SignIn
Kerala Kaumudi Online
Thursday, 25 April 2024 6.19 AM IST

ഊരുകളിൽ നിന്ന് അവർ ഉയരങ്ങളിലേക്ക്....

gipika-

നിരക്ഷരതയുടെയും പാർശ്വവൽക്കരണത്തിന്റെയുമെല്ലാം കാലങ്ങളെ അതിജീവിച്ച് കൊണ്ട് പട്ടികവർഗ്ഗ ഊരുകളിൽ നിന്ന് മുന്നേറ്റം തുടരുകയാണ്. ഏറ്റവുമൊടുവിൽ കേരളത്തിലെ പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ എയർ ഹോസ്റ്റസ് കൂടി പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കൊനൊരുങ്ങുകയാണ്. കണ്ണൂർ ആലക്കോട് ദാരപ്പൻകുന്ന് കോളനിയിലെ ഗോപിക ഗോവിന്ദാണ് മുംബെയിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ കാമ്പിൻ ക്രൂവിലേക്ക് പരിശീലനം നേടുന്നത്. ആദിവാസി ഊരുകളിലെ പുതുതലമുറയുടെ ലക്ഷ്യബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകം കൂടിയാണ് ഇത്തരം നേട്ടങ്ങൾ.

കണ്ണൂർ എസ്.എൻ കോളേജിൽ ബി.എസ്.സി കെമിസ്ട്രി പഠനം പൂർത്തിയാക്കിയ ഗോപിക സർക്കാരിന്റെ സ്‌കോളർഷിപ്പോടെ പട്ടികവർഗ വിഭാഗക്കാർക്ക് അയാട്ട എയർലൈൻസ് കസ്​റ്റമർ സർവീസ് കോഴ്‌സ് പഠിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തുകയായിരുന്നു. കൂലിപ്പണിക്കാരായ രക്ഷിതാക്കൾക്ക് ഉയർന്ന ഫീസ് നൽകി ഗോപികയെ പഠിപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നില്ല. എങ്കിലും തന്റെ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കാൻ അവൾ തയ്യാറായിരുന്നില്ല. ബി.എസ്.സി പഠനം പൂർത്തിയാക്കി രണ്ടുവർഷം കഴിഞ്ഞതിന് ശേഷമാണ് ഗോപിക സർക്കാരിന്റെ ഇത്തരമൊരു പദ്ധതിയെ കുറിച്ച് അറിഞ്ഞതും കോഴിസിന് ചേർന്നതും.

അങ്ങനെ ചെറുപ്പം മുതൽ ഗോപികയ്ക്കൊപ്പം കൂടിയ സ്വപ്നവും യാഥാത്ഥ്യമാവുകയാണ്. ആദിവാസി പിന്നാക്ക വിഭാഗങ്ങൾ സമൂഹത്തിന്റെ വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച് കൊണ്ട് സാക്ഷരതയുടേയും മാറ്റത്തിന്റെയും പുതിയ വാതിലുകൾ തുറക്കുകയാണിവിടെ.

പ്രാരാബ്ധങ്ങളെ പൊരുതി തോൽപ്പിച്ച് വയനാട് ജില്ലയിൽ നിന്നും ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ എെ.എ.എസുകാരി ശ്രീധന്യയും സമൂഹത്തിന് വലിയ പാഠമാണ് നൽകുന്നത്. മാറ്റി നിറുത്തപ്പെടേണ്ടവരോ അവഗണിക്കപ്പെടേണ്ടവരോ അല്ല ആദിവാസി പിന്നാക്ക വിഭാഗങ്ങൾ. വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ മേന്മകളെക്കുറിച്ചും വ്യക്തമായ ബോധം അദിവാസി ജനവിഭാഗങ്ങൾ നേടിയെടുത്തുകൊണ്ടിരിക്കുകയാണ്. തങ്ങൾക്കും ഈ സമൂഹത്തിൽ വ്യക്തമായ ഇടങ്ങളുണ്ടെന്നും എന്തെങ്കിലും ജോലിയെടുത്ത് കഴിഞ്ഞ് കൂടേണ്ടവരല്ലെന്നും ആദിവാസി പുതുതലമുറകൾ മനസ്സിലാക്കി കഴിഞ്ഞു.

വയനാട് ഇടിയംവയൽ കോളനിയിലെ സുരേഷിന്റെയും കമലയുടെയും മകൾ ശ്രീധന്യ 110 ാം റാങ്ക് നേടിയാണ് സിവിൽ സർവീസ് പട്ടികയിൽ ഇടം പിടിച്ചത്. കോഴിക്കോട് ദേവഗിരി കോളജിൽ നിന്നും സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ബിരുദാനന്തര

ബിരുദവും നേടി. പിന്നീട് വയനാട്ടിൽ രണ്ട് വർഷം ട്രൈബൽ പ്രൊമോട്ടറായി ജോലി ചെയ്തു. തന്റെ സഹജീവികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന ആഗ്രഹത്തോടെയാണ് പിന്നീട് സിവിൽ സർവീസ് പരിശീലനത്തിന് പോകുന്നത്. തിരുവന്തപുരം മണ്ണന്തലയിലെ സിവിൽ സർവീസ് അക്കാഡമിയിൽ സർക്കാർ സഹായത്തോടെയായിരുന്നു പഠനം.

അട്ടപ്പാടിയിൽ നിന്നുള്ള രാഹുൽ രാജ് ഡോക്ടർ രാഹുൽ രാജായി മാറിയതും നിരവധി കഷ്ടപ്പാടുകൾക്കും പ്രതിസന്ധികൾക്കും ഇടയിൽനിന്നുമാണ്. അട്ടപ്പാടി എെ.ടി.ഡി.പിയാണ് രാഹുൽ രാജിനെ മെഡിക്കൽ എൻട്രൻസ് കോച്ചിംഗിന് അയയ്‌ക്കുന്നത്. ക‌ർഷകനായ ദ്വരൈരാജിന്റെയും അംഗണവാടി അദ്ധ്യാപികയായ വിജയലക്ഷ്മിയുടെയും മകനാണ്. ചെറിയ വരുമാനത്തിൽ വീട്ടുചെലവും പഠനവുമെല്ലാം മുന്നോട്ട് പോകാൻ ഏറെ പ്രയാസപ്പെട്ടെങ്കിലും ലക്ഷ്യത്തിലേക്കെത്തണമെന്ന ദൃഢനിശ്ചയമാണ് രാഹുലിനെ മുന്നോട്ട് നയിച്ചത്.

അട്ടപ്പാടിയിലെ തന്നെ പുരൂർ പഞ്ചായത്തിലെ ഉരുള വിഭാഗത്തിൽപ്പെട്ട അയ്യപ്പന്റെയും ജാനകിയുടെയും മകൾ ഡി.എ.അനുജ ഇന്നൊരു വെറ്ററിനറി ഡോക്ടറാണ്. അനുജയ്ക്ക് പറയാനുള്ളതും വെല്ലുവിളികളുടെയും കഷ്‌ടപ്പാടുകളുടെയും കഥകളാണ്. പ്രാഥമിക വിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങാതെ ഉന്നത വിദ്യഭ്യാസത്തിലേക്ക് കൂടി ചുവടുകളുറപ്പിക്കുകയാണ് കേരളത്തിലെ ആദിവാസി ജനവിഭാഗം. ശ്രീധന്യയും ഗോപികയും രാഹുൽ രാജുമെല്ലാം ഒറ്റപ്പെട്ട ഉൗരുകൾക്കൊരു പ്രചോദനം കൂടിയാവുന്നു.

സിനിമ, സൗണ്ട് എൻജിനീയറിംഗ്, ട്രാവൽ ആന്റ് ടൂറിസം, ഫിറ്റ്നസ് മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ജേ‌ർണലിസം, സോഷ്യൽവർക്ക്, സോഷ്യോളജി ,പൊളിറ്റക്കൽ സയൻസ് ,കെമിസ്ട്രി എന്നിവയെല്ലാം കേരളത്തിലെ വിവിധ ഭാഗങ്ങളിലെ ആദിവാസി വിഭാഗത്തിലെ കുട്ടികൾ കഴിഞ്ഞ വർഷങ്ങളിൽ തിരഞ്ഞെടുത്ത വിഷയങ്ങളാണ്. ഇതൊക്കെത്തന്നെ ഊരുകളുടെ മാറ്റത്തിന്റെ ശുഭ സൂചനകളാണ്. എങ്കിലും ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് കൂടുതൽ അറിവില്ലാത്ത ഒരു വിഭാഗം ആളുകളും വിഭാഗത്തിലുണ്ട്. അത്തരത്തിലുള്ളവരെ കൂടി ഉന്നത വിദ്യാഭ്യാസത്തിന്റെ പടികൾ കയറ്റേണ്ടതുണ്ട്.

പഠനം പാതിവഴിയിൽ

ആകുന്നവരും

ഇന്ന് ആദിവാസി മേഖലയിൽ 80 ശതമാനം വിദ്യാർത്ഥികൾ വിദ്യാലയങ്ങളിലേക്ക് കടന്നു വരുന്നുണ്ടെങ്കിലും 20 ശതമാനം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം പാതിവഴിയിലാകുന്ന അവസ്ഥയിലാണ്. പ്രാഥമിക വിദ്യാഭ്യാസം നേടിയവർക്ക് തുടർപഠനത്തിനുള്ള സാദ്ധ്യതകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ഉന്നത വിദ്യാഭ്യാസത്തിലേക്ക് അവരെ കൈപിടിച്ചുയർത്താനും സർക്കാ‌ർ കൂടുതൽ ഇടപെടേണ്ടതുണ്ട്. സംസ്ഥാന സാക്ഷരത മിഷനും ഏകാദ്ധ്യാപക വിദ്യാഭ്യാസ സംവിധാനങ്ങളും പത്താം ക്ലാസ് തുല്യതാ പരീക്ഷയും കേരളത്തിലെ ആദിവാസി കോളനികളിലേക്കെത്തപ്പെട്ടിട്ടുണ്ട്. അടിസ്ഥാന വിദ്യാഭ്യാസം എല്ലാ വിദ്യാർത്ഥികളിലേക്കും എത്തിക്കുന്നതു വഴി സാധാരണക്കാരായ ആദിവാസി വിദ്യാർത്ഥികളുടെ ഉയർച്ചയാണ് സ‌ർക്കാ‌ർ ലക്ഷ്യമിട്ടിരുന്നത്. സർക്കാർ സ്‌കൂളുകളിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമായ പഠനോപകരണങ്ങളും വിദ്യാഭ്യാസത്തിനാവശ്യമായ ഗ്രാന്റും നൽകി അവരെ സ്‌കൂളുകളിലേക്ക് എത്തിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വിദ്യാഭ്യാസവകുപ്പുകൾ രൂപീകരിച്ചിട്ടുണ്ട്.

എങ്കിലും പ്ലസ് ടു കഴിഞ്ഞവർക്ക് തുടർപഠനത്തിന് സ്ഥാപനങ്ങളോ സീറ്റുകളോ സൗകര്യങ്ങളോ ഇല്ലാത്ത അവസ്ഥയും ധാരാളമുണ്ട്.ചിലർ ഇത്തരം പ്രശ്നങ്ങളോട് പൊരുതി മുന്നോട്ട് പോകുമ്പോൾ പ്രതികരിക്കാൻ കഴിയാതെ ഒതുങ്ങി പോകുന്നവരും ഏറെയാണ്. ഉന്നത വിദ്യാഭ്യാസത്തിലേക്ക് കടന്നവർക്ക് ഹോസ്റ്റൽ ഫീസിന്റെയും മറ്റും പേരിൽ പഠിത്തം പാതിവഴിയിൽ ഉപേക്ഷിക്കേണ്ട ഗതികേട്. ഇത്തരം ഘട്ടങ്ങളിൽ സർക്കാർ സഹായമില്ലാതെ ഇവർക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് വസ്തുത.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOPIKA GOVIND
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.