SignIn
Kerala Kaumudi Online
Sunday, 05 February 2023 3.15 AM IST

ലക്ഷ്യം ഗവർണറല്ല, പച്ചയായ അഴിമതി

photo

ലോകായുക്തയുടെ പല്ല് പറിച്ചുകഴിഞ്ഞു. ഇനിയിപ്പോൾ ചാൻസലറുടെ അധികാരം കൂടി കുറയ്ക്കുകയാണ്. ഇതിലൂടെ ഈ സർക്കാർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയമെന്താണ്? നിലവിലെ നിയമങ്ങൾ സർക്കാർ താത്‌പര്യങ്ങൾക്ക് വിരുദ്ധമാണെങ്കിൽ ആ നിയമംതന്നെ മാറ്റുമെന്നുളള ധിക്കാരപരമായ, ജനാധിപത്യവിരുദ്ധമായ, സമൂഹത്തിന് താങ്ങാൻ കഴിയാത്ത രാഷ്ട്രീയമാണിത് . ഇത് അധാർമ്മികമാണ്.

വൈസ് ചാൻസലറെ തീരുമാനിക്കാൻ 2018 ലെ യു.ജി.സി റെഗുലേഷൻ ഇങ്ങനെയാണ് 1 ) പത്തുവർഷം പ്രവർത്തന പരിചയമുള്ള പ്രൊഫസർ 2) സെർച്ച് കം സെലക്ഷൻ കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിയുണ്ടാകണം 3) ഈ കമ്മിറ്റി മൂന്ന് മുതൽ അഞ്ച് വരെയുള്ള പേരുകൾ ചാൻസിലർക്ക് നൽകണം . കേരള യൂണിവേഴ്സിറ്റി ആക്‌ടിലും പറയുന്നത് യു.ജി.സി.യുടെ ഒരു പ്രതിനിധി, ചാൻസലറുടെ ഒരു പ്രതിനിധി, യൂണിവേഴ്സിറ്റിയുടെ ഒരു പ്രതിനിധി എന്നിങ്ങനെ മൂന്ന് പ്രതിനിധികൾ സെർച്ച് കമ്മിറ്റിയിൽ ഉണ്ടാകണമെന്നാണ്. ഇപ്പോൾ കൊണ്ടുവന്ന ഭേദഗതിയിൽ ഇവരെക്കൂടാതെ സർക്കാരിന്റെ പ്രതിനിധി, ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ വൈസ് ചെയർമാൻ എന്നീ രണ്ടുപേരെ കൂടി നോമിനേറ്റ് ചെയ്യുകയാണ്. ഇതോടുകൂടി സെർച്ച് കമ്മിറ്റിക്ക് അഞ്ച് അംഗങ്ങളുണ്ടാകും. അത് നമുക്ക് മനസ്സിലാക്കാം; പക്ഷേ വിചിത്രമായ നടപടി അതല്ല. സെർച്ച് കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗീകരിക്കുന്ന പാനൽ മാത്രമേ ചാൻസലർക്ക് കൊടുക്കാവൂ എന്നതാണ്. രണ്ടുപേരെ നോമിനേറ്റ് ചെയ്യുന്നത് ഗൂഢമായ ഉദ്ദേശ്യത്തോടെയാണ്. ഇരിക്കാൻ പറയുമ്പോൾ കിടക്കുന്ന ആളുകളെ വൈസ് ചാൻസലർമാരാക്കാൻ വേണ്ടിയുള്ള നടപടിയാണിത്.


യു.ജി.സി.യുടെ പ്രതിനിധിയും ചാൻസലറുടെ പ്രതിനിധിയും നോക്കുകുത്തിയായി മാറുന്നു. നിഷ്പക്ഷവും നീതിപൂർവവുമായ നിലയിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ പവിത്രമായ പാരമ്പര്യമുയർത്തിപ്പിടിക്കുന്ന, അക്കാദമിക് ക്വാളിറ്റി നിലനിറുത്താൻ കഴിയുന്ന, മഹാന്മാരായ ആളുകളെ വൈസ് ചാൻസിലർമാരായി നിയമിക്കണമെന്നു പറയുന്ന പുതിയ സുപ്രീം കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ഭേദഗതിക്ക് നിയമപ്രാബല്യമില്ല.

കണ്ണൂർ വൈസ് ചാൻസിലറുടെ പുനർനിയമനത്തെക്കുറിച്ച് പറഞ്ഞല്ലോ? എന്തിനാണ് ഗവർണർ അവസാനം ഒപ്പിട്ടത്? എന്റെ നാട്ടുകാരനായതുകൊണ്ട് ഒപ്പിട്ടുതരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അല്ലാതെ അക്കാഡമിക് യോഗ്യതയുടേയോ പ്രാധാന്യത്തിന്റേയോ അടിസ്ഥാനത്തിൽ ഒപ്പിടണമെന്നല്ല, എന്റെ നാടാണ് കണ്ണൂർ അവിടെനിന്നും ഒരാൾ വരുന്നു, അതുകൊണ്ട് ഒപ്പിട്ടുതരണമെന്നാണ് പറഞ്ഞത്. അതാണോ യോഗ്യത?

ഈ നിയമനിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത് ഗവർണർ ആരിഫ് മുഹമ്മദ്ഖാനെയല്ല. ചാൻസലർ സ്ഥാനം ഒഴിഞ്ഞുകൊള്ളാമെന്ന് അദ്ദേഹം തന്നെ പറഞ്ഞല്ലോ. എന്തുകൊണ്ടാണ് ഗവർണറെ മാറ്റാത്തത്? ഞങ്ങൾക്ക് ഈ ഗവർണറോട് ഒരു താത്‌പര്യവുമില്ല. ഗവർണറെ പിൻവലിക്കണമെന്ന് ഈ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച മുൻ പ്രതിപക്ഷനേതാവാണ് ഞാൻ. നിങ്ങളുടെ ഇഷ്ടത്തിനൊത്ത് തുള്ളുമ്പോൾ ആരിഫ് മുഹമ്മദ് ഖാൻ മഹാൻ; നിങ്ങൾക്കെതിരായി നിൽക്കുമ്പോൾ അദ്ദേഹം നികൃഷ്ടൻ. ഈ നിലപാടാണ് നിങ്ങൾ സ്വീകരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് നിങ്ങൾ ഗവർണറുമായി ഒത്തുതീർപ്പുണ്ടാക്കും. നിങ്ങൾക്കതിന് ഇടനിലക്കാരുണ്ടാകും. ആ ഇടനിലക്കാരുടെ ഒത്തുതീർപ്പ് നടക്കാതെ പോയതിന് ഞങ്ങളുടെ തലയിൽ കയറിയിട്ട് കാര്യമുണ്ടോ?

നിങ്ങൾക്ക് നിഗൂഢമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. പുതിയ യു.ജി.സി. റെഗുലേഷൻ വന്നശേഷം ഒരു നിശ്ചിത റിസർച്ച് സ്‌കോർ ഉള്ളവരെ ഇന്റർവ്യൂവിന് ക്ഷണിക്കാനും ഇന്റർവ്യൂവിന്റെ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നടത്താനും കഴിയും. അത് അപകടകരമാണ്. ആരെ വേണമെങ്കിലും സർവകലാശാലകളിൽ നിയമിക്കാം. യോഗ്യതയൊന്നും ഒരു പ്രശ്നമല്ല. വി.സിക്ക് അദ്ധ്യാപക നിയമനത്തിനുണ്ടാകുന്ന അമിത സ്വാധീനമുപയോഗിച്ച് നിങ്ങൾക്ക് സർവകലാശാലകളിൽ ആരെയും നിയമിക്കാമെന്നുളള നിലയിൽ കാര്യങ്ങൾ വന്നിരിക്കുന്നു. അതിനുദാഹരണമാണ് പ്രിയ വർഗ്ഗീസിന്റെ നിയമനം. യോഗ്യതയല്ല, അക്കാഡമിക് മെരിറ്റല്ല, അതിനെല്ലാം ഉപരിയായി വി.സിക്ക് ഇഷ്ടമുണ്ടെങ്കിൽ ആരെയും നിയമിക്കാമെന്ന നിലയിലേക്ക് കാര്യങ്ങൾ വരികയാണ്.

കേരള യൂണിവേഴ്സിറ്റിയിൽ നോൺ ടീച്ചിംഗ് സ്റ്റാഫിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോൾ അന്നത്തെ യു.ഡി.എഫ്. ഗവൺമെന്റ് മുഴുവൻ നിയമനങ്ങളും പി.എസ്.സിക്ക് വിടാനുളള ധീരമായ തീരുമാനമെടുക്കുകയുണ്ടായി. സർവകലാശാലകളിലെ അദ്ധ്യാപക നിയമനം പി.എസ്.സിക്ക് വിട്ടുകൊടുക്കാൻ തയ്യാറുണ്ടോ? യൂണിവേഴ്സിറ്റികളിൽ രാഷ്ട്രീയമല്ലാതെ ഇപ്പോൾ മറ്റൊന്നുമില്ല. പരീക്ഷകൾ കൃത്യമായി നടക്കുന്നില്ല, സർട്ടിഫിക്കറ്റുകൾ കൃത്യമായി നൽകുന്നില്ല, പഠനം നടക്കുന്നില്ല, കരിക്കുലം പരിഷ്‌കരിക്കുന്നില്ല, മികച്ച അദ്ധ്യാപകരെയും മികച്ച ഗൈഡുകളെയും ലഭിക്കുന്നില്ല. ഇങ്ങനെ സർവകലാശാലകൾ കുത്തഴിഞ്ഞതായി മാറുകയാണ്.

കേരളത്തിൽ ലക്ഷക്കണക്കിന് ചെറുപ്പക്കാർക്ക് തൊഴിലില്ലാതെ വരുമ്പോഴും നേതാക്കന്മാരുടെ ബന്ധുക്കൾക്ക് തൊഴിൽ നൽകുന്നതിനെതിരെയുളള വികാരം ശക്തമാണ്. സി.പി.എമ്മുകാരല്ലാത്തവർക്ക് സർവകലാശാലകളിൽ നിയമനം ലഭിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞ പ്രാവശ്യം ഒത്തുതീർപ്പിലെത്തുന്നതിനു വേണ്ടി മുഖ്യമന്ത്രി മൂന്ന് കത്തുകളയച്ചു എന്നാണ് പറഞ്ഞത്. ചട്ടവിരുദ്ധമായി ഇനിയൊന്നും ചെയ്യില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്, അതുകൊണ്ട് ഒപ്പിടാമെന്ന് പറഞ്ഞാണ് അന്ന് ഗവർണർ ഒപ്പിട്ടത്. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി ചട്ടങ്ങളും നിയമങ്ങളും മാറ്റുകയാണ്. കാര്യങ്ങൾ എത്ര മനോഹരമായിരിക്കുന്നു!

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: UNIVERSITY BILL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.