SignIn
Kerala Kaumudi Online
Sunday, 13 September 2026 2.14 AM IST

ഉണ്ടായത് വാക്കുപിഴ,​ ശ്രമിച്ചത് നെഹ്‌റുവിന്റെ ജനാധിപത്യ ബോധത്തെ ഉയർത്തിക്കാട്ടാൻ,​ വിശദീകരണവുമായി കെ സുധാകരൻ

ksudhakaran

കണ്ണൂർ: ജവഹർലാൽ നെഹ‌്റുവിനെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി കെ.പി.സി,​സി അദ്ധ്യക്ഷൻ കെ. സുധാകരൻ. ആധുനിക ഇന്ത്യയുടെ ശില്പിയും പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ മഹത്തായ ജനാധിപത്യ ബോധത്തെ ഉയർത്തിക്കാട്ടാനാണ് പ്രസംഗത്തിലൂടെ ശ്രമിച്ചതെന്ന് സുധാകരൻ വിശദീകരിച്ചു. എതിർശബ്ദങ്ങളെപ്പോലും കേൾക്കാനും പരിഗണിക്കാനുമുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ സഹിഷ്‌ണുതയെ ആഴത്തിൽ പരാമർശിക്കാനാണ് ശ്രമിച്ചത്.

നെഹ്റുവിനെ തമസ്‌ക്കരിക്കാനും ഗാന്ധിയെ നിന്ദിക്കാനും കോൺഗ്രസ് മുക്ത ഭാരതം പ്രാവർത്തികമാക്കാനും ശ്രമിക്കുന്ന സംഘപരിവാറിനെ ജനാധിപത്യമൂല്യങ്ങൾ ഓർമ്മപ്പെടുത്താനാണ് പ്രസംഗത്തിൽ പഴയകാല ചരിത്രം പരാമർശിച്ചത്. എന്നാൽ, അതിനിടയിലുണ്ടായ വാക്കുപിഴ ഞാൻ മനസിൽപോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണ് അതിനെ എത്തിച്ചത്. അത് കോൺഗ്രസിനെയും യുഡിഎഫിനെയും എന്നെയും സ്‌നേഹിക്കുന്നവർക്ക് ഇടയിലുണ്ടാക്കിയ വേദനയിൽ എനിക്ക് അതിയായ ദുഃഖമുണ്ടെന്നും കെ. സുധാകരൻ പറഞ്ഞു.

എല്ലാ വർഗീയതയെയും ഒരുപോലെ എതിർക്കുക എന്നതാണ് തന്റെയും പാർട്ടിയുടെയും നിലപാടെന്നും സുധാകരൻ വിശദീകരിച്ചു.അതിന് തനിക്ക് കിട്ടിയ ജനകീയ അംഗീകാരമാണ് തെരഞ്ഞെടുപ്പുകളിലെ വിജയം. തന്നെ സ്‌നേഹിക്കുന്ന നല്ലവരായ ജനാധിപത്യ മതേതര ബോധമുള്ള ആർക്കും തന്റെ നിലപാടുകളെ സംശയത്തോടെ നോക്കി കാണാൻ കഴിയില്ലെന്ന ഉത്തമബോധ്യമുണ്ട്. കോൺഗ്രസിൽ ജനിച്ച്, കോൺഗ്രസുകാരനായി വളർന്ന്, കോൺഗ്രസുകാരനായി പ്രവർത്തിച്ച്, കോൺഗ്രസുകാരനായി മരിക്കാനാണ് ഇഷ്ടമെന്നും സുധാകരൻ പറഞ്ഞു.

കണ്ണൂരിലെ നവോത്ഥാന സദസിൽവച്ചായിരുന്നു കെ സുധാകരന്റെ വിവാദ പരാമർശം. ആർ.എസ്.എസ് നേതാവായ ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിക്കൊണ്ട് നെഹ്റു വർഗീയ ഫാസിസത്തോട് സന്ധിചെയ്യാൻ തയ്യാറായെന്നായിരുന്നു സുധാകരൻ പറഞ്ഞത്. എ കെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കിയത് നെഹ്റുവിന്റെ ഉയർന്ന ജനാധിപത്യ ബോധമാണ് കാണിക്കുന്നതെന്നും മറ്റൊരു നേതാവും ഇങ്ങനെ ചെയ്യില്ലെന്നും സുധാകരൻ പറഞ്ഞു. വിമർശനങ്ങൾക്ക് നെഹ്റു വലിയ സ്ഥാനമാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K SUDHAKARAN, KPCC, CONGRESS, NEHRU, JAWAHARLAL NEHRU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA