മദ്യം - മയക്കുമരുന്ന് വിപത്തുകളിൽ നിന്ന് പുതുതലമുറയെ എങ്ങനെയും രക്ഷിക്കേണ്ടിയിരിക്കുന്നു. ഇതിന് സംസ്ഥാന ഗവൺമെന്റ് തയാറാക്കിയ പുതിയ പദ്ധതിയായ വിമുക്തി മിഷനിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് കേരളം. സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി ചെയർമാനും അഡിഷണൽ ചീഫ് സെക്രട്ടറി മാരപാണ്ഡ്യൻ കൺവീനറുമായ വിമുക്തി മിഷന്റെ ലക്ഷ്യം മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയ്ക്കെതിരെ ബോധവത്കരണം നടത്തി പുതിയ തലമുറയെ രക്ഷിക്കുക എന്നതാണ്. മന്ത്രിമാർ, ഉദ്യോഗസ്ഥർ, മദ്യവർജന പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ എന്നിവർ അംഗങ്ങളാണ്. ജില്ല, മണ്ഡലം, പഞ്ചായത്ത്, വാർഡ് തലങ്ങളിൽ വരെ വിവിധ കമ്മിറ്റികൾ നിലവിൽ വരുന്ന രീതിയിലാണ് പ്രവർത്തനം. ഓരോ ജില്ലയിലും ഓരോ മന്ത്രിമാർക്കാണ് ചുമതല. ലഹരിക്കും മദ്യത്തിനും അടിമയായവർക്ക് ചികിത്സ നൽകാനും പുനരധിവസിപ്പിക്കുന്നതിനുമുള്ള സംവിധാനവും പദ്ധതിയിലുണ്ടാകും.
മയക്കുമരുന്നിന്റെ വ്യാപനം തടയാൻ സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസികളും യോജിച്ചുള്ള ആന്റി നാർക്കോട്ടിക് അന്തർ സംസ്ഥാന ഏകോപനസമിതി യോഗം കൂടി നോഡൽ ഓഫീസർമാരെ നിയമിക്കും. നൂറ് ഗ്രാം മയക്കുമരുന്ന് കൈവശം വച്ചാലും ജാമ്യമില്ലാ വകുപ്പു ചുമത്തുന്നതിന് നിയമത്തിൽ ഭേദഗതി വരുത്താൻ യോഗം കേന്ദ്രത്തിന് ശുപാർശ നൽകും. ട്രെയിനുകളിൽ റെയിൽവേ പൊലീസും ആർ.പി.എഫും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും സംയുക്ത പരിശോധന നടത്തും. കഞ്ചാവിനൊപ്പം മയക്കുമരുന്നുകൾ കണ്ടെത്താൻ പ്രത്യേക പരിശീലനം നേടിയ നായ്ക്കളെ ഉപയോഗിക്കും. ഇതര സംസ്ഥാനങ്ങളിൽ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്നവരുടെ നാട്ടിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടും. ഇത്തരം പ്രഖ്യാപനങ്ങൾ നിലനിൽക്കെയാണ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നത്.
എക്സൈസ് വകുപ്പിന് പരാധീനതകൾ മാത്രം
എക്സസൈസ് വകുപ്പിൽ ഇന്നും 1968ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള ജീവനക്കാരേയുള്ളൂ. പൊലീസ് സേനയുമായി തട്ടിച്ച് നോക്കിയാൽ സ്റ്റേഷനുകളുടെയും ജീവനക്കാരുടെയും എണ്ണം നാലിലൊന്നേ വരൂ. പ്രതികളെയോ തൊണ്ടി മുതലോ സൂക്ഷിക്കാനുള്ള സൗകര്യമില്ല. സർക്കിൾ ഇൻസ്പെക്ടർ മുതൽ മുകളിലേക്ക് മാത്രമേ തോക്ക് ഉപയോഗിക്കാൻ അനുവാദമുള്ളൂ. കഞ്ചാവ് - ലഹരി മരുന്ന് മാഫിയയ്ക്കെതിരെ പോരാടുന്ന ഭൂരിപക്ഷം ജീവനക്കാരുടെ കൈയ്യിലുള്ളത് ലാത്തിയാണ്. 250 വനിതകളെ പുതുതായി തിരഞ്ഞെടുത്തിട്ടുണ്ട്. പാറാവ് ജോലിയ്ക്കല്ലാതെ മാഫിയയെ നേരിടാൻ ഇവരെ ഉപയോഗിക്കാനാവില്ല .
മാഫിയാ കേന്ദ്രം തമിഴ്നാട്
യാതൊരു സുരക്ഷിതത്വവുമില്ലാതെ ജീവഭയത്തോടെ എങ്ങനെ വൻ മാഫിയകളെ തേടി പോകുമെന്ന ഫീൽഡിലുള്ളവരുടെ ചോദ്യത്തിന് മറുപടിയില്ല. മാഫിയ ലഹരിയുടെ പുതിയ സങ്കേതങ്ങൾ തേടുമ്പോൾ അതിനൊപ്പം നീങ്ങാൻ എക്സൈസ് വകുപ്പിന് കഴിയുന്നില്ല. കള്ളിൽ ലഹരി കൂട്ടാൻ നേരത്തേ സ്പിരിറ്റ് കലർത്തിയിരുന്നത് മാറ്റി ഡയസപ്പോം ആയി. പല ജില്ലകളിലും കഞ്ചാവ് കിഴികെട്ടി കള്ളിന്റെ ലഹരി കൂട്ടുന്നത് കണ്ടെത്തിയിട്ടും നിയന്ത്രിക്കാൻ കഴിയുന്നില്ല. പുതിയ പുതിയ ലഹരി മരുന്നുകൾ വിപണിയിലെത്തുമ്പോൾ എക്സൈസ് ജീവനക്കാർ അതേക്കുറിച്ച് അജ്ഞരാണ്. ഡിജെ പാർട്ടികളിൽ അടക്കം ഉപയോഗിക്കുന്ന മയക്കുമരുന്നുകൾ തിരിച്ചറിയാൻ കഴിയുന്നില്ല. ഇത് സംബന്ധിച്ച ക്ലാസുകളോ ബോധവത്കരണമോ ജീവനക്കാർക്ക് ലഭിക്കാറില്ല. മയക്കുമരുന്ന് മാഫിയയുമായുള്ള ഓട്ടത്തിൽ വളരെ പിറകിലാണ് നമ്മുടെ എക്സൈസ് വകുപ്പെന്ന് പറയാം.
കണ്ടാൽ കറുത്തുരുണ്ട് നിഷ്കളങ്കനായ പെൻസിൽ. ബോക്സിൽ വച്ചാൽ മിടുമിടുക്കനായിരിക്കും. പക്ഷേ, തീകൊളുത്തിയാലോ അത്യുഗ്രൻ ലഹരി. വിദ്യാർത്ഥികളെ ലഹരിക്ക് അടിമയാക്കാൻ വിദേശത്തു നിന്നും എത്തിച്ച വീര്യം കൂടിയ സിഗരറ്റുകൾ സമീപകാലത്ത് കോട്ടയത്തെ കടകളിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു. വിവിധ ഫ്ളേവറുകളോടു കൂടിയ പുകയില ഉത്പന്നങ്ങൾ കണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് കണ്ണുതള്ളാനേ കഴിഞ്ഞുള്ളു. പുതിയ പുതിയ ലഹരി ഉത്പ്പന്നങ്ങൾ വിദേശത്തും അന്യസംസ്ഥാനങ്ങളിലും കേരളത്തിലും ഉത്പാദിപ്പിച്ച് വിപണിയിൽ വ്യാപകമാകുമ്പോഴും പുതിയ കാഴ്ചകൾ കാണുന്ന കുട്ടിയുടെ അവസ്ഥയിലാണ് എക്സൈസ് വകുപ്പ് നിൽക്കുന്നത്.
മുൻകരുതലെടുക്കാം
യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിടുന്ന ലഹരി മാഫിയ വരുംതലമുറയുടെ ഭാവിയെ കരിച്ചു കളയുകയാണ്. ഇതിനെതിരെ ശക്തമായ മുൻകരുതലുകളും പ്രതിരോധമാർഗങ്ങളും സ്വീകരിച്ചേ മതിയാകൂ. രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും സർക്കാരിനും പുറമേ സമൂഹമാകെ ഈ യജ്ഞത്തിൽ അണിചേരുക.
ചില കരുതൽ നിർദേശങ്ങൾ :
മികച്ച കുടുംബാന്തരീക്ഷം ഉറപ്പാക്കുക.
മാതാപിതാക്കൾക്കും കുട്ടികൾക്കുമിടയിൽ സൗഹാർദ്ദപൂർവമായ ബന്ധം ഉറപ്പാക്കുക
വീട്ടിൽ തുറന്ന സംസാരത്തിനുള്ള അവസരം ഒരുക്കുക.
ആരോഗ്യകരമായ സൗഹൃദങ്ങൾ വളർത്തിയെടുക്കാനുള്ള പ്രേരണ മക്കൾക്ക് നൽകുക.
അപരിചിതരുമായുള്ള സൗഹൃദങ്ങൾ മക്കൾ അറിയാതെ നിരീക്ഷിക്കണം. കൃത്യസമയത്ത് ഇടപെടലുകളും ഉണ്ടാവണം.
കുട്ടിയുടെ സ്വഭാവരീതിയിലോ പെരുമാറ്റത്തിലോ എന്തെങ്കിലും സംശയം തോന്നിയാൽ അവരറിയാതെ ശ്രദ്ധിക്കുക.
അസ്വാഭാവികമായ പെരുമാറ്റമുള്ളപ്പോൾ മനോരോഗ വിദഗ്ധനെ കാണുക.
വിദ്യാഭ്യാസകാര്യങ്ങളിൽ കുട്ടികളുടെ അഭിരുചിയ്ക്ക് മുൻതൂക്കം നൽകുക. വിരസമായ പഠനകാലം കുട്ടികളെ ലഹരിയിലേക്ക് നയിച്ചേക്കാം.
ചെറുപ്പത്തിലേ തന്നെ കുട്ടികളിലെ ക്രിയാത്മക വാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക. ഇത്തരം കുട്ടികൾ തെറ്രായ വഴികളിലേക്ക് നയിക്കപ്പെടില്ല.
ശരിയല്ലാത്ത കാര്യങ്ങളോട് നോ പറയാനുള്ള കരുത്ത് അവർക്ക് നൽകുക.
സ്കൂൾ- കോളേജ് കുട്ടികളെ നിരീക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂടി ചുമതലയാണ്. സംശയാസ്പദമായ സാഹചര്യത്തിൽ കുട്ടികളെ കണ്ടാൽ അപ്പോൾത്തന്നെ പൊലീസിൽ അറിയിക്കുക.
സ്കൂളുകളിലും കോളേജുകളിലും മാസത്തിൽ ഒരിക്കലെങ്കിലും ലഹരി ബോധവത്കരണ ക്ളാസ് സംഘടിപ്പിക്കുക, കുട്ടികൾ പ്രധാന ചുമതലക്കാരായ ലഹരി വിരുദ്ധ ഗ്രൂപ്പുകൾ ഉണ്ടാക്കുക.
(അവസാനിച്ചു)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |