പാലക്കാട്: വ്യവസായിയെ ഹാണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയ കേസിൽ യുവതിയടക്കം ആറുപേരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡ് സ്വദേശി ദേവു (24), ഭർത്താവും കണ്ണൂർ സ്വദേശിയുമായ ഗോകുൽ ദീപ് (29), കോട്ടയം പാലാ രാമപുരം സ്വദേശി ശരത് (24), തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരെയാണ് ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ടി. ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ യാക്കരയിൽ എത്തിച്ചാണ് സംഘം പണവും സ്വർണവും തട്ടിയത്. ബലംപ്രയോഗിച്ച് കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോകവേ വാഹനത്തിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട വ്യവസായി ടൗൺ സൗത്ത് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
വ്യവസായിയിൽ നിന്ന് നാല് പവന്റെ സ്വർണമാല, കാർ, മൊബൈൽ ഫോൺ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, ഓഫീസ് രേഖകൾ, കൈയ്യിലുണ്ടായിരുന്ന പണം എന്നിവയാണ് സംഘം തട്ടിയെടുത്തത്. ഇയാളുടെ ഫോട്ടോയും വീഡിയോയും എടുത്ത് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വ്യവസായിക്ക് നിരന്തരം സന്ദേശങ്ങൾ അയച്ച് വരുതിയിലാക്കുകയാണ് ആദ്യം ചെയ്തത്. കോട്ടയം സ്വദേശി ശരത്താണ് സ്ത്രീയാണെന്ന വ്യാജേന വ്യവസായിയുമായി സംസാരിച്ചത്. ഭർത്താവ് ഗൾഫിലാണെന്നും വീട്ടിൽ അസുഖ ബാധിതയായ അമ്മ മാത്രമേ ഉള്ളുവെന്നും തെറ്റിദ്ധരിപ്പിച്ചാണ് ചാറ്റിംഗ്.
കാണാൻ താത്പര്യമുണ്ടെന്ന് പറഞ്ഞതോടെ ശരത് തട്ടിപ്പിനായി ദേവു, ഗോകുൽ ദീപ് ദമ്പതികളെ വാടകയ്ക്ക് എടുത്തു. പിന്നീട് ദേവൂ വ്യവസായിയ്ക്ക് ശബ്ദ സന്ദേശങ്ങളടക്കം അയച്ച് കൊടുക്കുകയായിരുന്നു. ശരത് ചാറ്റ് ചെയ്യുമ്പോൾ പാലക്കാടാണ് വീടെന്ന് വ്യവസായിയോട് പറഞ്ഞിരുന്നു. അതിനാലാണ് ഓൺലൈനിലൂടെ ആൾതിരക്കൊഴിഞ്ഞ യാക്കരയിലെ വീട് വാടകയ്ക്ക് എടുത്തത്. യാക്കരയിലെ വീട്ടിലെത്തിച്ച വ്യവസായിയെ സദാചാര പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കാറിൽ കൊടുങ്ങല്ലൂരിലെ ഇവരുടെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയി കൂടുതൽ പണം തട്ടാനായിരുന്നു ശ്രമം. ഇയാളുടെ എ.ടി.എമ്മിൽ നിന്ന് കൂടുതൽ പണം എടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
എസ്.ഐമാരായ വി. ഹേമലത, എം. അജാസുദ്ദീൻ, എസ്. ജലീൽ, എ.എസ്.ഐ കെ. കൃഷ്ണപ്രസാദ്, സീനിയർ സി.പി.ഒമാരായ എം. സുനിൽ, ആർ. വിനീഷ്, കെ. ഗോപിനാഥ്, സി.പി.ഒമാരായ എസ്. ഷനോസ്, കെ. രാജേഷ്, കെ. വിനോദ്, എം. രാജ്‌മോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |