SignIn
Kerala Kaumudi Online
Tuesday, 29 November 2022 8.57 PM IST

കോടതിയെക്കൊണ്ട് ഇനിയും പറയിപ്പിക്കരുത്

photo

സംസ്ഥാനത്തെ ഇത്തിരിപ്പോന്ന റോഡുകൾ വിവിധ രാഷ്ട്രീയകക്ഷികളുടെയും സംഘടനകളുടെയും കൊടിതോരണങ്ങളും ബോർഡുകളും കൊണ്ട് നിറയുന്നതിനെതിരെ ഹൈക്കോടതി മുമ്പും പലകുറി സർക്കാരിന് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രശ്നത്തിൽ കോടതി വീണ്ടും ഇടപെട്ടുവെന്നു മാത്രമല്ല നടപടിയൊന്നും എടുക്കാത്തതിന് സർക്കാരിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. അതാതിടങ്ങളിലെ തദ്ദേശസ്ഥാപനങ്ങൾക്കാണ് കൊടിതോരണങ്ങളുടെയും ബോർഡുകൾ സ്ഥാപിക്കുന്നതിന്റെയും ഉത്തരവാദിത്വം. അവരുടെ അനുമതിയോടുകൂടി മാത്രമേ പൊതുനിരത്തുകളിൽ മാത്രമല്ല എവിടെയും അവ സ്ഥാപിക്കാനാവൂ. അതേസമയം അനധികൃതമായി സ്ഥാപിക്കപ്പെടുന്ന പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയാറുമില്ല. 'മുകളിൽ" നിന്നു പലതരം വിലക്കുള്ളതിനാലാണിത്. കോടതി ഉത്തരവിറക്കിയിട്ടുപോലും കാര്യങ്ങൾ നടക്കുന്നില്ലെങ്കിൽ അതിനെ ഭരണപരാജയമായേ കാണാൻ കഴിയൂ എന്നാണ് കോടതി കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായപ്പെട്ടത്. അനധികൃതമായി പാതയരികിൽ സ്ഥാപിച്ചിട്ടുള്ള സകല കൊടിതോരണങ്ങളും ബോർഡുകളും ബാനറുകളും ഉടനടി നീക്കം ചെയ്ത് വിവരം കോടതിയെ ധരിപ്പിക്കാൻ നിർദ്ദേശവും നൽകി.

ട്രാഫിക് സിഗ്നലുകൾ മറച്ചുകൊണ്ടുപോലും വലിയ ബോർഡുകൾ സ്ഥാപിക്കുന്നത് പതിവായിരിക്കുകയാണ്. പരാതി ഉയർന്നാൽപ്പോലും അവ എടുത്തുമാറ്റാറില്ല. ബോർഡുകൾ സ്വാധീനമുള്ള പാർട്ടികളുടേതാണെങ്കിൽ പറയുകയും വേണ്ട. അതിൽ തൊടാൻ എല്ലാവരും മടിക്കും. കടുത്ത നിയമലംഘനമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാകും പ്രചാരണ സാമഗ്രികൾ പാതകൾക്കിരുവശവും സ്ഥാപിക്കാറുള്ളത്. തോരണങ്ങൾ തലങ്ങും വിലങ്ങും കെട്ടി യാത്രക്കാരുടെ ജീവനുപോലും സുരക്ഷാഭീഷണി ഉയർത്താറുണ്ട്. റോഡിനു കുറുകെ കമാനങ്ങൾ പാടില്ലെന്നു ഉത്തരവുണ്ടായിട്ടും സംഘടനകളും പാർട്ടികളും ഉത്സവ കമ്മിറ്റിക്കാരുമെല്ലാം അവ സ്ഥാപിക്കുന്നു. ഇത്തരത്തിൽ തിരുവനന്തപുരം ജില്ലയിൽ സ്ഥാപിച്ച ഒരു കമാനം ഈയിടെ സ്‌കൂട്ടറിൽ സഞ്ചരിച്ച ഒരു അമ്മയ്ക്കും മകൾക്കും വരുത്തിയ അപകടം വലിയ വാർത്തയായിരുന്നു. കമാനം നീക്കം ചെയ്യുന്നതിനിടെ അത് മറിഞ്ഞ് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിൽ പതിക്കുകയായിരുന്നു. വാഹനങ്ങൾക്കു സഞ്ചരിക്കാൻ പോലും വേണ്ടത്ര സ്ഥലമില്ലാതിരിക്കെ റോഡുവക്കിലെ കൊടിമരങ്ങളും പ്രചാരണ വസ്തുക്കളും വാഹനങ്ങൾക്കു മാത്രമല്ല കാൽനടക്കാർക്കുപോലും വലിയ ഭീഷണിയായി മാറാറുണ്ട്. എല്ലാറ്റിനും പുറമേ പാതകൾ ഇതുപോലെ സദാ കൊടിതോരണങ്ങളാലും ബോർഡുകളാലും വികൃതമാക്കുന്നത് എത്രമാത്രം സംസ്കാരശൂന്യമായ നടപടിയാണെന്ന് ആരും ഓർക്കാറില്ല. പണ്ട് തിരഞ്ഞെടുപ്പുകാലത്തായിരുന്നു ചുവരെഴുത്തുകളും കൊടിനാട്ടലും തോരണങ്ങളുടെ ആധിക്യവും. പ്രചാരണസാമഗ്രികൾ വോട്ടെടുപ്പു കഴിഞ്ഞാലുടൻ നീക്കം ചെയ്യണമെന്ന കർക്കശ ചട്ടം വന്നതോടെ പരിസരമുഖം വികൃതമാക്കുന്ന ആ ഏർപ്പാടിനു അന്ത്യമുണ്ടായി. ചുവരെഴുത്തുകൾക്കും നിയന്ത്രണമുണ്ടായി. സമ്മേളനങ്ങളോടോ യാത്രകളോടോ ബന്ധപ്പെട്ട് ചെറുതും വലുതുമായ കക്ഷികൾ സ്ഥാപിക്കുന്ന ബോർഡുകളും ബാനറുകളുമൊക്കെ ചടങ്ങ് കഴിഞ്ഞ് ആഴ്ചകൾക്കു ശേഷവും അതേപടി അവിടവിടെ കാണാറുണ്ട്. ആവശ്യം കഴിഞ്ഞാൽ അവ എടുത്തുമാറ്റുകയെന്നത് ശീലമാക്കണം. പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വങ്ങൾ അതിനുവേണ്ട നിർദ്ദേശം കീഴ്‌ഘടകങ്ങൾക്കു നൽകണം.

പുറത്തുനിന്നെത്തുന്ന ഒരാൾ പാതയോരങ്ങളിലെ അരോചകകാഴ്ച കണ്ട് നമ്മെ എങ്ങനെയാകും വിലയിരുത്തുക എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. സംസ്കാരരാഹിത്യമായിട്ടേ പലരും ഇത് വീക്ഷിക്കുകയുള്ളൂ. നഗരപ്രദേശങ്ങളിലാണ് അനധികൃത കൊടിതോരണങ്ങളുടെയും ബോർഡുകളുടെയും വൻ സാന്നിദ്ധ്യം കാണാറുള്ളത്. നഗര സൗന്ദര്യത്തിനു ചെറിയ പ്രാധാന്യമെങ്കിലും കല്പിക്കുന്നവരെ നിരാശരും ദുഃഖിതരുമാക്കുന്നതാണ് എവിടെയും ഇന്നു കാണുന്ന ഈ കൊടിതോരണ പ്രളയം. ഉന്നത നീതിപീഠത്തിന്റെ ഇടപെടലില്ലാതെ തന്നെ ഈ ദുഷിച്ച പ്രവണതയ്ക്ക് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കേണ്ടതാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HORDINGS IN ROADS
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.