തിരുവനന്തപുരം:ഗാർഹിക ഉപയോക്താക്കൾക്ക് സബ്സിഡിയോടെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിൽ വൻ മുന്നേറ്റം നടത്തിയ കേരളത്തിന്റെ മാതൃക തേടി മറ്റു സംസ്ഥാനങ്ങളും .പുനരുപയോഗ വൈദ്യുതി സംബന്ധിച്ച് ഡൽഹിയിൽ ഇന്നലെ നടന്ന ദേശീയ ശിൽപശാലയിൽ കേരളത്തിലെ പുരപ്പുറ സോളാർ പദ്ധതി അവതരിപ്പിച്ചപ്പോഴാണ് അന്യ സംസ്ഥാനങ്ങളിൽ നിന്ന് അന്വേഷണങ്ങളുണ്ടായത്.
സംസ്ഥാനത്ത് കുഴൽമന്ദത്ത് 18 വീടുകളിൽ നാലു കിലോവാട്ട് ശേഷിയുള്ള പുരപ്പുറ പ്ലാന്റുകൾ സ്ഥാപിച്ചത് ദേശീയ ശ്രദ്ധ നേടിയിരുന്നു.ഈ മോഡൽ കെ.എസ്.ഇ.ബിയുടെ സൗര നോഡൽ ഓഫീസർ നൗഷാദ് അവതരിപ്പിച്ചു. 40 ശതമാനം എം.എൻ.ആർ. സബ്സിഡിയും, ബാക്കി തുക തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നും മുടക്കിയാണ് കുഴൽമന്ദത്ത് പട്ടികജാതി,വർഗ്ഗ കോളനിയിലെ പതിനെട്ട് വീടുകളിൽ സൗജന്യമായി സോളാർ സ്ഥാപിച്ചത്. എട്ടു യൂണിറ്റ് വൈദ്യുതിയാണ് ഇതിൽ നിന്ന്
ഓരോ വീടുകളിലും ലഭിക്കുന്നത്. ഇതിൽ നാലു യൂണിറ്റിന്റെ ഉപഭോഗമാണ് ശരാശരി
വേണ്ടി വരുന്നത്. ബാക്കി നാലു യൂണിറ്റ് കെ.എസ്.ഇ.ബി മൂന്നു രൂപ 22 പൈസ നിരക്കിൽ വാങ്ങി പണം വീട്ടുടമകൾക്ക് നൽകും.വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള വൈദ്യുതി വകുപ്പ് അധികാരികൾ ഏറെ താത്പര്യത്തോടെയാണ്
ഇത് കേട്ടത്.
പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയുന്നതിന് മറ്റു സംസ്ഥാനങ്ങളിലെ പ്രതിനിധികളേയും ചേർത്ത് വീഡിയോ കോൺഫറൻസ് വേണമെന്ന് വർക്ക് ഷോപ്പിൽ പങ്കെടുത്ത പ്രതിനിധികൾ ആവശ്യപ്പെട്ടു. പുറപ്പുര, ഭൗമോപരിതല, ഫ്‌ളോട്ടിംഗ് സോളാർ എന്നിവ വഴി സംസ്ഥാനം 604 മെഗാവാട്ട് സൗരോർജ ശേഷിയാണ് സ്വന്തമാക്കിയത്. സംസ്ഥാനത്തെ പുറപ്പുര സോളാർ പ്ലാന്റുകളുടെ മാത്രം സ്ഥാപിത ശേഷി 328.77 മെഗാവാട്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |