SignIn
Kerala Kaumudi Online
Friday, 26 April 2024 4.31 PM IST

പച്ചത്തേങ്ങ സംഭരണം പച്ചപിടിച്ചില്ല

coconut

സംസ്ഥാനത്ത് പച്ചത്തേങ്ങ സംഭരണം പ്രഹസനമായതോടെ പാലക്കാട്ടെ കിഴക്കൻ മേഖലയിലെ തെങ്ങിൻതോപ്പുകളിൽ പച്ചത്തേങ്ങ കെട്ടിക്കിടന്ന് നശിക്കുന്നു. കൊവിഡ് കാലത്തുപോലും കാര്യമായി വിലയിടിവ് ഇല്ലാതിരുന്ന പച്ചത്തേങ്ങയ്ക്ക് ഇപ്പോൾ ഒന്നിന് എട്ട് രൂപ മാത്രമാണ് വില. തേങ്ങ തൂക്കിനൽകിയാൽ കിലോയ്ക്ക് 20 രൂപയാണ് കിട്ടുന്നത്.

കാർഷികജില്ലയായ പാലക്കാട്ടെ കിഴക്കൻ മേഖലയുടെ പ്രധാന വിളകളിലൊന്നാണ് തെങ്ങ്. കൃഷിവകുപ്പിന്റെ കണക്കുപ്രകാരം പാലക്കാട് ജില്ലയിൽ നിലവിൽ 60,560 ഹെക്ടറിൽ തെങ്ങുകൃഷിയുണ്ട്. 21,500 കേരകർഷകരുമുണ്ട്. സംസ്ഥാന സർക്കാരിന്റെ പച്ചത്തേങ്ങ സംഭരണം ഫലം കാണാതായതോടെ മേഖലയിലെ തെങ്ങിൻതോപ്പുകളിൽ തേങ്ങ കൂട്ടിയിടേണ്ട അവസ്ഥയിലാണ് കർഷകർ. മേഖലയിലെ രണ്ട് കൃഷിഭവനുകളിലായി ആഴ്ചയിൽ 10 ടൺ തേങ്ങയാണ് സംഭരിക്കുന്നത്. അതേസമയം അതിർത്തി പഞ്ചായത്തുകളിൽ നിന്നുമാത്രം പ്രതിദിനം 100 ടണ്ണിലധികം തേങ്ങ തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നുണ്ട്.

തമിഴ്നാട്ടിൽ

താങ്ങുവില

30 രൂപ

കർഷകരെ ചൂഷണം ചെയ്തുകൊണ്ടാണ് തമിഴ്നാട്ടിൽ നിന്നുള്ള കച്ചവടക്കാർ കെട്ടിക്കിടക്കുന്ന തേങ്ങ വാങ്ങി തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നത്. പൊതിച്ച തേങ്ങ കിലോയ്ക്ക് 20 രൂപ നിരക്കിൽ വാങ്ങുമ്പോൾ അതിൽ രണ്ട് രൂപ തേങ്ങ പറിയ്ക്കാനും പൊതിക്കാനുമുള്ള കൂലിയായി ഈടാക്കുന്നുണ്ട്. തമിഴ്നാട് സർക്കാർ 30 രൂപ താങ്ങുവില നൽകിയാണ് തേങ്ങ സംഭരിക്കുന്നത്. കൂടാതെ കൊപ്രയാക്കി നൽകിയാൽ കിലോഗ്രാമിന് 110 രൂപയും നൽകുന്നുണ്ട്. ഇവിടെ നിന്നു തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന തേങ്ങ തമിഴ്നാട്ടിലെത്തിയാൽ മികച്ച വില ലഭിക്കും. സംസ്ഥാന സർക്കാർ പച്ചത്തേങ്ങ സംഭരണം കാര്യക്ഷമമാക്കി വിലയിടിവിൽ നിന്നും ചൂഷണത്തിൽ നിന്നും സംരക്ഷിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

നാളികേര വിലയിടിവ് കാരണം കർഷകർ പ്രതിസന്ധി നേരിടുമ്പോഴും സർക്കാർ നിസംഗത തുടരുന്നത് ശരിയല്ല. വിലത്തകർച്ച 200 ശതമാനമായപ്പോൾ ഉത്പാദന ചെലവ് ഇരട്ടിയാകുന്ന ദുർഗതിയിലാണ് കേരകർഷകർ. മേഖലയിൽ ഉത്പാദിപ്പിക്കുന്ന ലക്ഷക്കണക്കിനു തേങ്ങ വാങ്ങാൻ ആളില്ലാത്തതിനാൽ മുളച്ചു നശിക്കുകയാണ്. യു.ഡി.എഫ് സർക്കാർ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചിരുന്നെങ്കിലും എൽ.ഡി.എഫ് സർക്കാർ അത് കാര്യക്ഷമമായി തുടർന്നില്ല. സർക്കാർ അടിയന്തരമായി നാളികേര സംഭരണം നടത്തുകയും നഷ്ടമുണ്ടായ കർഷകർക്ക് ധനസഹായം നൽകുകയും ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.

സംഭരണം

55 സ്ഥലത്ത്

കഴിഞ്ഞ ജനുവരി മുതലാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് കേരഫെഡ് മുഖേന പച്ചത്തേങ്ങ സംഭരണം ആരംഭിച്ചത്. ഒക്ടോബറായിട്ടും സംഭരണം പച്ചപിടിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇതുവരെ സംഭരിച്ചത് വെറും 2400 ടൺ പച്ചത്തേങ്ങ . 941 പഞ്ചായത്തുകൾ ഉൾപ്പെടെ 1034 തദ്ദേശസ്ഥാപനങ്ങളുള്ള കേരളത്തിൽ ആകെയുള്ളത് 55 സംഭരണകേന്ദ്രം മാത്രം. കേരളത്തിലെ നാളികേര കർഷകരോടുള്ള ഭരണകൂടത്തിന്റെ സാമൂഹ്യ പ്രതിബദ്ധത എത്രയെന്ന് ഈ കണക്കുകൾ വ്യക്തമാക്കും. സംഭരണം ആരംഭിക്കുമ്പോൾ 29 രൂപ ഉണ്ടായിരുന്ന പച്ചത്തേങ്ങയുടെ നിലവിലെ വില 22 രൂപ.

2012ൽ തേങ്ങയ്ക്ക് വിലയിടിഞ്ഞപ്പോൾ അന്ന് കേരഫെഡ് വഴി പച്ചത്തേങ്ങ സംഭരിച്ച് വിപണിവില ഉയർത്തിയ ചരിത്രമുണ്ട് കേരളത്തിന്. 11 രൂപയായിരുന്നു അന്ന് പച്ചത്തേങ്ങവില. സംഭരണം തുടങ്ങിയശേഷം വില 37 രൂപയിലെത്തി.

കൊപ്രയ്ക്കും

തകർച്ച തന്നെ

ചരിത്രത്തിൽ കൊപ്രയുടെ വിപണിവില താങ്ങുവിലയേക്കാൾ താഴ്ന്നത് 2012ലാണ്. അന്ന് 5100 രൂപയായിരുന്നു താങ്ങുവില. വിപണിവില 4215 രൂപയും. കുറഞ്ഞത് 885 രൂപ. 2022ൽ താങ്ങുവില 10,590 രൂപ. കേരള വിപണിയിലെ വില 8600 രൂപയും. കുറവ് 1990 രൂപ മുതൽ 2590 രൂപവരെ. കമ്മിഷൻ ഫോർ അഗ്രിക്കൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസ് (സി.എ.സി.പി.) കണക്കുപ്രകാരം കേരളത്തിൽ കൊപ്രയുടെ ഉത്പാദനച്ചെലവ് ക്വിന്റലിന് 8642 രൂപയാണ്. ഇതിലും താഴെയാണ് ഇപ്പോൾ കിട്ടുന്ന വില. ഇത്തരം ഘട്ടങ്ങളിൽ സംഭരണം തുടങ്ങി വിലയിടിവിനെ അതിജീവിക്കുമെങ്കിലും ആറുമാസം സംഭരണത്തിന് കേന്ദ്ര കൃഷിമന്ത്രാലയം സമയം അനുവദിച്ചിട്ടും കേരളം സംഭരിച്ചത് വെറും 116 ടൺ കൊപ്ര. 50,000 ടൺവരെ സംഭരിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും സാങ്കേതിക പ്രശ്നത്തിന്റെ പേരിൽ അവസരം വിനിയോഗിച്ചില്ല. തമിഴ്നാട് 15,142 ടൺ കൊപ്ര ഇക്കാലയളവിൽ സംഭരിച്ചു. ആറുമാസക്കാലാവധി കഴിഞ്ഞിട്ടും കൊപ്രവില കൂടിയിട്ടില്ലെന്ന് മാത്രമല്ല, സംഭരണം നിറുത്തിയശേഷം വില ക്വിന്റലിന് 300 രൂപ കുറയുകയും ചെയ്തു.

വെളിച്ചെണ്ണയുടെ

ആഭ്യന്തര ഉപയോഗം

വർദ്ധിപ്പിക്കണം

നിലവിൽ സംസ്ഥാനത്തെ നാളികേര കർഷകർ നേരിടുന്ന വില തകർച്ചയും അതിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയും മറികടക്കാൻ വെളിച്ചെണ്ണയുടെ ആഭ്യന്തര ഉപയോഗം വർദ്ധപ്പിക്കുക മാത്രമേ വഴിയുള്ളൂ.

നമ്മുടെ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സസ്യ എണ്ണകളുടെ കണക്ക് ഇങ്ങനെയാണ്: 2021 - 22 വർഷം ഇന്ത്യയിൽ ആകെ ഉത്പാദിപ്പിച്ചത് 5.56 ലക്ഷം ടൺ വെളിച്ചെണ്ണ. ഇതേവർഷം ഇറക്കുമതി ചെയ്ത മറ്റ് സസ്യ എണ്ണകൾ 1.43 കോടി ടൺ വരും. ഇതിൽ പാം ഓയിൽ മാത്രം 81.67 ലക്ഷം ടൺ. സൂര്യകാന്തി എണ്ണയ്ക്ക് ലിറ്ററിന് ഇപ്പോൾ 165 രൂപ വിലയുണ്ട്. ഇന്തോനേഷ്യയിൽ നിന്നുള്ള കയറ്റുമതി നിരോധനത്തെ തുടർന്ന് പാംഓയിൽ വില രണ്ടുമാസംമുമ്പ് 160 രൂപവരെ എത്തിയിരുന്നു. എന്നിട്ടുപോലും വെളിച്ചെണ്ണയ്ക്ക് വിപണിയിൽ ഒരു ചലനവും ഉണ്ടാക്കാനായില്ല. ഇപ്പോഴും ലിറ്ററിന് 150 -165 രൂപയാണ് വെളിച്ചെണ്ണ വില.

വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണകളുടെ ഉപയോഗം കുറച്ച് നമ്മുടെ അടുക്കളയിൽ വെളിച്ചെണ്ണ തിരിച്ചുവരവ് നടത്തിയാൽ മാത്രമേ ഈ മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമാകൂ.

പുതിയ സീസൺ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. മികച്ച കാലവർഷം സമ്മാനിച്ചനേട്ടം അടുത്ത സീസണിൽ നാളികേര ഉത്പാദനം ഉയർത്തും. സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ഈ മേഖലയ്‌ക്കാവശ്യമായ തീരുമാനങ്ങളെടുത്താൽ മാത്രമേ വിലത്തകർച്ചയുടെ അടുത്ത ഘട്ടത്തെ നമുക്ക് തടയാനാകൂ. മില്ലുകാർ കയറ്റുമതി വിപണിയിൽ പുതിയ സാദ്ധ്യതകൾ കണ്ടെത്തിയാൽ കേരളത്തിനും തമിഴ്നാടിനും കർണാടകത്തിനും സുഖമായി മുന്നോട്ട് പോകാം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ തഴഞ്ഞ് നാളികേര വികസന ബോർഡ് ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ വൻ വികസനങ്ങൾക്കായി കോടികൾ ഒഴുക്കുകയാണ്. തെങ്ങു കൃഷി, മൂല്യാധിഷ്ടിത ഉത്പന്ന നിർമ്മാണം എന്നിവയ്ക്കായി 560 കോടിയിൽ അധികം രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളും യൂറോപ്പിലും മാത്രമല്ല ആഫ്രിക്കൻ രാജ്യങ്ങളിലും വെളിച്ചെണ്ണയ്ക്കും നാളികേര ഉത്‌പന്നങ്ങൾക്കും പുതിയ വിപണികൾ കണ്ടെത്താനായാലേ നമുക്ക് നിലനിൽപ്പുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRISIS IN COCONUT FARMING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.