SignIn
Kerala Kaumudi Online
Friday, 05 June 2020 2.52 AM IST

'മഹാരാജാസ് ' മറക്കുമോ ജാനകി അമ്മാൾ എന്ന റോസിനെ

janaki-ammal
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി വിഭാഗം സെമിനാർ ഹാളിൽ സ്ഥാപിച്ചിട്ടുള്ള ഇ.കെ. ജാനകി അമ്മാളിന്റെ ചിത്രം

കരിമ്പിന് മധുരം കൂട്ടിയ ഇ.കെ. ജാനകി അമ്മാളിന്റെ ഓർമ്മകൾക്ക് ഇപ്പോൾ ഇരട്ടി മധുരം പകർന്നത് കൊടൈക്കനാൽ സ്വദേശികളായ സസ്യശാസ്ത്രജ്ഞ ദമ്പതികളായ വിരു വീരരാഘവനും ഗിരിജയുമാണ്. ഇരുവരും ചേർന്ന് വികസിപ്പിച്ചെടുത്ത സങ്കരയിനം ഇളംമഞ്ഞ റോസിന് ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞയായ ജാനകി അമ്മാളിന്റെ പേര് നൽകുകയായിരുന്നു.

വിടപറഞ്ഞ് മൂന്നര പതിറ്റാണ്ടിനു ശേഷം ജാനകി അമ്മാളിന്റെ ഓർമ്മകൾ വീണ്ടും സജീവമാകുമ്പോൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അദ്ധ്യാപികയായി പ്രവർത്തിച്ചിരുന്ന ജാനകിഅമ്മാളിനെക്കുറിച്ച് പറയുകയാണ് ആലുവ എസ്.സി.എം എസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോടെക്നോളജി വിഭാഗം മേധാവിയായ സി.മോഹൻകുമാർ.

" 1932 മുതൽ 34 വരെ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്) ബോട്ടണി പ്രൊഫസറായിരുന്നു ജാനകി അമ്മാൾ.

ഒരു റോസാപ്പൂവിന്റെ പേരിൽ മാത്രം ഒതുങ്ങുന്ന ഗവേഷണ നേട്ടങ്ങളല്ല, ഡോ. ജാനകി അമ്മാൾ എന്ന സസ്യശാസ്ത്രജ്ഞ ലോകത്തിന് സമ്മാനിച്ചത്. 1931ൽ യൂണിവേഴ്സിറ്റി ഒഫ് മിഷിഗണിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി ഇന്ത്യയിലെത്തിയപ്പോഴാണ് അമ്മാൾ തിരുവനന്തപുരത്ത് പ്രവർത്തിക്കാനെത്തിയത്.

സസ്യശാസ്ത്രത്തിന്റെ പ്രായോഗിക ശാഖയായ സസ്യപ്രജനന മേഖലയിൽ (പ്ളാന്റ് ബ്രീഡിംഗ്) ഡോ. അമ്മാൾ നടത്തിയ ഗവേഷണങ്ങളുടെ നേട്ടങ്ങൾ സസ്യഗവേഷകർ എക്കാലവും ഓർക്കുന്നതാണ്. വിദേശങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു ഇറക്കുമതി ചെയ്തിരുന്ന കരിമ്പിൻ ചെടിയേക്കാൾ കൂടുതൽ മധുരമുള്ള പഞ്ചസാര ഉത്‌പാദിപ്പിക്കാവുന്ന കരിമ്പിൻ ചെടി ആദ്യമായി വികസിപ്പിച്ചത് ഡോ. അമ്മാളിന്റെ ഗവേഷണ കണ്ടുപിടിത്തങ്ങളിൽ ശ്രദ്ധേയമായിരുന്നു. പഞ്ചസാരയുടെ ഇന്നത്തെ മധുരത്തിന് ഒരർത്ഥത്തിൽ നമ്മൾ അമ്മാളിനോട് കടപ്പെട്ടിരിക്കുന്നു." മോഹൻകുമാർ പറഞ്ഞു.

പണ്ട് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന കേരളത്തിലെ തലശ്ശേരിയിൽ സബ് ജഡ്ജി ആയിരുന്ന ദിവാൻ ബഹാദൂർ ഇ.കെ. കൃഷ്ണന്റെയും ദേവിഅമ്മയുടെയും മകളായി ജനിച്ച ജാനകി അമ്മാൾ പെൺകുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ബാലികേറാമലയായിരുന്ന കാലത്താണ് ഉന്നത വിദ്യാഭ്യാസം നേടിയത്. അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്കോളർഷിപ്പോടെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും സസ്യശാസ്ത്രത്തിൽ നേടിയ ആദ്യ ഏഷ്യൻ വനിതയായിരുന്നു അവർ.

സസ്യപ്രജനന ശാഖയിലെ ഗവേഷണ നേട്ടങ്ങളും മാറ്റങ്ങളും മനസിലാക്കാൻ ശ്രമിക്കുന്ന, ആധുനിക ജീവശാസ്ത്ര ഗവേഷകർക്ക് ഒരു നല്ല റഫറൻസ് ആണ് ജാനകി അമ്മാളിന്റെ ഗവേഷണ സംഭാവനകളെന്ന് മോഹൻകുമാർ പറയുന്നു.

യൂണിവേഴ്സിറ്റി കോളേജിൽ മോഹൻകുമാർ ബോട്ടണി വിഭാഗം മേധാവിയായി പ്രവർത്തിക്കവേയാണ് 1998ൽ ബോട്ടണി വിഭാഗം ബിരുദാനന്തര ഡിപ്പാർട്ടുമെന്റിന്റെ അമ്പതാം വർഷം ആഘോഷിച്ചത്. അന്ന് മോഹൻകുമാറിന്റെ നേതൃത്വത്തിൽ ഡോ. അമ്മാളിനെ അനുസ്മരിച്ച് പ്രതികാത്മക ഗുരുപൂജ നടത്തിയിരുന്നു. 2002-ൽ യൂണിവേഴ്സിറ്റി കോളേജിലെ അക്കാദമിക് ഗവേഷണ നിലവാരം പരിശോധിക്കാനെത്തിയ യു.ജി.സിയുടെ നാക്ക് ടീം മോഹൻകുമാറിനെ ഇതിന്റെ പേരിൽ പ്രത്യേകം പ്രശംസിച്ചു. ബോട്ടണി വകുപ്പിലെ സെമിനാർ ഹാളിൽ ജാനകി അമ്മാളിന്റെ ചിത്രം നേരത്തെ സ്ഥാപിച്ചിട്ടുണ്ട്.സസ്യശാസ്ത്ര മേഖലയിൽ അമൂല്യമായ സംഭാവനകൾ നൽകിയ അമ്മാളിനെ കേരളം ഓർക്കുന്നത് യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി സെമിനാർ ഹാളിൽ ഇപ്പോഴുമുള്ള ഈ ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെയാണ്.

വിഖ്യാത സസ്യശാസ്ത്രജ്ഞനും സഹപ്രവർത്തകനുമായ ഓക്സ്ഫോർഡിലെ സി.ഡി. ഡാർലിംഗ്‌ടണുമായി ചേർന്ന് അമ്മാൾ രചിച്ച 'ദ ക്രോമസോം അറ്റ്‌ലസ് ഒഫ് ആൾ കൾട്ടിവേറ്റഡ് പ്ളാന്റ്‌സ്" എന്ന പുസ്തകം ഈ മേഖലയിലെ ബൈബിൾ ആയി കരുതപ്പെടുന്നു. അമ്മാളിന്റെ പ്രാഗത്ഭ്യം കണക്കിലെടുത്ത് ബൊട്ടാണിക്കൽ സർവേ ഒഫ് ഇന്ത്യയുടെ പുനർനിർമ്മാണത്തിനായി പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ചുമതലപ്പെടുത്തുകയായിരുന്നു. ആ മേഖലയിൽ അവർ നൽകിയ സംഭാവനകളും നിസ്തുലമാണ്. ജാനകി ബ്രിഞ്ചാൾ എന്നും അവരെ വിളിക്കാറുണ്ടായിരുന്നു. അവർ വികസിപ്പിച്ചെടുത്ത വഴുതനങ്ങയ്ക് ആ പേരു തന്നെ ലഭിച്ചു.

ബോട്ടണി പഠിക്കാൻ മദ്രാസിലെത്തിയ അമ്മാൾ പ്രശസ്തമായ ബാർബൗർ ഫെല്ലൊഷിപ്പ് നേടിയാണ് മിഷിഗൺ സർവകലാശാലയിലെത്തിയത്. അവിടേക്കു പോകാൻ കാരണം ജാതിപരമായും ലിംഗപരമായും നേരിട്ട അവഗണന മൂലമായിരുന്നു. ഇംഗ്ളണ്ടിലെ ജോൺസ് ഇൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൈറ്റോളജിസ്റ്റായി ജോലിയിൽ ചേർന്നതോടെയാണ് അമ്മാളിന്റെ കരിയർ പുരോഗമിച്ചത്. ഇംഗ്ളണ്ടിൽ അവരോടുള്ള ആദരവായി 'മഗ്‌നോളിയ കൊബൂസ് ' എന്ന ചെടിക്ക് അമ്മാളിന്റെ പേര് നൽകിയിരുന്നു.

വീരുവും ഗിരിജയും ഇപ്പോൾ വികസിപ്പിച്ചെടുത്ത 'റോസാ ക്ളൈനോഫില്ല"യെന്ന റോസ് ചെടിക്ക് ജോൺ ഇൻസ് സെന്ററും റോയൽ ഹോർട്ടിക്കൾച്ചർ സൊസൈറ്റിയും ചേർന്നാണ് ജാനകി അമ്മാളിന്റെ പേര് നൽകിയത്. ഡോ. അമ്മാൾ 1940 മുതൽ 1945 വരെ ജോൺ ഇൻസ് ഹോർട്ടിക്കൾച്ചർ ഇൻസ്റ്റിറ്റ്യൂട്ടിലെ കോശ ഗവേഷണ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. റോസാ ക്ളൈനോഫില്ലയുടെ പൂവിന് ഇളംമഞ്ഞ നിറമാണ്. ജാനകി അമ്മാൾ പൊതുവെ ഇളംമഞ്ഞ നിറമുള്ള സാരികളാണ് ഉടുത്തിരുന്നത്. ആ ഓർമ്മ കൂടി കണക്കിലെടുത്താണ് വെള്ളയും മഞ്ഞയും കലർന്ന നിറത്തിലുള്ള പുഷ്പം ഇവർ വികസിപ്പിച്ചെടുത്തത്. പുതിയ സങ്കരയിനം റോസാപുഷ്പത്തിന് ഇന്റർനാഷണൽ റോസ് രജിസ്ട്രേഷൻ അംഗീകാരം നൽകിയതിൽ വിരുവും ഗിരിജയും ആഹ്ളാദത്തിലാണ്. അർഹതയുണ്ടായിട്ടും, രാജ്യത്തിന് അമൂല്യമായ സംഭാവനകൾ നൽകിയിട്ടും ആരോരുമറിയാതെ ചരിത്രത്തിലേക്കു മറഞ്ഞ അമ്മാളിനുള്ള തങ്ങളുടെ ആദരപുഷ്പമാണ് ഈ റോസെന്നും വിരു - ഗിരിജ ദമ്പതികൾ പറയുന്നു.

അലഹബാദ് സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായിട്ടാണ് അമ്മാൾ സർവീസിൽ നിന്ന് വിരമിച്ചത്. 1977 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു.1984ൽ മരണമടഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FEATURE
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.