയുകയുണ്ടായി. എന്നാൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരുതരത്തിലുള്ള മികവോ ഔന്നത്യമോ കൊണ്ടുവരാൻ കഴിയാത്ത ഇവിടത്തെ സർവകലാശാലകളുടെ പരിതാപകരമായ അവസ്ഥയോർത്താൽ ആർക്കും സങ്കടമാണുണ്ടാവുക എന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രതികരണം. നിഷ്‌പക്ഷമതികൾ പണ്ടേതന്നെ പറഞ്ഞുകൊണ്ടിരിക്കുന്ന പരാതിയാണിത്. സർവകലാശാലകളുടെ സമയവും ഉൗർജ്ജവും ചെലവിടുന്നത് അക്കാഡമിക് ഇതര കാര്യങ്ങൾക്കുവേണ്ടിയാണ്. രാഷ്ട്രീയത്തിന്റെ അതിപ്രസരം സർവകലാശാലകളെ കൂടുതൽ തളർത്തിക്കൊണ്ടിരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസമേഖല മെച്ചപ്പെടുത്താൻ ബന്ധപ്പെട്ട സമിതികൾ മുന്നോട്ടുവയ്ക്കുന്ന വിലപ്പെട്ട ശുപാർശകളിൽ എത്രയെണ്ണം നടപ്പായെന്നു നോക്കിയാൽ മനസിലാകും ഓരോ സർവകലാശാലയും എവിടെ നിൽക്കുന്നെന്ന്.

സർവകലാശാലാ നിയമനങ്ങൾ എപ്പോഴും വിവാദമാകാൻ കാരണം അനർഹർ തിരഞ്ഞെടുക്കപ്പെടുമ്പോഴാണ്. ഇവിടെയും യോഗ്യതയേക്കാൾ പ്രാധാന്യം രാഷ്ട്രീയ ബന്ധങ്ങൾക്കാകും. ഭേദഗതിബിൽ ചർച്ചയ്ക്കിടെ, സർവകലാശാലാ നിയമനങ്ങൾ പി.എസ്.സിക്കു വിടണമെന്ന പ്രതിപക്ഷനേതാവിന്റെ അഭിപ്രായം ശ്രദ്ധേയമായി. സർവകലാശാലകൾ സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളായതിനാൽ നിയമനാധികാരം സർവകലാശാലയ്ക്കു തന്നെയാണെന്നു വാദിച്ചേക്കാം. എന്നാൽ സർവകലാശാലാ നിയമനങ്ങൾക്കു പിന്നിൽ നടന്നുവരുന്ന സ്വജനപക്ഷപാതവും ക്രമക്കേടുകളും കാണുമ്പോൾ നിഷ്‌പക്ഷമെന്നു കരുതപ്പെടുന്ന പി.എസ്.സി വഴി നിയമനം നടത്തുന്നതല്ലേ ഉചിതമെന്ന് തോന്നിപ്പോകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITIES
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.