SignIn
Kerala Kaumudi Online
Tuesday, 22 September 2026 12.41 AM IST

ഗവർണറുടെ അതിഥികൾക്കായി ആവശ്യപ്പെട്ടത് മൂന്ന് കാറുകൾ

ee

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അതിഥികൾക്ക് സഞ്ചരിക്കാൻ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവർമാരെയും ആവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്രകുമാർ ദൊഡാവത്ത് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെഴുതിയ കത്ത് അനൗദ്യോഗികമായി പുറത്തുവിട്ട് സർക്കാർ. കുടുംബശ്രീയിൽ നിന്നെത്തിയ ഇരുപത് കാഷ്വൽ ജീവനക്കാരെയും ഫോട്ടോഗ്രാഫറെയും സ്ഥിരപ്പെടുത്താനുള്ള ശുപാർശക്കത്ത് കഴിഞ്ഞ ദിവസം പുറത്തുവിട്ടതിന് പിന്നാലെയാണിത്.

ടൂറിസം വകുപ്പിൽ നിന്ന് കാറുകൾ വിട്ടുനൽകാനാവശ്യപ്പെട്ട് 2021 സെപ്തംബർ 23നെഴുതിയതാണ് കത്ത്. 2021ഒക്ടോബർ പത്തു മുതൽ 2022 മാർച്ചുവരെ ഗവർണറുടെ കൂടുതൽ അതിഥികൾ രാജ്ഭവനിലെത്തുമെന്നും അവർക്ക് സഞ്ചരിക്കാൻ കൂടുതൽ വാഹനങ്ങൾ വേണമെന്നുമായിരുന്നു ആവശ്യം. രാജ്ഭവനിൽ വാഹനങ്ങളുടെ കുറവുള്ളതിനാലാണ് ഇതെന്നും കത്തിലുണ്ട്. രാജ്ഭവന്റെ ആവശ്യത്തിന് മാസത്തിൽ പരമാവധി പത്തുദിവസത്തേക്ക് ടൂറിസം വകുപ്പിൽ നിന്ന് വാഹനങ്ങൾ വിട്ടുനൽകാമെന്ന് 2020 ഫെബ്രുവരി 19ന് പൊതുഭരണ വകുപ്പ് കത്ത് നൽകിയിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഉത്തർപ്രദേശിലെ മന്ത്രിമാരും മുൻമന്ത്രിമാരുമടക്കം വി.ഐ.പി അതിഥികളെത്തിയപ്പോഴാണ് അവരുടെ യാത്രയ്ക്ക് കൂടുതൽ വാഹനങ്ങൾ ആവശ്യപ്പെട്ടതെന്നും ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും കത്തു പുറത്തുവന്നതിന് പിന്നാലെ രാജ്ഭവൻ വ്യക്തമാക്കി. സാധാരണഗതിയിൽ ഇത്തരം ആവശ്യങ്ങൾക്ക് ടൂറിസം വകുപ്പിന്റെ വാഹനങ്ങൾ ആവശ്യപ്പെടുക കാലാകാലങ്ങളായുള്ള പതിവാണ്. അതിഥികളുടെ യാത്രകൾ ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥന്റെ ശുപാർശ പ്രകാരമാണ് പ്രിൻസിപ്പൽ സെക്രട്ടറി കത്തെഴുതിയത്.

ഇതൊന്നും ഗവർണർ അറിഞ്ഞുകൊണ്ടല്ല. ആവശ്യം കഴിഞ്ഞ് വാഹനങ്ങൾ തിരിച്ചുകൊടുക്കും. ഗവർണറുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഉത്തർപ്രദേശിൽ മന്ത്രിമാരായുണ്ട്. കോവളം, വർക്കല, കന്യാകുമാരി എന്നിവിടങ്ങളിലേക്കായിരുന്നു ഇവരുടെ യാത്രയെന്നും രാജ്ഭവൻ വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJBHAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA