സിനിമയ്ക്ക് പുറമെ ജനങ്ങൾക്കിടയിലും സൂപ്പർതാര പരിവേഷമുള്ള നടനാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തിലും സാമൂഹ്യസേവനത്തിലും അദ്ദേഹം ശ്രദ്ധേയനാണ്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'മേ ഹും മൂസ'യാണ് ഇനി പുറത്തിറങ്ങാനുള്ള സുരേഷ് ഗോപി ചിത്രം.
പൂനം ബജ്വയാണ് ചിത്രത്തിലെ നായിക. സെപ്തംബർ 30ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ ,മേജർ രവി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, കണ്ണൻ സാഗർ, അശ്വിനി,സരൺ, ജിജിന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കോൺഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ഡോക്ടർ സി .ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവഹിക്കുന്നു.
ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് സംവിധായകൻ സമദ് മങ്കട പറഞ്ഞവാക്കുകൾ ശ്രദ്ധനേടുകയാണ്. കിച്ചാമണി എം.ബി.ബി.എസ് എന്ന ചിത്രത്തിന്റെ കഥപറയാൻ സുരേഷ് ഗോപിയുടെ അടുത്ത് പോയ അനുഭവമാണ് സംവിധായകൻ പങ്കുവച്ചത്. 'മാസ്റ്റർ ബിൻ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.
'സുരേഷേട്ടനെ വച്ച് ഈ സബ്ജെക്ട് ചെയ്യണം എന്നായിരുന്നു ആഗ്രഹം. പക്ഷെ പുള്ളി ചെയ്യുമോ എന്നറിയില്ല. അദ്ദേഹം ചെയ്യുന്ന സിനിമകളുടെ പാറ്റേണിലുള്ളതല്ല. കൊച്ചിന് ഹനീഫക്കയെക്കൊണ്ട് പറയിപ്പിക്കാമെന്നായിരുന്നു കരുതിയിരുന്നത്. അദ്ദേഹം പറഞ്ഞാല്‍ എല്ലാവരും കേള്‍ക്കും. ഹനീഫ്ക്കയെ എല്ലാവര്ക്കും ഇഷ്ടമാണ്. കൊച്ചിയിലേക്ക് വരാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ഹനീഫ്ക്കയാണ് ഞങ്ങളെ പരിചയപ്പെടുത്തുന്നത്. ഇത് സമദ് മങ്കട. ആനച്ചന്തം, മധുചന്ദ്രലേഖ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പുള്ളി ഒരു സബ്ജെക്ടുമായി വന്നതാണ്. ഡയറക്ട് ചെയ്യാനാണ് താത്പര്യപ്പെടുന്നത്. ഈ കഥയൊന്ന് കേൾക്കണം. ചെയ്യണോ വേണ്ടയോ എന്ന് കേട്ടിട്ട് തീരുമാനിക്കണം എന്ന് സുരേഷേട്ടനോട് പറഞ്ഞു.
അത് റംസാൻ സമയമാണ്. നോമ്പെടുത്തിട്ടാണ് പോകുന്നത്. നോമ്പുണ്ടോ എന്ന് സുരേഷേട്ടൻ ചോദിച്ചു. ആറുമണി സമയമാണ്. നോമ്പുണ്ടെന്ന് പറഞ്ഞു. അദ്ദേഹം എഴുന്നേറ്റ് പോയി ആർക്കോ ഫോൺ ചെയ്യുന്നുണ്ടായിരുന്നു. നോമ്പിന്റെ ക്ഷീണം ഉണ്ടെങ്കിലും അതൊക്കെ മറന്ന് കഥ പറയുകയായിരുന്നു. കൃത്യം വാങ്കിന്റെ സമയത്ത് ഞങ്ങളുടെ മുന്നിലേക്ക് ജ്യൂസും ഫ്രൂട്ട്സുമൊക്കെ വന്നു. നോമ്പ് തുറക്കാനുള്ളതൊക്കെ പുള്ളി അറേഞ്ച് ചെയ്ത് കൃത്യസമയത്ത് തന്നെ എത്തിച്ചു. കഥ ഇഷ്ടപ്പെട്ട അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു'- സമദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |