SignIn
Kerala Kaumudi Online
Friday, 19 April 2024 6.31 PM IST

കേരളത്തിൽ നടക്കുന്നത് മോട്ടോർ വാഹന നിയമങ്ങളുടെ ലംഘനം മാത്രം, കോടതി ഉത്തരവിനും പുല്ലുവില, തെളിവായി വടക്കഞ്ചേരി അപകടം

accident

തിരുവനന്തപുരം: കേരളത്തിൽ വിനോദയാത്രകൾക്കും രാത്രി യാത്രകൾക്കും ശക്തമായ നിയമങ്ങൾ ഉണ്ട്. ഒപ്പം യാത്രകൾക്ക് ഉപയോഗിക്കേണ്ട വാഹനങ്ങൾ എങ്ങനെയായിരിക്കണമെന്നതുസംബന്ധിച്ച് ഹൈക്കോടതി നിർദ്ദേശവും ഉണ്ട്. പക്ഷേ ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്ന് മാത്രം. ഇന്നലെ വടക്കഞ്ചേരിൽ ഒമ്പതുപേരുടെ ജീവനെടുത്ത ബസ് അപകടം ഉണ്ടായതിന് കാരണവും നിയമങ്ങളുടെ നഗ്നമായ ലംഘനമായിരുന്നു. അപകടമുണ്ടാകുമ്പോൾ അധികൃതർ നിയമങ്ങളുമായി സടകുടഞ്ഞെഴുന്നേൽക്കുമെങ്കിലും മണിക്കൂറുകൾക്കകം അവരുടെ ആവേശം തണുക്കും. പലപ്പപ്പോഴും രാഷ്ട്രീയക്കാരുടെ കണ്ണുരട്ടലിലാണ് ഇവർ പേടിക്കുന്നത്.

അമിത വേഗമായിരുന്നു വടക്കഞ്ചേരി അപകടത്തിന് പ്രധാന കാരണം. അപകടത്തിൽപ്പെടുമ്പോൾ മണിക്കൂറിൽ 97.2 കിലോമീറ്റർ വേഗതയിലായിരുന്നു ബസ് സഞ്ചരിച്ചിരുന്നത്. വിനോദയാത്രകൾക്കും മറ്റും പോകുന്ന ബസുകൾക്ക് സ്പീഡ് ഗവണർ വച്ച് വേഗത 60 കിലോമീറ്റർ ആയി നിജപ്പെട്ടുത്തിയിട്ടുണ്ട്. പരിശോധനയിൽ സ്പീഡ് ഗവർണർ ഘടിപ്പിക്കാത്ത വണ്ടികൾക്ക് ആർ ടി ഒ ഫിറ്റ്നസ് നൽകാറുമില്ല. പക്ഷേ അപകടത്തിൽപ്പെട്ട ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. ബസിന്റെ വേഗം കൂടിയപ്പോൾ, അപകടത്തിന് മുമ്പ് ബസുടമയ്ക്ക് രണ്ടുവട്ടം അലാറമെത്തിയത്. രാത്രി 10.18നും 10.56നുമായിരുന്നു അത്. ബസിലുണ്ടായിരുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനത്തിലൂടെയാണ് (വി.എൽ.ടി.ഡി) അലാറം നൽകുന്നത്. ബസിൽ ഘടിപ്പിച്ചിരുന്ന സ്പീഡ് ഗവർണറിൽ മാറ്റം വരുത്തിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിട്ടുണ്ട്.

കോടതി ഉത്തരവിനും മൈൻഡില്ല

വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെ സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ടൂറിസ്റ്റ് ബസുകളുടെയും ട്രാവലറുകളുടെയും ഉൾവശം മിന്നിത്തിളങ്ങുന്ന ബൾബുകളും ഹൈപവർ ഓഡിയോ സിസ്റ്റവുമൊക്കെ ഘടിപ്പിച്ച് ഡാൻസ് ഫ്ളോറാക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ജൂലായിലാണ് ഉത്തരവിട്ടത്. ഇത്തരം വാഹനങ്ങളെക്കുറിച്ചു പരാതിനൽകാൻ ഓരോജില്ലയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വാട്സാപ്പ് നമ്പർ പ്രസിദ്ധീകരിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദ്ദേശവും നൽകിയിരുന്നു. ടൂറിസ്റ്റ് ബസുകൾ, ട്രാവലറുകൾ തുടങ്ങിയവയെക്കുറിച്ച് യൂട്യൂബിലും മറ്റും വരുന്ന വീഡിയോകൾ പരിശോധിക്കാനും ഉത്തരവിട്ടിരുന്നു. പക്ഷേ ഇതൊന്നും ആരും മൈൻഡുചെയ്യില്ലെന്ന് മാത്രം.

രാത്രി യാത്ര പാടില്ല

മോട്ടോർ വാഹനവകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് 2007 മാർച്ച് 2ന് വിദ്യാഭ്യസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പാലിച്ചിരുന്നെങ്കിൽ ഇന്നലത്തെ അപകടം ഒഴിവാകുമായിരുന്നു.അടുത്തകാലത്തായി സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വിനോദയാത്ര പുറപ്പെടുന്നതു സന്ധ്യ കഴിയുമ്പോഴാണ്. വിനോദയാത്ര ആരംഭിക്കുന്നതിനു മുമ്പ് യാത്രാവിവരങ്ങൾ ബന്ധപ്പെട്ട ആർ.ടി.ഒയെ അറിയിക്കണമെന്ന് കഴിഞ്ഞ ജൂലായ് 7ന് മോട്ടോർ വാഹന വകുപ്പ് വിദ്യാഭ്യാസവകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. രൂപമാറ്റം വരുത്താത്ത വാഹനങ്ങളിലാവണം യാത്രയെന്നും ആ ഉത്തരവിൽ പറയുന്നു. യാത്രയുടെ സംഘാടകർ ആർ.ടി.ഒയെ വിവരം അറിയിച്ചിരുന്നുവെങ്കിൽ ബ്ലാക്ക് ലിസ്റ്റിൽപെട്ട വാഹനം ഉപയോഗിക്കാൻ അനുവദിക്കുമായിരുന്നില്ല.

സ്‌കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന കർശന നിർദ്ദേശം ഉണ്ട്.

രാത്രി 9 മണി മുതൽ രാവിലെ 6 വരെ യാത്ര പാടില്ല.കേരള ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ എന്നും നിർദ്ദേശിച്ചിട്ടുണ്ട്. 2020 മാർച്ച് 2 ലെ ഉത്തരവിൽ സമഗ്രമായ നിർദ്ദേശങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂർണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അദ്ധ്യാപകന് കൃത്യമായ ബോദ്ധ്യമുണ്ടാവണം. വിദ്യാർത്ഥികൾക്കും ഇത് സംബന്ധിച്ച് മുൻകൂട്ടി അറിവ് നൽകണം.അപകടകരമായ സ്ഥലങ്ങളിൽ യാത്ര പോകരുത്. അദ്ധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കണം എന്നിവയും നിർദ്ദേശങ്ങളിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUS ACCIDENT, VADAKAGERY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.