SignIn
Kerala Kaumudi Online
Friday, 26 April 2024 6.59 AM IST

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകൾ തുടങ്ങുമ്പോൾ

photo

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസവാതിലുകൾ പരമാവധി പേർക്കായി തുറന്നുനൽകുന്ന ഓപ്പൺ സർവകലാശാല സ്ഥാപിക്കുകയും അതിന് വിദ്യയുടെ ലഭ്യതയെ മോചനമാർഗമായി കണ്ട പരമഗുരുവിന്റെ നാമം നൽകുകയും ചെയ്ത പിണറായി സർക്കാരിന്റെ നടപടി ചരിത്രപരമായ മുന്നേറ്റമായിരുന്നു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകൾ തുടങ്ങാനുള്ള അക്കാഡമിക് അടിസ്ഥാന സജ്ജീകരണങ്ങൾ ഒരുക്കുകയും അവ പരിശോധിച്ച യു.ജി.സി, ഏഴ് കോഴ്സുകൾ തുടങ്ങാൻ അനുവാദം നൽകുകയും ചെയ്തിരിക്കുന്നു.

നാല് പഠനസ്‌കൂൾ മേധാവികളിൽ ഒരാൾക്ക് മാത്രമേ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഈ ഒരൊറ്റ കാരണം കൊണ്ടാണ് യു.ജി.സി റിവ്യൂ കമ്മിറ്റി മറ്റ് പത്ത് കോഴ്സുകൾക്ക് ഇപ്പോൾ അനുമതി നല്കാതിരുന്നത്. എന്നാൽ മൂന്ന് മേധാവികളുടെ നിയമന പ്രക്രിയ അവസാനഘട്ടത്തിൽ എത്തിയതിനാൽ ഉടൻതന്നെ അവരെ നിയമിക്കാനാകും. അതിനുശേഷം യു.ജി.സി വ്യവസ്ഥ പ്രകാരമുള്ള അപ്പീൽ നൽകുന്നതോടെ ബാക്കി കോഴ്സുകൾ തുടങ്ങാൻ സാധിക്കും. വരുംവർഷം മുതൽ കൂടുതൽ യുജി, പി.ജി കോഴ്സുകൾക്ക് പുറമേ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയും തുടങ്ങാനുള്ള പ്രവർത്തനങ്ങൾ സർവകലാശാല ആരംഭിച്ചിട്ടുണ്ട്.

വിജ്ഞാനാധിഷ്ഠിതമായ സമൂഹവും സമ്പദ് വ്യവസ്ഥയും നിർമ്മിക്കലാണ് കേരളത്തിന്റെ മുഖ്യ അജൻഡയെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സന്ദർഭത്തിൽ വിദൂര വിദ്യാഭ്യാസത്തിലൂന്നിയുള്ള ഓപ്പൺ സർവകലാശാലയുടെ പ്രസക്തി വളരെ വലുതാണ്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡ് നല്കുന്ന നിർദ്ദേശം ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് എത്തുന്നവരുടെ അനുപാതം ഇപ്പോഴത്തെ 38 ശതമാനത്തിൽ നിന്ന് 2030 ൽ 75 ശതമാനമായി ഉയർത്തുക എന്നതാണ്. വളരെ ശ്രമകരമായ ഈ ലക്ഷ്യം നേടാൻ അഫിലിയേറ്റഡ് സർവകലാശാലകൾക്ക് ഒറ്റയ്‌ക്ക് കഴിയില്ല. ഈ സാഹചര്യത്തിൽ അഫിലിയേറ്റഡ് സർവകലാശാലകളിൽ പ്രവേശനം ലഭിക്കാതെ പോയവർക്കും മറ്ര് പലകാരണങ്ങളാൽ ഉപരിപഠനം നടത്താൻ കഴിയാതെ പോയവർക്കും പഠനസൗകര്യം ഒരുക്കി കൊടുക്കുന്നതിലൂടെ മാത്രമേ ഈ വലിയ ലക്ഷ്യം കൈവരിക്കാനാകൂ. അതിൽ ഓപ്പൺ സർവകലാശാല സംവിധാനത്തിന് വലിയ പങ്കുവഹിക്കാനാകും. ' ഏതൊരാൾക്കും, ഏത് സ്ഥലത്തും, ഏത് സമയത്തും' പഠനബോധന സൗകര്യമൊരുക്കുക എന്നതാണ് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രധാന മുദ്രാവാക്യം.

ഓപ്പൺ സർവകലാശാല, പരമ്പരാഗത സർവകലാശാലകളും കോളേജുകളും അനുവർത്തിച്ചുവരുന്ന 'സെലക്ടീവ് അഡ്മിഷൻ' സമ്പ്രദായത്തിന് പകരം, പരമാവധി പേർക്ക് പ്രവേശനം നൽകാൻ കഴിയുന്ന രീതിയിൽ നിബന്ധനകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. നിരവധിപേർക്ക് ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരാൻ കഴിയാത്തതിന്റെ പ്രധാന കാരണം അവരുടെ തൊഴിൽപരമായ ഘടകങ്ങളും ജീവിതസാഹചര്യങ്ങളും ആയിരിക്കും. എന്നാലിവിടെ വീട്ടമ്മമാർക്കും തൊഴിലെടുക്കുന്നവർക്കും സൗകര്യപ്രദമായ രീതിയിൽ സമയക്രമവും പഠനബോധന രീതികളും ഏറെ വഴക്കമുള്ളതാണ്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വിജയകരമായി പൂർത്തിയാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്കായുള്ള കോഴ്സ് വിജയകരമായിരുന്നു. വിവിധ മണ്ഡലങ്ങളിലെ കൃത്യനിർവഹണം മികവുറ്റതാക്കാൻ സഹായിക്കുന്ന കോഴ്സുകളിലൂടെ കൂടുതൽ ജനവിഭാഗങ്ങൾക്ക് പഠനസൗകര്യം ഒരുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

അദ്ധ്യാപകരും വിദ്യാർത്ഥികളും നേരിട്ട് ഇടപെടുന്ന സാഹചര്യം കുറവാണെങ്കിലും, ഗുരുക്കന്മാരുടെ സാന്നിദ്ധ്യം അനുഭവേദ്യമാക്കുന്ന തരത്തിലാണ് വിദ്യാർത്ഥികൾക്കുള്ള സ്വയംപഠനസാമഗ്രികൾ തയ്യാറാക്കിയിട്ടുള്ളത്. ഒരു പാഠഭാഗത്തിലൂടെ കടന്നുപോയ ശേഷം തനിക്ക് അത് എത്രത്തോളം ഗ്രഹിക്കാനായെന്ന് പഠിതാവിന് സ്വയം പരിശോധിക്കാൻ പാകത്തിലുള്ള ചോദ്യങ്ങളും, മറ്റു അഭ്യാസഭാഗങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇവ തയ്യാറാക്കിയിട്ടുള്ളത്. ഇതിനു പുറമേ പാഠ്യഭാഗങ്ങളെ കൂടുതൽ അറിയാനുള്ള ഓഡിയോ വീഡിയോ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. സെമസ്റ്ററിൽ ഏതാനും ദിവസങ്ങളിൽ അദ്ധ്യാപകരുടെ സേവനം പഠിതാക്കൾക്ക് നേരിട്ട് ലഭ്യമാക്കുന്ന അവസരവും ഉണ്ടാകും. സർവകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങൾ തലശ്ശേരി, കോഴിക്കോട്, എറണാകുളം, പട്ടാമ്പി എന്നിവിടങ്ങളിലാണ്. പുറമേ സർവകലാശാലയുടെ ആസ്ഥാനമായ കൊല്ലം അടക്കം അഞ്ച് കേന്ദ്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അൻപതോളം പഠന സഹായകേന്ദ്രങ്ങളിലാണ് വിദ്യാർത്ഥികൾക്കായുള്ള കോൺടാക്ട് ക്ലാസുകൾ അടക്കമുള്ള സേവനങ്ങൾ സജ്ജമാക്കിയിട്ടുള്ളത്.

ഒരർത്ഥത്തിൽ, ഓപ്പൺ പഠനതത്വങ്ങളുടെ ഒരു പ്രാരംഭരൂപം ശ്രീനാരായണഗുരുവിന്റെ കർമ്മപഥത്തിൽ വീക്ഷിക്കാവുന്നതാണ്.1904 ൽ, ശിവഗിരി സ്വന്തം ആസ്ഥാനമാക്കിയപ്പോൾ ഗുരു അവിടെ ആദ്യം സ്ഥാപിച്ചത് ഒരു നിശാപാഠശാലയായിരുന്നു. ശിവഗിരിക്ക് ചുറ്റുമായി പാർത്തിരുന്ന, നിരക്ഷരരായ കുറവ സമുദായത്തിൽപ്പെട്ടവർക്ക് വേണ്ടിയാണ് ആ വിദ്യാലയം ആരംഭിച്ചത്. ഈ സാധുജനങ്ങൾ അഭിമുഖീകരിച്ചിരുന്നത് രണ്ട് പ്രശ്നങ്ങളാണെന്ന് ഗുരു തിരിച്ചറിഞ്ഞിരുന്നു. ഒന്ന്, പരമ്പരാഗത പഠന സമ്പ്രദായത്തിൽ അവർക്ക് പ്രവേശനം ക്ലേശകരമായിരുന്നു, രണ്ട്, അവിടങ്ങളിലെ സമയക്രമം അവരുടെ ജീവസന്ധാരണത്തിന് ഇണങ്ങുംവിധമ ല്ലായിരുന്നു. പകൽസമയത്ത് കുടുംബങ്ങളിലെല്ലാവരും തന്നെ പണിയെടുക്കേണ്ട അവസ്ഥയായിരുന്നു. വിദ്യ അന്യമായിപ്പോയവരെ ഉൾക്കൊള്ളാൻ പാകത്തിലുള്ള ഒരു തുറന്നുകൊടുക്കലാണ് നിശാപാഠശാലയിലൂടെ ഗുരുദേവൻ സാക്ഷാത്കരിച്ചത്. ഇത്തരം തുറന്നു കൊടുക്കലുകൾക്ക് തന്നെയാണ് അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള സർവകലാശാലയും നിയോഗിക്കപ്പെട്ടിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREENARAYANAGURU OPEN UNIVERSITY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.