SignIn
Kerala Kaumudi Online
Saturday, 27 April 2024 4.43 AM IST

ലോകം ആരാധിക്കുന്ന മകൾ ദമയന്തി അമ്മയ്ക്കും അമ്മയായിരുന്നു; താമസിച്ചിരുന്നത് അമൃതപുരിയിലെ ആശ്രമത്തിലെ ചെറിയൊരു വീട്ടിൽ, എല്ലാ വ്രതങ്ങളും ചിട്ടയോടെ അനുഷ്ഠിക്കും

amritanandamayi

കരുനാഗപ്പള്ളി: വിശ്വമാതാവായ മാതാ അമൃതാനന്ദമയി ദേവിക്ക് ജന്മം നൽകിയ പുണ്യവതി. മാത്രമല്ല, അമൃതാനന്ദമയി ദേവിയിലെ ആത്മീയ ജ്യോതിസിനെ തിരിച്ചറിഞ്ഞ് ലോകത്തിന് സമർപ്പിച്ച മാതാവാണ് ദമയന്തിഅമ്മ. അമൃതാനന്ദമയി ദേവിയുടെ വള്ളിക്കാവിലെ ആശ്രമമായ അമൃതപുരിയിൽ തന്നെയായിരുന്നു ദമയന്തി അമ്മയും താമസിച്ചിരുന്നത്. മറ്റുള്ളവരെപ്പോലെ അമൃതാനന്ദമയി ദേവി, ദമയന്തി അമ്മയ്ക്കും അമ്മയായിരുന്നു. അന്ത്യനിമിഷങ്ങളിൽ ലോകം ആരാധിക്കുന്ന മകളുടെ തലോടലേറ്റാണ് ദമയന്തി അമ്മ യാത്രയായത്.

കുട്ടിക്കാലത്ത് സമാനപ്രായക്കാർ ഓടിക്കളിച്ച് നടക്കുമ്പോൾ മാതാ അമൃതാനന്ദമയി എവിടെയെങ്കിലും ധ്യാനത്തിലിരിക്കും. കൃഷ്ണാ കൃഷ്ണാ... എന്ന് ജപിച്ചായിരുന്നു ധ്യാനം. ഭക്ഷണം കഴിക്കാതെയുള്ള ധ്യാനം മണിക്കൂറുകൾ നീളും. ഇത് കണ്ട് കുഞ്ഞിനെ ചികിത്സിക്കാൻ മാതാപിതാക്കളായ സുഗുണാനന്ദനെയും ദമയന്തിയേയും സമീപവാസികൾ ഉപദേശിച്ചു. ചേറിലും ചതുപ്പിലും ധ്യാനത്തിലാഴുന്ന അമ്മയെ ദമയന്തിഅമ്മ തോളിൽ ചുമന്ന് വീട്ടിലേക്ക് കൊണ്ടുപോകും. ഇത് കണ്ട് നാട്ടുകാർ പലതും പറഞ്ഞു. അത് ദമയന്തി അമ്മയുടെ മനസിനെ വല്ലാത്ത വേദനിപ്പിച്ചു. അങ്ങനെ മകളുടെ ധ്യാനം അവസാനിപ്പിക്കാൻ അമ്മ ശ്രമിച്ചു. അതിനായി ഒരു ദിവസം മനസില്ലാ മനസോടെ പട്ടിണിക്കിട്ടു. മകൾ തളർന്ന് അവശയായതോട അമ്മ അടുക്കളയിലേക്ക് പോയി ഭക്ഷണവുമായി മടങ്ങിയെത്തി. അപ്പോൾ കണ്ടത് അമൃതാനന്ദമയി ദേവിയുടെ വായിൽ എവിടെ നിന്നോ എത്തിയ ഒരു പശു പാൽ ചുരത്തുന്നതാണ്. ഇത് കണ്ട് മകൾക്ക് മുന്നിൽ ആ അമ്മ കൈ കൂപ്പി തൊഴുത് നിന്നു. പിന്നീട് പല സന്ദർഭങ്ങളിലൂടെ മകളിലെ ഈശ്വരാംശം അമ്മ നേരിൽ കണ്ട് മനസിലാക്കുകയായിരുന്നു.

വളരും തോറും അമൃതാനന്ദമയി ദേവിയുടെ ദിവ്യത്വവും വളർന്നു. അത്ഭുതകഥകൾ നാടാകെ പരന്നു. ഇതോടെ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാതാഅമൃതാനന്ദമയി ദേവിയെ ദർശിക്കാൻ എത്തിയിരുന്ന സന്യാസിവര്യന്മാർക്കും ഭക്തർക്കും ഭക്ഷണവും താമസസൗകര്യങ്ങളും ഒരുക്കി നൽകിയതും ദമയന്തി അമ്മയാണ്. പിന്നീട് അമൃതപുരി ആശ്രാമം രൂപപ്പെട്ടപ്പോൾ സുഗണാനന്ദനൊപ്പം അവിടേക്ക് എത്തുകയായിരുന്നു.

പ്രണയ വിവാഹം

കരുനാഗപ്പള്ളി പണ്ടാരത്ത് തുറയിൽ കിണറ്റിൻമൂട്ടിൽ വീട്ടിൽ

പുണ്യന്റെയും കറുത്തകുഞ്ഞിന്റെയും മകളായാണ് ദമയന്തി ജനിച്ചത്. തികഞ്ഞ ഈശ്വരഭക്തയായിരുന്നു. സത്യം വിട്ട് ഒന്നും ചിന്തിക്കില്ലായിരുന്നു. കഷ്ടപ്പെടുന്നവരെ കൈ അയച്ച് സഹായിക്കും. നാലാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. 79 വർഷം മുമ്പേ 18 വയസുള്ളപ്പോഴാണ് ദമയന്തി അമ്മ സുഗാണാനന്ദനെ വിവാഹം കഴിച്ചത്. സുഗുണാനന്ദൻ കഥകളി കലാകാരനായിരുന്നു. കഥകളി കണ്ട് പ്രണയം തോന്നിയായിരുന്നു വിവാഹം.

എല്ലാവരുടെയും പട്ടത്തിഅമ്മ

കുട്ടിക്കാലം മുതൽ പുലർച്ചെ എഴുന്നേറ്റ് ഹരിനാമ കീർത്തനം ചൊല്ലും. എല്ലാ വ്രതങ്ങളും ചിട്ടയോടെ അനുഷ്ഠിക്കും. കരിക്ക് വെട്ടി വെള്ളം കുടിച്ചാണ് ദമയന്തി അമ്മ വ്രതം അവസാനിപ്പിക്കുന്നത്. ദമയന്തിയുടെ വ്രതങ്ങളും മറ്റ് ചിട്ടകളും നാട്ടിലാകെ പ്രസിദ്ധമാണ്. നല്ല വെളുത്ത നിറമായിരുന്നു. അതുകൊണ്ട് തന്നെ ദമയന്തി അമ്മയ്ക്ക് പട്ടത്തി അമ്മയെന്ന് പേരിട്ടു. അമൃതപുരിയിലും പലരും അങ്ങനെയാണ് വിളിച്ചിരുന്നത്. അമൃതപുരിയിലെ ആശ്രമത്തിൽ ചെറിയൊരു വീട്ടിലാണ് സുഗുണാനന്ദനും ദമയന്തിയും കഴിഞ്ഞിരുന്നത്. മാതാ അമൃതാനന്ദമയിയെ മാതാപിതാക്കളും അമ്മയെന്നാണ് വിളിച്ചിരുന്നത്. 12 വർഷം മുമ്പ് സുഗുണാനന്ദൻ യാത്രയായി. പിന്നീട് ആശ്രമത്തിൽ മറ്റ് മക്കൾക്കൊപ്പമായിരുന്നു താമസം. ഇടയ്ക്കിടെ മാതാ അമൃതാനന്ദമയി അമ്മയെ കാണാനെത്തും. ഇതിന് പുറമേ വിദേശത്ത് പോകുന്നതിന് മുൻപും മടങ്ങിയെത്തിയ ശേഷവും നേരിട്ടെത്തി അനുഗ്രഹം വാങ്ങും. ഇപ്പോഴും നാമം ജപിച്ച് മറ്റ് ഭക്തരെപ്പോലെ ആശ്രാമ പരിസരത്ത് ദമയന്തി അമ്മ ഉണ്ടാകും.

മക്കളെല്ലാം ഒപ്പം

ദമയന്തിഅമ്മ കുറച്ച് നാളുകളായി രോഗശയ്യയിലായിരുന്നു. കഴിഞ്ഞ ദിവസം രക്തസമ്മർദ്ദം ഏറെക്കുറ‌ഞ്ഞു. വിവരമറിഞ്ഞ അമൃതാനന്ദമയി അടുത്തെത്തി പരിചരിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.49 ഓടെയാണ് ആശ്രാമത്തിലെ വീട്ടിൽ അന്ത്യം സംഭവിച്ചത്. ഈസമയം മാതാ അമൃതാനന്ദമയി ദേവിക്ക് പുറമേ മറ്റു മക്കളായ കസ്തൂരിഭായി, സുഗുണാമ്മ, സജിനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. വിദേശത്തും സ്വദേശത്തുമുള്ള സന്യാസിമാരും ബ്രഹ്മചാരിണികളും എത്തുമെന്ന് അറിയിച്ചതുകൊണ്ടാണ് സംസ്കാരം ഇന്നത്തേക്ക് മാറ്റിയത്. ശിവിഗിരി മഠം ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അടക്കമുള്ള പ്രമുഖർ അമൃതപുരിയിലെത്തി ദമയന്തിഅമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMRITANANDAMAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.