വർക്കല: അന്ത്യാഭിലാഷം പോലെ അമ്മയുടെ സമീപത്ത് സംവിധായകൻ അശോകന് നിത്യനിദ്ര ഒരുക്കി ഭാര്യ സീതയും മകൾ അഭിരാമിയും ബന്ധുക്കളും. അശോകന്റെ മൃതദേഹം ഇന്നലെ ഔദ്യോഗിക ബഹുമതികളോടെ വർക്കലയിലെ പുല്ലാനിക്കോട് കുടുംബവീട്ടിൽ സംസ്‌കരിച്ചു.
വൈകിട്ട് 4ന് അശോകന്റെ ഭാര്യ വീടായ പുല്ലാനികോട് ശാകുന്തളത്തിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. തുടർന്ന് കുടുംബവീടായ ശ്രീരാമ വിലാസത്തിൽ എത്തിച്ചു. അനന്തിരവൻ സുജിത്ത് അന്ത്യകർമ്മങ്ങൾ ചെയ്തു. അഡ്വ: വി.ജോയി എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എം.ലാജി, അഡ്വ.ബി.ആർ.എം ഷെഫീർ തുടങ്ങിയവർ പങ്കെടുത്തു.
തൈക്കാട് ഭാരത് ഭവനിൽ രാവിലെ 9 മുതൽ 11 വരെ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. മന്ത്രി വി.എൻ.വാസവൻ തുടക്കം മുതൽ മൃതദേഹം വർക്കലയിലേക്ക് കൊണ്ടുപോകുന്നതുവരെ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്, സി.പി.എം പി.ബി അംഗം എം.എ. ബേബി, ജോൺ ബ്രിട്ടാസ് എം.പി, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, പ്രഭാവർമ്മ, ചലച്ചിത്ര ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സ്വരലയ ചെയർമാൻ ഡോ.ജി.രാജ്‌മോഹൻ, സെക്രട്ടറി ഇ.എം.നജീബ്, ജി.ശങ്കർ, ഡോ.കെ.ഓമനക്കുട്ടി, ചലച്ചിത്ര രംഗത്തെ പ്രമുഖരായ ടി.കെ.രാജീവ് കുമാർ, സുരേഷ് കുമാർ, ജി.എസ്.വിജയൻ, താഹ, ശശി പരവൂർ, അനിൽകുമാർ അമ്പലക്കര, പ്രതാപൻ, വി.അനിൽ, നാഗേന്ദ്രൻ, ശാന്തിവിള ദിനേശ്, സ്ലീബ, കവി പ്രഭാവർമ്മ, വിനോദ് വൈശാഖി, കരമന ഹരി, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽ കുമാർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
ഫോട്ടോ:1സംവിധായകൻ അശോക് കുമാറിന്റെ മൃതദേഹം ഭാര്യവീടായ പുല്ലാനിയോട് ശാകുന്തളത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ. ഭാര്യ സീത, മകൾ അഭിരാമി, അശോകന്റെ സഹോദരി സരസ്വതി എന്നിവർ സമീപം..
.
ഫോട്ടോ: 2 സംവിധായകൻ അശോക് കുമാറിന്റെ സംസ്‌ക്കാര ചടങ്ങിന് പോലീസ് ഔദ്യോഗിക ബഹുമതി നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |