SignIn
Kerala Kaumudi Online
Sunday, 23 November 2025 4.13 AM IST

പെട്ടെന്നുണ്ടാകുന്ന പനിയും വയറുവേദനയും നിസാരമായി കാണരുത്; ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണവ

Increase Font Size Decrease Font Size Print Page
health

ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മാണുജീവികൾ മൂലം മൂത്ര വിസർജ്ജന വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന വ്യതിയാനങ്ങളെയാണ് മൂത്ര രോഗാണുബാധ എന്ന് പറയുന്നത്. വൃക്കകളെ ബാധിക്കുന്ന മൂത്രരോഗാണുബാധയ്ക്ക് പൈലോ നെഫ്രൈറ്റിസ് എന്നും മൂത്ര സഞ്ചിയുടേത് സിസ്റ്റൈറ്റിസ് എന്നും പ്രോസ്റ്റേറ്റിന്റേത് പ്രോസ്റ്റാറ്റൈറ്റിസ് എന്നും വൃഷണങ്ങളുടേത് എപിഡിഡമോ ഓർക്കൈറ്റിസ് എന്നും വിളിക്കുന്നു. നവജാത ശിശുക്കൾ മുതൽ പ്രായമായവർക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും ഉണ്ടാകുന്ന ഒരു അസുഖമാണ് മൂത്രരോഗാണുബാധ. മൂത്രരോഗാണുബാധ സ്ത്രീകളിൽ കൂടുതലായി കാണുന്നു. മൂത്രനാളിയുടെ നീളം കുറവായതും മലദ്വാരം അടുത്തുള്ളതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 35 ശതമാനം സ്ത്രീകളിൽ മൂത്രരോഗാണുബാധ അവരുടെ ജീവിതത്തിന്റെ ഏതെങ്കിലും സമയത്ത് ഉണ്ടാകുന്നു.

ബാക്ടീരിയയുടെ ആക്രമണോൽസുകതയും രോഗിയുടെ പ്രതിരോധ ശേഷിക്കുറവും ആണ് മൂത്രരോഗാണുബാധ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ. മൂത്രരോഗാണുബാധ സാധാരണയായി ഉണ്ടാകുന്നത് ഇകോളി (75 ശതമാനം) മൂലമാണ്. കൂടുതൽ തവണ മൂത്രമൊഴിക്കുക, മൂത്രമൊഴിക്കുമ്പോൾ വേദന, പെട്ടെന്ന് മൂത്രം ഒഴിക്കാൻ തോന്നുക, മൂത്രത്തിൽ രക്തം പോവുക, അടിവയറ്റിൽ വേദന മുതലായവയാണ് മൂത്രരോഗാണുബാധയുടെ ലക്ഷണങ്ങൾ. വിറയലോടുകൂടിയ പനി, വയറിന്റെ മുകൾഭാഗത്ത് വേദന മുതലായവയാണ് വൃക്കയുടെ രോഗാണുബാധയുടെ ലക്ഷണങ്ങൾ. പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ രോഗാണുബാധ മൂലമുണ്ടാകുന്ന പ്രോസ്റ്റാറ്റൈറ്റിസ് മൂത്രതടസവും വിറയലോടുകൂടിയ പനിയും ഉണ്ടാക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥയിൽ പഴുപ്പ് കെട്ടി മൂത്രം ഒട്ടും പോകാതെ കെട്ടിനിൽക്കുന്ന അവസ്ഥയും ഉണ്ടാകുന്നു.

മൂത്രരോഗാണുബാധ നിയന്ത്രണവിധേയമല്ലാത്ത അവസ്ഥ പുരോഗമിച്ച് സെപ്‌സിസ്, എൻഡോടോക്‌സിക് ഷോക്ക് മുതലായ മാരകമായ അവസ്ഥകളിലേക്ക് പോകാം. ശരീരത്തിന്റെ ഊഷ്മാവ് കുറയുകയോ കൂടുകയോ ചെയ്യാം. രക്തസമ്മർദ്ദം കുറയുക, ഹൃദയമിടിപ്പിലും ശ്വസനത്തിലുമുള്ള വ്യതിയാനങ്ങൾ മൂലം രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നു. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ആന്തരികാവയവങ്ങളായ കരൾ, വൃക്ക മുതലായവയുടെ പ്രവർത്തനം കുറയാനും സ്തംഭനാവസ്ഥയിലേക്ക് പോകാനും സാദ്ധ്യതയുണ്ട്.

രോഗനിർണയത്തിന് മൂത്രത്തിന്റെ മൈക്രോസ്‌കോപി, കൾചർ തുടങ്ങിയവയും രക്തത്തിന്റെ പരിശോധനകൾ, രക്തത്തിന്റെ കൾചർ മുതലായവ ചെയ്യണം. വയറിന്റെ അൾട്രാസൗണ്ട് സ്കാൻ പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ രോഗാണുബാധയ്ക്ക് ആന്റിബാക്ടീരിയൻ മരുന്നുകൾ 14 ദിവസത്തോളം കൊടുക്കണം. വൃക്കയുടെ രോഗാണുബാധയ്ക്ക് 14-21 ദിവസത്തെ ചികിത്സ വേണ്ടിവരും. 20 ശതമാനം ഗർഭിണികളിൽ മൂത്രരോഗാണുബാധ ഉണ്ടാകുന്നു. 2-9 ശതമാനം ഗർഭിണികളിൽ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത മൂത്രരോഗാണുബാധയുണ്ടാകുന്നു. ഇത്തരം രോഗികളെ തിരിച്ചറിഞ്ഞ് ചികിത്സിച്ച് പൂർണമായും ഭേദമാക്കണം. മൂത്രരോഗാണുബാധയുടെ പ്രതിരോധവും പ്രാധാന്യമർഹിക്കുന്നു. സ്‌ത്രീകൾ ലൈംഗികബന്ധത്തിന് മുമ്പും അതിനുശേഷവും മൂത്രമൊഴിച്ചുകളയണം. സ്‌ത്രീകൾ 2- 3 മണിക്കൂർ ഇടവിട്ട് മൂത്രവിസർജ്ജനം ചെയ്യണം. മലബന്ധം ഒഴിവാക്കണം. അനുബന്ധ രോഗങ്ങളായ പ്രമേഹം നിയന്ത്രണവിധേയമാക്കണം.

ഡോ. എൻ. ഗോപകുമാർ
MS, MCh FEBV, FRCS

ഫോൺ: 9447057297

TAGS: HEALTH, LIFESTYLE HEALTH, HEALTH, URINARY INFECTIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.