ആലുവ: ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കുന്നത്തുകര സ്വദേശി കുഞ്ഞുമുഹമ്മദ് ( 74) ആണ് ഇന്ന് വൈകീട്ടോടെ മരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 20 നാണ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം റോഡിലെ കുഴിയിൽ വീണ് അപകടമുണ്ടായത്. തുടർന്ന് മൂന്ന് ആഴ്ചയിലധികമായി അബോധാവസ്ഥയിലായിരുന്നു കുഞ്ഞുമുഹമ്മദ് . അപകടം നടന്ന റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് ഹൈക്കോടതി ജില്ല കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടന്ന വിജിലൻസ് പരിശോധനയിൽ റോഡിൽ സമയബന്ധിതമായി അറ്റകുറ്റ പണികൾ നടത്തിയിരുന്നില്ല എന്ന് കണ്ടെത്തിയിരുന്നു.
സംഭവത്തിൽ സർക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആലുവ എം. എൽ. എ അൻവർ സാദത്ത് ആരോപിച്ചു. . റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നിരന്തരം പരാതി കൊടുത്തിട്ടും ഇപ്പോഴും പരിഹാരമുണ്ടായിട്ടില്ല. കേന്ദ്രത്തിന്റെ കുഴി, സംസ്ഥാനത്തിന്റെ കുഴി എന്നിങ്ങനെ തര്‍ക്കമുണ്ടായതല്ലാതെ ഒന്നും നടന്നില്ല. അപകടമുണ്ടാകുമ്പോള്‍ പഞ്ച് ഡയലോഗ് അടിക്കുകയെന്നതല്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഈ റോഡ് കിഫ്ബി ഏറ്റെടുത്തിരിക്കുകയാണ്. പി.ഡബ്യൂ.ഡി പറയുന്നത് കിഫ്ബിയാണ് അറ്റകുറ്റപ്പണി ചെയ്യേണ്ടതെന്നാണ്. കിഫ്ബി പറയും അവര്‍ക്ക് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന്. ഇത് സര്‍ക്കാരിന്റെ വീഴ്ചയാണ്, കുറ്റക്കാർക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |