തിരുവനന്തപുരം:മന്ത്രിയായതിനെ തുടർന്ന് എം.ബി.രാജേഷ് രാജി വച്ച ഒഴിവിലേക്ക് 12ന് നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം അൻവർ സാദത്താണ് പ്രതിപക്ഷ സ്ഥാനാർത്ഥിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. ആലുവയിൽ നിന്നുള്ള നിയമസഭാംഗമാണ് അൻവർ സാദത്ത്. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗവും,തലശ്ശേരി എം.എൽ.എയുമായ എ.എൻ.ഷംസീറാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.
നിയമസഭയിൽ ഇടതുമുന്നണിക്ക് 99ഉം ,യു.ഡി.എഫിന് 41 ഉം അംഗങ്ങളാണ് ഉള്ളതെന്നിരിക്കെ, എ.എൻ.ഷംസീറിന് ജയം ഉറപ്പാണ്. തിരഞ്ഞെടുപ്പ് ഐക്യകണ്ഠേനയല്ലെന്ന സന്ദേശം നൽകാനാണ് പ്രതിപക്ഷം സ്ഥാനാർത്ഥിയെ
നിറുത്തുന്നത്.
പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിന് 12ന് രാവിലെ പത്തിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ നിയമസഭ ചേരും.സ്ഥാനാർത്ഥികൾക്ക് സെപ്തംബർ 11വരെ പത്രിക നൽകാം. രഹസ്യ ബാലറ്റിലൂടെയാവും വോട്ടെടുപ്പ്. തുടർന്നു വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. പുതിയ സ്പീക്കറുടെ പ്രസംഗത്തിനു ശേഷം സഭ പിരിയും.2021ൽ എം.ബി.രാജേഷ് സ്പീക്കറായി മത്സരിച്ചപ്പോൾ ,പി.സി.വിഷ്ണുനാഥായിരുന്നു പ്രതിപക്ഷ സ്ഥാനാർത്ഥി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |