ഗിരീഷ് കർണാട് എന്ന ഇന്ത്യൻ നാടകരംഗത്തെ അതികായൻ അരങ്ങൊഴിഞ്ഞു. രാജ്യം പദ്‌മഭൂഷണും പദ്‌മശ്രീയും ജ്ഞാനപീഠവുമെല്ലാം നൽകി ആദരിച്ച കർണാടിന്റെ അഭാവം ഇന്ത്യൻ നാടകരംഗത്തിനും ഒപ്പം സാഹിത്യ മണ്ഡലത്തിലും ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല. കന്നഡയിലെ എട്ട് ജ്ഞാനപീഠ പുരസ്‌കാര ജേതാക്കളിൽ ഒരാളായിരുന്നു ഗിരീഷ് കർണാട്. വിഖ്യാത എഴുത്തുകാരൻ ആർ.കെ നാരായണന്റെ പ്രശസ്‌ത നോവൽ മാൽഗുഡി ഡേയ്‌സ് ചലച്ചിത്ര ആവിഷ്‌കാരമായപ്പോൾ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാൻ കർണാടിന് പകരം മറ്റൊരാളെ കണ്ടെത്താൻ സംവിധായകൻ ശങ്കർ നാഗിന് കഴിഞ്ഞിരുന്നില്ല.
1938ൽ മഹാരാഷ്‌ട്രയിലെ മതീരനിലാണ് ജനിച്ചതെങ്കിലും ഗിരീഷ് കർണാട് വളർന്നതും പഠിച്ചതുമെല്ലാം കർണാടകയിലായിരുന്നു. കർണാടകയിലെ സിർസിയിലും ദർവാദിലുമായിരുന്നു നാടകത്തിന്റെ ആദ്യമുകുളങ്ങൾ കർണാടിൽ മൊട്ടിട്ടത്. ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് നാടകമവതരിപ്പിക്കുന്ന സംഘങ്ങളുടെ കൂട്ടത്തിൽ കർണാടും കൂടി. ഇതിനിടയിൽ ആർട്‌സിൽ ബിരുദം നേടിയ ശേഷം ഓക്‌സ്‌ഫോർഡിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
1961ലാണ് ഗിരീഷിന്റെ ആദ്യ നാടകമായ യയാതി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് ഒരു വർഷം പിന്നിടുമ്പോൾ തുഗ്ളക് എഴുതി. ചരിത്ര വിഷയങ്ങൾ പ്രമേയമാക്കി നാടകങ്ങൾ രചിക്കുന്നതിനോടൊപ്പം തന്നെ പുതിയ കാലഘട്ടത്തിന് യോജിക്കുന്ന മേഖലകൾ കണ്ടെത്തി എന്നതാണ് കർണാടിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തനാക്കിയത്.
കന്നഡ സിനിമാ രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട സംസ്‌കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായിട്ടാണ് ഗിരീഷ് കർണാട് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വംശവൃക്ഷ എന്ന ചിത്രത്തിലൂടെ സംവിധായകനുമായി.കന്നഡയ്ക്ക് പുറമേ ഹിന്ദിയിലും സിനിമകൾ നിർമിച്ചു. ഭരതന്റെ നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ച അദ്ദേഹം പിന്നീട് വർഷങ്ങൾക്കു ശേഷം മോഹൻലാൽ നായകനായ ദി പ്രിൻസിലും പ്രധാനവേഷത്തിലെത്തി.
അവസാനകാലത്ത് കർണാട് നടത്തിയ ചില പരാമർശങ്ങൾ ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. കെമ്പഗൗഡയുടെ പേരിലുള്ള ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് ടിപ്പുസുൽത്താന്റെ പേരിടണമെന്ന് പറഞ്ഞതിന്റെ പേരിൽ കർണാടിന് വധഭീഷണിവരെ ഉണ്ടായി. ബി.ജെ.പി.യുടെയും വി.എച്ച്.പി. അടക്കമുള്ള സംഘടനകളുടെയും എതിർപ്പ് അവഗണിച്ച് സർക്കാർ സംഘടിപ്പിച്ച ടിപ്പു സുൽത്താൻ ജയന്തി ആഘോഷത്തിലായിരുന്നു കർണാടിന്റെ പരാമർശം.
ഗിരീഷ് കർണാടിനോടുള്ള ആദരസൂചകമായി കർണാടകത്തിൽ മൂന്ന് ദിവസത്തെ ദുഖാചരണമാണ് സർക്കാർ ആചരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |