SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.23 AM IST

കേരളത്തിന്റെ ഉള്ളുലച്ച് രേഷ്മയും അഭിരാമിയും സാംസ്കാരികവിഭാഗം അവധിയിലാണ്

abhirami

കേരളത്തിന്റെ ഉള്ളുലച്ച രണ്ട് സംഭവങ്ങളിൽ വിദ്യാർത്ഥികളായ രണ്ട് പെൺകുട്ടികൾ ഉൾപ്പെട്ടത് ഒരേ ദിവസമാണ്. കൊല്ലം ശൂരനാട് തെക്ക് അജിഭവനത്തിൽ അജികുമാറിന്റെയും ശാലിനിയുടെയും ഏകമകൾ അഭിരാമി (20) വീട്ടിൽ ആത്മഹത്യ ചെയ്തത് സെപ്തംബർ 20 നാണ്. വീടിനുമുന്നിൽ ബാങ്കിന്റെ ജപ്തി നോട്ടീസ് പതിച്ചതിലെ മനോവിഷമം താങ്ങാനാകാതെ ജീവനൊടുക്കിയ അഭിരാമിയെ ഓർത്ത് നാട് വിതുമ്പുമ്പോഴാണ് അങ്ങ് കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിസ്സാര പ്രശ്നത്തിന്റെ പേരിൽ മകളുടെ മുന്നിലിട്ട് ജീവനക്കാർ പിതാവിനെ ക്രൂരമായി തല്ലിച്ചതച്ച നിന്ദ്യമായ സംഭവം നടന്നത്. തിരുവനന്തപുരം മലയിൻകീഴ് മാധവകവി ഗവ. കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാത്ഥിനി രേഷ്മ (20) യുടെ പിതാവ് പ്രേമനനെ തല്ലിച്ചതച്ച കാട്ടാളന്മാരോട് തന്റെ അച്ഛനെ തല്ലരുതേ എന്ന് ആ കുട്ടി കേണപേക്ഷിച്ചിട്ടും അവർ പിന്മാറിയില്ല. ബഹളത്തിനിടെ മർദ്ദനമേറ്റ ആ കുരുന്ന് പെൺകുട്ടി പിതാവിനെ തല്ലിച്ചതച്ചവർക്ക് നേരെ ആക്രോശിച്ചു കൊണ്ട് പറഞ്ഞു. 'എന്റെ അച്ഛനെ തല്ലിച്ചതച്ച ഒരുത്തനെയും വെറുതെ വിടില്ല" എന്ന്. സാംസ്കാരിക കേരളം ലജ്ജിച്ച് തലതാഴ്ത്തിയ

രണ്ട് സംഭവങ്ങളും മന:സാക്ഷിയുള്ള ആരെയും പിടിച്ചുലയ്ക്കുന്നതാണെങ്കിലും ഇലയനങ്ങിയാൽ പ്രതികരിച്ചിരുന്ന സാംസ്ക്കാരിക നായകരുടെയും വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെയുമെല്ലാം മന:സാക്ഷി ഇപ്പോൾ പണയത്തിലാണോ എന്ന സംശയമാണുയരുന്നത്.

ബാങ്കിന്റെ നടപടി

താങ്ങാനാകാതെ അഭിരാമി

ചെങ്ങന്നൂ‌ർ എരമല്ലിക്കര ശ്രീഅയ്യപ്പ കോളേജിലെ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് ബിരുദ വിദ്യാർത്ഥിനിയായ അഭിരാമി 20 ന് വൈകിട്ട് 4.30 മണിയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. വിദേശത്ത് ജോലിചെയ്ത അജികുമാർ 3 വർഷം മുമ്പ് കേരളബാങ്കിന്റെ പതാരം ശാഖയിൽ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ആദ്യം തിരിച്ചടവ് കൃത്യമായിരുന്നെങ്കിലും കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ടമായ അജികുമാർ നാട്ടിലെത്തിയതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. തിരിച്ചടവ് മുടങ്ങിയെങ്കിലും കഴിഞ്ഞ മാർച്ചിൽ 1.5 ലക്ഷം രൂപ അടച്ചിരുന്നു. സംഭവത്തിന്റെ തലേദിവസം ബാങ്കിൽ നിന്ന് വിളിച്ച് ബാക്കി തുക അടയ്ക്കണമെന്നാവശ്യപ്പെട്ടപ്പോൾ സാവകാശം ചോദിച്ചു. എന്നാൽ 20 ന് രാവിലെ പൊലീസ് അകമ്പടിയോടെ എത്തിയ ബാങ്കുകാർ വീട്ടിനുമുന്നിൽ ജപ്തി ബോർഡ് സ്ഥാപിച്ചു. ബോർഡ് സ്ഥാപിച്ച് നാണം കെടുത്തരുതെന്ന് നാട്ടുകാർ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ജപ്തി നടപടിയിൽ സാവകാശം തേടി അജികുമാറും ശാലിനിയും ബാങ്കിലെത്തിയ സമയത്താണ് അപമാനഭാരം താങ്ങാനാകാതെ അഭിരാമി ജീവനൊടുക്കിയത്. പഠിത്തത്തിൽ സമർത്ഥയായ അഭിരാമി, വീട് ജപ്തി ചെയ്താൽ പഠനം മുടങ്ങി തന്റെയും കുടുംബത്തിന്റെയും ഭാവിജീവിതം തന്നെ ഇരുട്ടിലായേക്കുമോ എന്ന ഭയം കൊണ്ടാകാം ജീവനൊടുക്കിയത്. മാതാപിതാക്കൾക്കും അജികുമാറിന്റെ പിതാവ് കിടപ്പുരോഗിയായ ശശിധരൻ ആചാരിക്കും മാതാവ് ശാന്തമ്മയ്ക്കും അവളുടെ വേർപാട് താങ്ങാവുന്നതിനും അപ്പുറമായി. ബാങ്കിനെതിരെ പ്രതിഷേധം ഉയരുകയും അന്വേഷണം നടത്തുമെന്ന് കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ അഭിപ്രായപ്പെടുകയും ചെയ്തെങ്കിലും അതിനൊന്നും നികത്താൻ കഴിയാത്ത നഷ്ടമാണ് ആ കുടുംബത്തിന്റേത്. ലോക്ക്ഡൗൺ സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഭരണാധികാരികളുടെ മനുഷ്യത്വ രഹിതമായ നടപടികളുമാണ് ഈ കുടുംബത്തെ കടക്കെണിയിലേയ്ക്കും അഭിരാമിയെ ആത്മഹത്യയിലേയ്ക്കും നയിച്ചതെന്ന ആരോപണം ശക്തമാണ്. ലോക്ക്ഡൗണിനെ നേരിടാൻ പ്രഖ്യാപിച്ച മൊറൊട്ടോറിയം കാലയളവിലെ വായ്പ കുടിശ്ശികയ്ക്ക് പോലും പലിശയും പിഴപ്പലിശയും ഈടാക്കുന്ന മനുഷ്യത്വരഹിത സമീപനമാണ് ബാങ്കുകൾക്കുള്ളത്. മൊറൊട്ടോറിയം കാലയളവിൽ മാത്രമാണ് അഭിരാമിയുടെ കുടുംബം വായ്പ തിരിച്ചടവിൽ മുടക്കം വരുത്തിയത്. എന്നാൽ ആ കുടുംബത്തെ സമ്മർദ്ദത്തിലാക്കി അപമാനിച്ച് പണം പിടുങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് പരസ്യപ്പലക സ്‌ഥാപിച്ചതും നിഷ്കളങ്കയായ ഒരു പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ചതും. സർഫാസി ആക്ട് എന്ന ജനവിരുദ്ധ നിയമത്തിന്റെ മറപിടിച്ച് ബാങ്കുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ തീവട്ടിക്കൊള്ളയുടെ ഇരയാണ് ഈ പാവം പെൺകുട്ടി.

കാട്ടാക്കടയിൽ

ജീവനക്കാരുടെ

വിളയാട്ടം


തിരുവനന്തപുരം ആമച്ചൽ കുച്ചപ്പുറം "ഗ്രീരേഷ്മ' യിൽ പ്രേമനൻ, മകൾ രേഷ്മയുടെ കൺസഷൻ ടിക്കറ്റ് പുതുക്കാനാണ് കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തിയത്. രേഷ്മയും സുഹൃത്ത് അഖിലയും ഒപ്പമുണ്ടായിരുന്നു. കൺസഷൻ പുതുക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് കൗണ്ടറിലിരുന്ന ജീവനക്കാരൻ പറഞ്ഞു. മൂന്ന് മാസം മുമ്പ് കൺസഷൻ എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്ന് പ്രേമനൻ പറഞ്ഞു. എന്നാൽ അതില്ലാതെ കൺസഷൻ പുതുക്കി നൽകില്ലെന്ന് ജീവനക്കാരൻ ശഠിച്ചു. ഈ സമയം കൗണ്ടറിനുള്ളിലുണ്ടായിരുന്ന ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷരീഫ് പ്രേമനനോട് തട്ടിക്കയറി. പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരനായ പ്രേമനൻ 'ചുമ്മാതല്ല കെ.എസ്.ആർ.ടി.സി ഈ നിലയിൽ എത്തിയതെന്ന്' പ്രതികരിച്ചതോടെ സുരക്ഷാ ജീവനക്കാരും മറ്റു ജീവനക്കാരും പാഞ്ഞെത്തി പ്രേമനനെ വളഞ്ഞു. ജീവനക്കാരുടെ വിശ്രമമുറിയിലേക്ക് പ്രേമനനെ തള്ളിക്കയറ്റിയ അവർ അദ്ദേഹത്തെ തല്ലിച്ചതച്ചു. അച്ഛനെ മർദ്ദിക്കരുതേ എന്ന് അലറി വിളിച്ച മകൾ രേഷ്മയെയും കൂട്ടുകാരി അഖിലയെയും അതേ മുറിയിലേക്ക് തള്ളിക്കയറ്റി. പിന്നെ വന്നവരും പോയവരുമെല്ലാം ആ പിതാവിനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട് നിലവിളിച്ച ആ പെൺകുട്ടിയോട് പോലും കാരുണ്യം കാട്ടാതെ കാട്ടാളന്മാരെപ്പോലെ പെരുമാറുകയായിരുന്നു ജീവനക്കാർ. മകളുടെ മുന്നിൽ അച്ഛനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ മന്ത്രി ഇടപെട്ട് അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. കേസ് ഒതുക്കാൻ ജീവനക്കാരും പൊലീസും ആദ്യം ഒത്തുകളിച്ചെങ്കിലും പ്രശ്നത്തിൽ ഹൈക്കോടതി സ്വമേധയ ഇടപെട്ടതോടെ മർദ്ദിച്ചവരുടെ കുരുക്ക് മുറുകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മർദ്ദിച്ചതിനുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയെങ്കിലും പട്ടികജാതി പീ‌ഡന പ്രകാരമുള്ള വകുപ്പുകൾ ചേർത്തിട്ടില്ല. ജീവനക്കാരായ 5 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾ ഒളിവിലാണെന്നും അവരെ കണ്ടെത്താനാകുന്നില്ലെന്നും പറഞ്ഞ് പൊലീസ് നടത്തുന്ന ഒളിച്ചുകളി ഭരണപക്ഷ അനുകൂല സംഘടനാ നേതാക്കൾക്ക് മുൻകൂർ ജാമ്യം ലഭിക്കാനുള്ള ഒത്തുകളിയാണെന്ന് സംശയിക്കുന്നു. പ്രതികളെ പിടികൂടാൻ പൊലീസ് ഇനിയും അമാന്തം കാട്ടിയാൽ കോടതിയെ സമീപിക്കാനാണ് മർദ്ദനമേറ്റ അച്ഛന്റെയും മകളുടെയും തീരുമാനം.

സാംസ്ക്കാരിക

നായകരുടെ ഉറക്കം

പൊതുസമൂഹം ഏറെ ബഹുമാനിക്കുന്നവരാണ് സാംസ്കാരിക നായകരെന്നാണ് വയ്പ്. നാടിനെയും നാട്ടാരെയും ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളിലും സംഭവങ്ങളിലും ഇവർ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യും. അതുവഴി ഭരണകൂടത്തിന്റെ ശ്രദ്ധ ആ വിഷയങ്ങളിൽ പതിയുകയും ചിലപ്പോൾ തെറ്റുതിരുത്തൽ ഉണ്ടാകുകയും ചെയ്യും. എന്നാൽ കേരളത്തിലിപ്പോൾ ഈ വിഭാഗം ഏറെക്കാലമായി കുറ്റകരമായ മൗനത്തിലാണ്. ബാങ്കിന്റെ അനാവശ്യ തിടുക്കം മൂലം ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തതും മറ്റൊരു പെൺകുട്ടിയുടെ മുന്നിലിട്ട് പിതാവിനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്ത നൊമ്പരപ്പെടുത്തുന്ന സംഭവങ്ങളും ഇക്കൂട്ടർ അറിഞ്ഞിട്ടേയില്ലെന്ന് മാത്രമല്ല, ഉത്തരവാദപ്പെട്ട രണ്ട് നേതാക്കളുടെ പ്രതികരണം പെൺകുട്ടികളെ അപമാനിക്കുന്തിന് സമാനമായിരുന്നു. അഭിരാമിയുടെ ആത്മഹത്യക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ പ്രതികരിച്ചത്. രേഷ്മയുടെ പിതാവിനെ ജീവനക്കാർ വിശ്രമമുറിയിലേക്ക് കൊണ്ടുപോയി ആശ്വസിപ്പിക്കുകയായിരുന്നുവെന്ന മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ അഭിപ്രായത്തിനെതിരെ സി.പി.എം അണികൾ വരെ പ്രതിഷേധിച്ചു. ഇടത് വിദ്യാർത്ഥി, യുവജന സംഘടനകളുടെ നാവിറങ്ങിയിട്ടും വർഷങ്ങളായി. പ്രതിപക്ഷ വിദ്യാർത്ഥി, യുവജന സംഘടനകൾ പേരിനൊരു പ്രതിഷേധമൊക്കെ സംഘടിപ്പിച്ച് പിന്മാറി. കോൺഗ്രസാകട്ടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ തിരക്കിലാണ്. കേരളത്തെ പിടിച്ചുലയ്ക്കുന്ന സംഭവങ്ങളിലൊക്കെ പ്രതികരണ ശേഷി നഷ്ടമായവർ തങ്ങളുടെ ആവനാഴിയിൽ അമ്പുനിറയ്‌ക്കുന്ന തിരക്കിലാണ്. മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ അങ്ങ് വടക്ക് എവിടെയെങ്കിലും നടന്നാൽ, കേരളത്തിൽ ഭരണമാറ്റം ഉണ്ടായാൽ... അപ്പോൾ മാത്രം പ്രയോഗിക്കാനുള്ള അമ്പുകൾ !

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SILENCE OF CULTURAL LEADERS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.