തൃശൂർ: കേരള ലളിതകലാ അക്കാഡമിയുടെ ഫോട്ടോഗ്രഫി, കാർട്ടൂൺ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മുഹമ്മദ് സാഫി (ഫോട്ടോഗ്രഫി), കെ.കെ. സുഭാഷ് (കാർട്ടൂൺ), അനൂപ് കൃഷ്ണ, ലിഷോയ് നാരായണൻ (ഫോട്ടോഗ്രഫി ഓണറബിൾ മെൻഷൻ പുരസ്‌കാരം), എ. സതീഷ് കുമാർ, മാതൃഭൂമി ചീഫ് സബ് എഡിറ്റർ ഉണ്ണിക്കൃഷ്ണൻ (കാർട്ടൂൺ ഓണറബിൾ മെൻഷൻ പുരസ്‌കാരം) എന്നിവർക്കാണ് പുരസ്കാരം. ഫോട്ടോഗ്രഫി, കാർട്ടൂൺ വിഭാഗത്തിന് 50,000 രൂപയും പ്രശസ്തി പത്രവും മെമന്റോയും നൽകും. 25,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് ഓണറബിൾ മെൻഷൻ പുരസ്‌കാരങ്ങൾ. ഫോട്ടോഗ്രഫി പ്രദർശനത്തിൽ പങ്കെടുക്കാനും പുരസ്‌കാരത്തിനുമായി 239 അപേക്ഷകൾ ലഭിച്ചിരുന്നു. 135 ഫോട്ടോഗ്രാഫുകൾ സംസ്ഥാന പുരസ്‌കാര പരിഗണനയ്ക്കായി ലഭിച്ചു.
ഡോ. ദീപക് ജോൺ മാത്യു, ഹരിഹരൻ സുബ്രഹ്മണ്യൻ, സക്കറിയ പൊൻകുന്നം എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. കാർട്ടൂൺ പ്രദർശനത്തിൽ പങ്കെടുക്കാനും പുരസ്‌കാരത്തിനുമായി 29 അപേക്ഷകളാണ് ലഭിച്ചത്. പ്രാഥമിക മൂല്യനിർണയത്തിൽ സംസ്ഥാന പ്രദർശനത്തിന് 22 പേരുടെ സൃഷ്ടികളും തിരഞ്ഞെടുത്തു. പി.വി. കൃഷ്ണൻ, സുകുമാർ, മധു ഓമല്ലൂർ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് ചെയർമാൻ നേമം പുഷ്പരാജും സെക്രട്ടറി പൊന്ന്യം ചന്ദ്രനും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |