SignIn
Kerala Kaumudi Online
Tuesday, 31 January 2023 4.13 PM IST

നവസിനിമയുടെ ശ്വാസം നിലച്ചു

godard

സിനിമയിൽ വഴിത്തിരിവുകൾ സൃഷ്ടിച്ച മഹാരഥന്മാരിൽ ഒരാളാണ് ഴാംങ് ലുക് ഗൊദാർദ്. അദ്ദേഹത്തിന്റെ വരവുതന്നെ വിപ്ലവകരമായിരുന്നു. മറ്റ് സംവിധായകന്മാരിൽനിന്ന് വ്യത്യസ്തമായി എല്ലാറ്റിനെയും ചോദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് വന്നത്. കാൻ ഫിലിം ഫെസ്റ്റിവലിൽ വഴക്കിട്ടുപോയ ഗൊദാർദ് തൊട്ടടുത്തവർഷം തന്റെ സിനിമയുമായി വീണ്ടും അവിടെയെത്തിയത് തന്റെ പ്രതിഭയിൽ അത്രമേൽ ആത്മവിശ്വാസം ഉള്ളതുകൊണ്ടായിരുന്നു. തുടക്കം മുതൽ സഞ്ചരിക്കുന്ന പാതകളിൽ നിന്നെല്ലാം മാറി തന്റേതായ പാതകളിലൂടെ നീങ്ങണമെന്ന വ്യഗ്രത അദ്ദേഹത്തിനുണ്ടായിരുന്നു.

അക്കാലത്ത് പാരീസിലെ ആർക്കൈവ്സിൽ നിന്ന് നിരന്തരമായി സിനിമകൾ കാണുകയും മികച്ച ചരിത്രബോധം ആർജ്ജിക്കുകയും ചെയ്തുകൊണ്ടാണ് ഗൊദാർദ് സംവിധാനരംഗത്തേക്ക് വരുന്നത്. കുറെ സുഹൃത്തുക്കളുമൊത്തായിരുന്നു ആ വരവ്.. എഴുത്തുകാരൻ കൂടിയായിരുന്നു അദ്ദേഹം. സിനിമാ നിരൂപകൻ എന്ന നിലയിൽ നിന്നാണ് അദ്ദേഹം സംവിധായകനായി വരുന്നത്. നിരൂപകനായിരുന്നപ്പോൾ എല്ലാവരെയും അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്. ഏറ്റവും രൂക്ഷമായി വിമർശിച്ചിട്ടുമുണ്ട്. ആന്ദ്രെ ബാസിൻ ചുക്കാൻ പിടിച്ച കഹേദു സിനിമ എന്ന പ്രസിദ്ധീകരണം അവർക്കെല്ലാം എഴുതി പഠിക്കാനും സിനിമയിലേക്ക് വഴി തുറക്കാനുമുള്ള ഒരു ഉപാധിയായി മാറി. അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ വളരെ പ്രകോപനപരമായിരുന്നു. വിഖ്യാത സ്വീഡിഷ് ചലച്ചിത്രസംവിധായകനായ ഇംഗ്‌മർ ബെർഗ്‌മാനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ' ഞാൻ ഒരു ഇൻഗ്രിഡ് ബർഗ്‌മാനെ (പ്രശസ്ത സ്വീഡിഷ് ചലച്ചിത്ര നടി ) കിട്ടാൻ 10 ഇംഗ്‌മർ ബർഗമാനെ വിട്ടുകൊടുക്കാമെന്നായിരുന്നു. അവരുടെ ഏറ്റവും വലിയ സംവിധായകനായ റോബർട്ട് ബ്രസോണിനെ മുൻനിറുത്തി മിസോഗുച്ചി എന്ന ജാപ്പനീസ് സംവിധായകനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഈ ബ്രസോൺ മൂന്ന് വർഷമെടുത്ത് ചെയ്യുന്ന ഒരു ചിത്രം മൂന്ന് മാസം കൊണ്ട് മിസോഗുച്ചി ചെയ്യും , അതേ കലാപൂർണ്ണതയും ധ്വനിഭംഗിയോടെയും എന്നായിരുന്നു. ഇത്തരത്തിൽ ഓരോ സംവിധായകനെക്കുറിച്ചും വ്യത്യസ്‌തമായ അഭിപ്രായം പുലർത്തുകയും അത്തരത്തിലുള്ള വിലയിരുത്തലുകൾ കൊണ്ട് ചില പ്രകോപനങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട് ഗൊദാർദ്.

ഇതേ പ്രകോപന സ്വഭാവം അദ്ദേഹത്തിന്റെ ചിത്രങ്ങളിലുണ്ട്. ആദ്യ ചിത്രമായ ബ്രെത്ത്ലെസ് ൽ അദ്ദേഹം അന്ന് വെറും കമേഴ്സ്യൽ ആയിരുന്ന ഹോളിവു‌ഡ് സിനിമയെ വളരെ മനോഹരമായി അപനിർമ്മിക്കുന്നതായി കാണാം. ഹോളിവുഡ് സിനിമകളുടെ ഒരു പാരഡിയാണ് അദ്ദേഹം സൃഷ്ടിച്ചത്. എന്നാൽ സ്വന്തം നിലയ്ക്ക് അതിനൊരു അസ്ഥിത്വവുമുണ്ട്. അത്തരത്തിൽ വളരെ വ്യത്യസ്തമായൊരു ആഖ്യാനരീതി അദ്ദേഹം തുടക്കം മുതൽ കൈക്കൊണ്ടിരുന്നു. ബ്രെത്ത്ലെസ് ലോകത്തിനു മുന്നിൽ ഗൊദാർദ് എന്ന ചലച്ചിത്രകാരനെ പ്രതിഷ്‌ഠിക്കുകയായിരുന്നു.

രണ്ടുവർഷം മുൻപാണ് ഐ.എഫ്.എഫ്.കെ യിൽ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ഗൊദാർദിന് കൊടുത്തത്. പക്ഷേ കൊവിഡ് കാരണം അദ്ദേഹത്തിന് നേരിട്ടെത്താൻ കഴിഞ്ഞില്ല. നമ്മുടെ നാട്ടിൽ ധാരാളം ആളുകൾ അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചിരുന്നു. കൊവിഡിന്റെ കാലഘട്ടമല്ലെങ്കിൽ പോലും ഗൊദാർദിന് നേരിട്ടെത്താൻ കഴിയുമോ എന്ന് സംശയമായിരുന്നു. എങ്കിലും അവാർഡ് ലിസ്റ്റിൽ അദ്ദേഹം വന്നത് ഐ.എഫ്.എഫ്.കെ യുടെ വലിയനേട്ടമാണ്. ഗൊദാർദിനെ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ രസകരമായ അനുഭവം നൽകുന്ന ചിത്രമാണ് മിഷേൽ ഹസാനാവിഷ്യസിന്റെ റീ ഡൗട്ടബിൾ. ആ ചിത്രത്തിൽ ഗൊദാർദിന്റെ ജീവിതത്തിലെ ഒരു വർഷമാണ് അവതരിപ്പിച്ചത്. വളരെ സത്യസന്ധമായൊരു അവതരണമാണത്. ആരാധകർക്ക് ഇഷ്ടപ്പെടാത്ത രീതിയിലുള്ള രംഗങ്ങളും അതിലുണ്ട്. വ്യക്തിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പരിമിതികളും ദൗ‌ർബല്യങ്ങളെല്ലാം ചിത്രം പറയുന്നുണ്ട്.

മറ്റ് സംവിധായകന്മാരിൽ നിന്ന് വ്യത്യസ്തമായി സ്വയം നവീകരിക്കുന്ന ഒരാളാണ് ഗൊദാർദ്. പുതിയ ചലനങ്ങളെല്ലാം ശ്രദ്ധിക്കുകയും ആവശ്യമായതെല്ലാം സ്വാംശീകരിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ ചിത്രങ്ങളിൽ പലതും കമേഴ്സ്യലായിട്ടും വിജയമായപ്പോഴും ആ പാതയിൽ പോകാനല്ല പിന്നീട് അദ്ദേഹം ഉദ്ദേശിച്ചത്. 16 എം.എമ്മിലൊക്കെ സമകാലീന രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ എടുക്കുകയായിരുന്നു. അങ്ങനെ തനിക്ക് പറയാനുള്ളത് വ്യത്യസ്‌തമായ രീതിയിൽ പറയാൻ എല്ലാക്കാലത്തും അദ്ദേഹം ശ്രമിച്ചു. ത്രീ‌‌ഡി വന്ന കാലത്ത് അതിലും പരീക്ഷണങ്ങൾ നടത്തി. പുതിയ ചലനങ്ങളെ ശ്രദ്ധയോടെ പിന്തുടരാനും തന്റെ ചലച്ചിത്ര കലയിൽ ഉൾച്ചേർക്കാനും അദ്ദേഹം നിഷ്കർഷ പുലർത്തി. അത് അവസാന ചിത്രങ്ങളിലൊക്കെത്തന്നെ നമുക്ക് കാണാനാവും.

(പ്രശസ്ത ചലച്ചിത്ര നിരൂപകനാണ് ലേഖകൻ)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GODARD
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.