ബ്രഹ്മം എന്ന പദത്തിന് വിപുലമായ അർത്ഥമുണ്ട്. സകലതിനും കാരണമായത്, മോക്ഷം, സത്യം, അറിവ്, ആഹാരം, ധനം എന്നിങ്ങനെ നീണ്ടുപോകുന്നു അവ. ബ്രഹ്മത്തിൽ നിന്ന് അറിവിന്റെയും മോക്ഷത്തിന്റെയും ആശയസത്തയെ ആവാഹിച്ചെടുത്ത് ദാർശനികവും സൈദ്ധാന്തികവും പ്രായോഗികപരവുമായ അടിത്തറ ഒരുക്കിയെടുത്തു കൊണ്ട് സാധുജന സംരക്ഷണത്തിനായി തുടക്കമിട്ടതാണ് ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘം. 1911 ആഗസ്റ്റ് 29 ന് ചങ്ങനാശ്ശേരിയിലെ മണലോടി എന്ന പറയ ഗൃഹത്തിൽ തിരിതെളിയിച്ച ആ പ്രസ്ഥാനം വ്യത്യസ്ത പേരുകൾ സ്വീകരിച്ച് ഇന്ന് സാംബവമഹാസഭ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു. സാമൂഹ്യ പരിഷ്ക്കർത്താവും നവോത്ഥാന നായകനും ഒന്നരപ്പതിറ്റാണ്ട് കാലം ശ്രീമൂലം പ്രജാസഭാംഗവുമായിരുന്ന സമുദായ ആചാര്യൻ മഹാത്മാ കാവാരികുളം കണ്ടൻ കുമാരനാണ് സ്ഥാപകൻ.
ജന്മി നാടുവാഴിത്ത ദുഷ്പ്രഭുത്വത്തിന്റെയും സവർണ്ണാധിപത്യശാസനകളുടെയും ദുരാചാരങ്ങളുടെയും ഇരകളാക്കപ്പെട്ട്, ക്രൂരതകൾക്കും പീഡനങ്ങൾക്കും വിധേയരായി, മണ്ണധികാരവും മനുഷ്യാവകാശവും നഷ്ടപ്പെട്ട്, അടിമ നുകത്തിൻ കീഴിൽ മൃഗസമാന ജീവികളാക്കപ്പെട്ട ആയിരത്താണ്ടുകളിൽ നിന്നുള്ള വിമോചനമായിരുന്നു സംഘം ലക്ഷ്യമിട്ടത്.
ശിഥിലീകരിക്കപ്പെട്ട സാമൂഹിക വ്യവസ്ഥിതിയാൽ തകർന്നടിഞ്ഞ ജനതയെ പുതുക്കിപ്പണിയുകയും അവരിൽ അറിവും ആത്മാഭിമാനവും അവകാശ ബോധവും സന്നിവേശിപ്പിക്കുകയായിരുന്നു സംഘം പ്രവർത്തനങ്ങളിലൂടെ ചെയ്തത്.
വൃത്തി, ശുദ്ധി, ഭക്തി തുടങ്ങിയ പരിഷ്കൃത ജീവിത ശൈലി സ്വീകരിക്കുന്നതിനൊപ്പം നിഷേധിക്കപ്പെട്ട അക്ഷരജ്ഞാനം കൈവരുത്താനും മണ്ണിനും മനുഷ്യാവകാശങ്ങൾക്കുമായി പൊരുതാനും സംഘം നിശ്ചയിച്ചു. സംസ്ഥാനത്തുടനീളം 52 ഏകാദ്ധ്യാപക വിദ്യാലയങ്ങൾ സ്ഥാപിക്കുകയും അവിടങ്ങളിൽ വിവിധ ജാതി - മത വിഭാഗങ്ങളിൽ നിന്നുള്ള അദ്ധ്യാപകരെ നിയമിക്കുകയും ചെയ്തുകൊണ്ടു പ്രോജ്ജ്വലമായ പടയോട്ടമാണ് നടത്തിയത്. തന്റെ സമുദായം നടത്തിവരുന്ന സ്കൂളുകൾക്ക് സർക്കാർ സഹായം ലഭ്യമാക്കണമെന്ന് 1917 ഫെബ്രുവരി 21 ന് കണ്ടൻ കുമാരൻ പ്രജാസഭയിൽ നടത്തിയ പ്രസംഗം ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്.
യഥാർത്ഥ സാമൂഹിക പരിഷ്ക്കരണം എന്നത് ചരിത്രപരമായ കാരണങ്ങളാൽ അടിത്തട്ടിൽ തളയ്ക്കപ്പെട്ടവരെ എല്ലാ അർത്ഥത്തിലും മുഖ്യധാരയിൽ എത്തിക്കുകയാണ്. ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലനസംഘം നടത്തിയ പരിശ്രമങ്ങളും അതിനായുള്ളതായിരുന്നു. ദീർഘവീക്ഷണത്തോടെയും അവധാനതയോടെയും ബൗദ്ധികതലത്തിൽ നിന്നുകൊണ്ട് നവോത്ഥാന കേരളത്തിനായി സ്വസമൂഹത്തെ പാകപ്പെടുത്തിയെടുത്ത മഹാത്മാ കാവാരികുളം കണ്ടൻ കുമാരനെയും ബ്രഹ്മ പ്രത്യക്ഷസാധുജന പരിപാലന സംഘത്തെയും ചരിത്രം തമസ്ക്കരിച്ചു. കീഴാള ജനതയുടെ മുന്നേറ്റ ചരിത്രങ്ങളെ തമസ്ക്കരിക്കുന്ന കേരള ചരിത്ര നിർമ്മിതികൾ ഉടച്ചുവാർത്തു കൊണ്ട് നവോത്ഥാന കേരളത്തിന്റെ സത്യസന്ധമായ ചരിത്രം സൃഷ്ടിക്കണം. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് നാടിന്റെ കടമയാണ്.
സാംബവ മഹാസഭ സംസ്ഥാന ജനറൽ
സെക്രട്ടറിയാണ് ലേഖകൻ ഫോൺ : 9497336510
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |