SignIn
Kerala Kaumudi Online
Thursday, 25 April 2024 12.45 PM IST

നീതി നീട്ടിവയ്‌ക്കരുത് ; ഇവരും മനുഷ്യരാണ്

photo

സംസ്ഥാനത്തെ ജയിലുകളിൽ വിചാരണത്തടവുകാർ നിറയുകയാണ്. ഇതെങ്ങനെ ഒരു സാമൂഹിക വിഷയമായി പരിഗണിക്കാമെന്ന് ചോദിച്ചാൽ ഏതെങ്കിലും ഒരു കേസിന്റെ അറസ്‌റ്റു മുതൽ ഇഴകീറി പരിശോധിക്കേണ്ടി വരും. വിചാരണ കൂടാതെ പത്തും പതിനഞ്ചും വർഷം ജയിൽ ജീവിതം നയിച്ചശേഷം ഒരു സുപ്രഭാതത്തിൽ നിരപരാധിയെന്ന് പറഞ്ഞ് ഒരാളെ വിട്ടയയ്‌ക്കുമ്പോൾ ജീവിതത്തിന്റെ നല്ലൊരു ഭാഗം ഹോമിക്കപ്പെട്ടിരിക്കും. ഈ‌ നടപടിയേയും രീതിയെയും നിസാരമായി കാണരുത്. ഒരാൾക്ക് നീതി നിഷേധിക്കുന്നതിനപ്പുറം മാനുഷിക പരിഗണന പാേലും ലഭിക്കുന്നില്ലെന്ന വസ്‌തുതയാണ് ഇവിടെ നിഴലിക്കുന്നത്. ഒരാൾ കേസിൽ പ്രതിചേർക്കപ്പെട്ടാൽ കുറ്റവാളിയാകുന്നില്ല. അയാൾ സംശയത്തിന്റെ നിഴലിലാണ്. അയാൾ ചെയ്‌ത കുറ്റങ്ങൾ പരിശോധിച്ച് അത് കോടതിക്ക് ബോദ്ധ്യമാകുമ്പോഴാണ് ശിക്ഷിക്കപ്പെടുന്നത്. വിചാരണ വൈകുന്നതിന്റെ പേരിൽ ഒരാളെ വർഷങ്ങളോളം തടവറയിൽ അടിച്ചിടുന്നതാണ് ഇവിടുത്തെ സാമൂഹിക പ്രശ്‌നവും മനുഷ്യാവകാശ ലംഘനവും.

വർഷങ്ങളായി വിചാരണത്തടവുകാരായി കഴിയുന്നവരെ എന്തുകൊണ്ട് മോചിപ്പിച്ചു കൂടെന്ന് രാജ്യത്തെ പരമോന്നത കോടതി ഉൾപ്പെടെ വിവിധ കോടതികൾ നിരവധി തവണ ചോദിച്ചു കഴിഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ചേർന്നുള്ള ഒരു തീരുമാനമുണ്ടാകാത്തതാണ് നിലവിലെ പ്രശ്‌നം.

2020 ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന 59 ശതമാനം പേരും വിചാരണത്തടവുകാരാണ്. ഇതിനൊരു പരിഹാരം തടവിലാക്കിയ കാലം പരിഗണിച്ച് വേഗത്തിൽ വിചാരണ പൂർത്തിയാക്കുക എന്നുള്ളതാണ്.

വിചാരണ നീളാൻ കാരണം

പ്രതികളല്ലെങ്കിൽ ജാമ്യം നൽകുന്നത് പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു. ഈ വിഷയം യഥാർത്ഥത്തിൽ ലീഗൽ സർവീസസ് അതോറിട്ടി ഗൗരവമായി പരിഗണിക്കണം. വിചാരണത്തടവുകാരുടെ പുനരധിവാസ കാര്യത്തിലും പ്രത്യേക ശ്രദ്ധയുണ്ടാകണം. മാറുന്ന കാലത്ത് അനിവാര്യമാണ് പുനരധിവാസം.

പത്തുവർഷത്തിലധികമായി വിചാരണത്തടവുകാരായി ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത് ഉചിതമെന്ന് സുപ്രീംകോടതി നേരത്തെ പറഞ്ഞിട്ടുണ്ട്. ഇത്തരം വിചാരണത്തടവുകാർ നിരപരാധികളെന്ന് പിന്നീട് കണ്ടെത്തിയാൽ അവർക്ക് ജീവിതം തിരികെ കിട്ടില്ലെന്ന് നാം ഓർക്കണമെന്നായിരുന്നു എന്നാണ് ജസ്‌റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം. സുന്ദരേശ് എന്നിവരുടെ നിരീക്ഷണം. വിചാരണ തടവുകാരെയും ചെറിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരെയും മോചിപ്പിക്കാൻ നയം രൂപീകരിക്കുകയാണ് വേണ്ടത്. അതിന് കേന്ദ്രസർക്കാർ മുൻകൈയെടുക്കുകയും സംസ്ഥാന സർക്കാരുമായി ചർച്ച നടത്തുകയും വേണം. ജയിലുകളിൽ നല്ല സ്വഭാവം പ്രകടപ്പിക്കുന്നവരെ മോചിപ്പിച്ചു കൂടെയെന്ന് നിരവധി കേസുകൾ പരിഗണിച്ചപ്പോൾ സുപ്രീംകോടതി ചോദിച്ചിട്ടുണ്ട്. രാജ്യത്തെ ജയിലുകളിലെയും വിചാരണ കോടതികളിലെയും തിരക്ക് കുറയ്‌ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ് സ്വാതന്ത്യ്രത്തിന്റെ 75 ാം വാർഷികം ആഘോഷിക്കുന്നതിനുള്ള ഏറ്റവും വിശിഷ്‌ടമായ മാർഗമെന്ന് സുപ്രീംകോടതി പറഞ്ഞതും ഇതോടൊപ്പം നാം കൂട്ടിവായിക്കണം.

രാജ്യത്തെ ജയിലുകളിൽ കഴിയുന്ന 80 ശതമാനവും വിചാരണത്തടവുകാരാണെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്‌റ്റിസ് എൻ.വി.രമണ പറഞ്ഞിരുന്നു. കോടതികളിലെ ഒഴിവുകൾ നികത്താത്തതും നിയമരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാത്തതും വിചാരണ വൈകിക്കാൻ ഇടയാക്കുന്നുവെന്നത് നഗ്നമായ സത്യമാണ്. ഇക്കാര്യങ്ങളിൽ സർക്കാരുകളുടെ ശക്തമായ ഇടപെടലുകളാണ് വേണ്ടത്. എന്നാൽ, സർക്കാരുകൾ വേണ്ടവിധത്തിൽ ഒരിടപെടലും നടത്തുന്നില്ലെന്ന് സമീപകാല പശ്ചാത്തലം പരിശോധിച്ചാൽ വ്യക്തമാകും. ഒരുതവണ ജസ്‌റ്റിസ് രമണ ഇക്കാര്യം തുറന്നുപറയുകയും ചെയ്‌തു.

വേഗം കൂട്ടേണ്ടേ?

ജ്യുഡീഷറിയുടെ വേഗത വർദ്ധിപ്പിക്കേണ്ടത് ഇന്ത്യയെപ്പോലൊരു വലിയ ജനാധിപത്യരാജ്യത്ത് അത്യാവശ്യമാണ്. അതിനായി കോടതികളിൽ അടിസ്ഥാനസൗകര്യം ഒരുക്കുകയാണ് വേണ്ടത്. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആധുനികവത്‌‌കരണം നടക്കുന്നുണ്ടെങ്കിലും അതും പേരിലൊതുങ്ങുന്നു. കോടതിയിൽ പ്രതികളെ ഹാജരാക്കാതെ വീഡിയോ കോൺഫറൻസിലൂടെ കോടതി മുറിയിലിരുന്ന് മജിസ്‌ട്രേട്ടുമാർക്ക് നടപടി പൂർത്തിയാക്കാനുള്ള സംവിധാനം കേരളത്തിൽ കൊട്ടിഘോഷിച്ച് നടത്തിയെങ്കിലും ഇന്നും പൂർണമായിട്ടില്ല. ഇപ്പോഴും കൈകളിൽ വിലങ്ങുവച്ച് ബസുകളിലും റോഡിലൂടെ നടത്തിയും പ്രതികളുമായി കോടതിയിലേക്ക് പോകുന്ന പൊലീസുകാരെ നമുക്ക് കാണാൻ കഴിയും. സാങ്കേതികവിദ്യ വളർന്നുവെന്നത് സത്യം. അത് പ്രായോഗിക തലത്തിൽ നടപ്പാക്കിയെന്നത് ഒരു അവകാശവാദം മാത്രമാണെന്ന് ഈ നേർചിത്രങ്ങൾ പറഞ്ഞുതരുന്നു.

ഇ - ഫയലിംഗ് ഉൾപ്പെടെ കടലാസ് രഹിത സ്മാർട്ട് കോടതി മുറികൾ രാജ്യത്ത് ആദ്യം നടപ്പാക്കിയത് കേരളമാണെന്ന കാര്യവും ഓർക്കണം. ആദ്യ ഘട്ടത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റേത് ഉൾപ്പെടെ ആറു കോടതികളും തിരുവനന്തപുരം അഡിഷണൽ സി.ജെ.എം.കോടതി, എറണാകുളം ജില്ലയിലെ കോലഞ്ചേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയുമാണ് കഴിഞ്ഞ ജനുവരിയിൽ സ്മാർട്ട് കോടതികളാക്കിയത്. കടലാസ് രഹിതമായതോടെ കോടതി വ്യവഹാരങ്ങൾ എളുപ്പത്തിലും നിയമനടപടികൾ വേഗത്തിലുമാക്കാൻ കഴിഞ്ഞു. കോടതി വ്യവഹാരങ്ങൾക്ക് മാത്രമല്ല അഭിഭാഷകൻ, കോടതി ജീവനക്കാർ എന്നിവർക്കും ഇ - ഫയലിംഗ് ഗുണകരമായി. ഇ - സേവനങ്ങൾ കോടതിയിലെത്തുന്നതോടെ ജനങ്ങളിലേക്ക് വേഗത്തിൽ നീതി എത്തുമെന്ന പ്രതീക്ഷയും തെറ്റിയില്ലെന്ന് സമീപകാല അനുഭവങ്ങൾ വ്യക്തമാക്കുന്നു. കൂടുതൽ കോടതികൾ കടലാസ് രഹിതമാക്കുന്നതോടെ സ്മാർട്ട് വിപ്ളവത്തിനാണ് തുടക്കമാകുന്നത്. കോടതികളുടെ രൂപവും ഭാവവും മാറുന്ന പരിഷ്‌‌കാരം ഗുണകരമാണെന്ന കാര്യത്തിൽ തർക്കമില്ല. ജനങ്ങൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കാൻ ഈ നടപടിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. കേസുകൾ വേഗത്തിൽ തീർപ്പാക്കാനും സാധിക്കും.

സ്മാർട്ട് കോടതി മുറിയൊരുക്കി കേരള ഹൈക്കോടതി ഇന്ന് രാജ്യത്തിന് തന്നെ മാതൃകയാണ്. പൂർണമായും കടലാസ് രഹിത കോടതി എന്ന ആശയത്തിലേക്കുള്ള ചുവടുവയ്പായി മാറുകയാണിത്. ഈ നടപടികൾ വേഗത്തിലാകുമ്പോഴും വിചാരണകോടതികൾ പഴയ പടിയാണെന്ന സത്യമാണ് ഈ അവസരത്തിൽ തിരിച്ചറിയേണ്ടത്. ഒരു കേസുകളും സമയബന്ധിതമായി തീരുന്നില്ല. വിചാരണകൾ അനന്തമായി നീളുന്നതോടെയാണ് പലരും ജീവിതത്തിന്റെ നല്ലൊരു ഭാഗവും വിചാരണ തടവുകാരായി ജയിലിൽ കഴിയേണ്ടി വരുന്നത്. കേസിൽ തീർപ്പ് കൽപ്പിക്കാതെ നീളുമ്പോൾ അവരുടെ കുടുംബങ്ങളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. പ്രതികൾ തടസപ്പെടുന്നതുകൊണ്ട് വിചാരണ വൈകുന്നുവെന്ന് ഒരിക്കലും പറയാൻ കഴിയില്ല. വിരലിലെണ്ണാവുന്ന കേസുകൾ ചിലപ്പോൾ ഉണ്ടായിരിക്കാം. അതിനാൽ ഒരു സിസ്‌റ്റത്തിന്റെ പരാജയമാണിത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇത്തരമൊരു അപകീർത്തി അപമാനമാണ്. അത് വേഗത്തിൽ തുടച്ചു മാറ്റുകയാണ് വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRISONS ARE AWAITING TRIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.