SignIn
Kerala Kaumudi Online
Sunday, 04 December 2022 8.58 PM IST

വിവരാവകാശ നിയമം നേരെ സഞ്ചരിക്കട്ടെ

photo

രാജ്യത്തെ അധികാര സ്ഥാപനങ്ങളുടെ പ്രവർത്തനം കാര്യക്ഷമവും സുതാര്യവും അഴിമതി മുക്തവുമാക്കാനാണ് 2005 ഒക്‌ടോബർ 12 ന് വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത്. അന്നു മുതൽ തുടങ്ങിയ ചർച്ചകൾ ഇന്നും അവസാനിക്കുന്നില്ലെന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത. നിയമത്തിന്റെ ചൂടറിഞ്ഞവർ നിരവധിപ്പേർ. ചിലർ മറ്റുള്ളവരെ ദ്രോഹിക്കാനായി നിയമത്തെ ദുരുപയോഗം ചെയ്‌തെന്ന് വിമർശിക്കുന്നവരും കുറവല്ല. ജനാധിപത്യം എന്ന വാക്കിന്റെ അർത്ഥം ശരിയായ വിധത്തിലേക്കെത്തിയത് വിവരാവകാശ നിയമം നടപ്പിലാക്കിയതോട‌െയാണെന്ന് വാദിക്കുന്നവരുമുണ്ട്. ഇപ്പോൾ ഈ നിയമം വീണ്ടും ചർച്ചയാകുന്നത് കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച പുതിയ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാബില്ലിലെ കരട് വ്യവസ്ഥകളാണ്. വിവരാവകാശ നിയമത്ത ദുർബലമാക്കുന്നതാണ് കരടിൽ അ‌ടങ്ങിയിരിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. ഇപ്പോൾത്തന്നെ ഉദ്യോഗസ്ഥർക്കെതിരെയുള്ള അച്ചടക്ക നടപടികൾ പലതും പൊതുതാത്പര്യമില്ലെന്ന കാരണം നിരത്തി തള്ളാറുണ്ട്. ഇതിന് കൂടുതൽ ശക്തി പകരുന്നതാണ് പുതിയ ഭേഭഗതിയെന്ന് വിവരാവകാശ പ്രവർത്തകർ വിലയിരുത്തുന്നു.

സമൂഹമാദ്ധ്യമങ്ങൾ മുതൽ ബാങ്കുകൾ വരെ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ എന്തിന് ഉപയോഗിക്കുന്നുവെന്ന് ഉപഭോക്താവിനെ അറിയിക്കേണ്ട വിധത്തിലേക്ക് ഡിജിറ്റൽ വ്യക്തിഗത വിവര സുരക്ഷാ ബിൽ കേന്ദ്ര സർക്കാർ പൊതുജനാഭിപ്രായത്തിനായി കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ ഘട്ടത്തിൽ ഏറെ ചർച്ചകൾക്ക് വഴിതെളിഞ്ഞ ബില്ലിന്റെ കരടു രൂപം എതിർപ്പ് ശക്തമായതോടെ ആഗസ്‌റ്റിൽ പിൻവലിച്ചിരുന്നു. ഇതിനു പകരമായാണ് പുതിയ ബിൽ അവതരിപ്പിക്കുന്നത്. ബില്ലിലെ മിക്ക വ്യവസ്ഥകളും സർക്കാർ സ്ഥാപനങ്ങൾക്ക് ഇളവു നൽകുന്നതാണ് എന്നതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്. നിയമം ഉദ്യോഗസ്ഥർക്ക് ബാധകമല്ലാത്ത വിധത്തിലേക്ക് മാറുന്നതോടെ വിവരാവകാശ നിയമത്തിന്റെ പ്രസക്തി ഇല്ലാതാകുമെന്നാണ് വാദം. എന്നാൽ, വ്യക്തിഗത വിവരങ്ങൾ കൈമാറുന്നതിൽ കർശനമായ മാർഗനിർദ്ദേശങ്ങളാണ് ഭേദഗതിയിലൂടെ നടപ്പാകുന്നതെന്ന് കേന്ദ്ര സർക്കാരും അവകാശപ്പെടുന്നു.

സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മാത്രമായിരിക്കും പ്രധാനമായും പുതിയ ബിൽ ബാധകമാകുക. ഓൺലൈനായി ശേഖരിക്കുന്ന വിവരങ്ങളും ഓഫ്‌ലൈനായി സ്വീകരിച്ച് പിന്നീട് ഡിജിറ്റൈസ് ചെയ്യുന്ന വിവരങ്ങളും ബില്ലിന്റെ പരിധിയിൽ വരും. ഒരു സ്ഥാപനം ഡേറ്റ എന്തിനൊക്കെ ഉപയോഗിച്ചെന്ന് അറിയാൻ അവകാശം നൽകുന്ന വ്യവസ്ഥ ബില്ലിലുണ്ടെന്നത് എടുത്തു പറയേണ്ടതാണ്.

കുട്ടികളും ഡാറ്റയും

18 വയസിൽ താഴെയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുമ്പോൾ രക്ഷിതാവിന്റെ അനുമതി വേണമെന്ന് ബിൽ നിഷ്‌‌കർഷിക്കുന്നുണ്ട്. സ്ഥാപനങ്ങൾ ഡാറ്റ ഉപയോഗിച്ച് കുട്ടികളെ ട്രാക്ക് ചെയ്യാനോ പെരുമാറ്റം നിരീക്ഷിക്കാനോ പാടില്ല. കുട്ടികളുടെ ഡാറ്റ അടിസ്ഥാനമാക്കി പരസ്യങ്ങൾ നൽകുകയും അരുത്. ഫേസ്ബുക്ക് പോലെയുള്ള കമ്പനികൾ കുട്ടികളുടെ അക്കൗണ്ടുകളിലൂടെ ഇന്റർനെറ്റ് ബ്രൗസിംഗ് രീതി അടിസ്ഥാനമാക്കി പരസ്യങ്ങൾ ചെയ്യരുതെന്ന് വ്യക്തം.

സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്‌താൽ ഒരു തരത്തിലുള്ള വ്യക്തിവിവരവും കമ്പനികൾ പിന്നീട് സൂക്ഷിക്കാൻ പാടില്ല. നേരത്തെ സമൂഹ മാദ്ധ്യമ കമ്പനികൾ വ്യക്തികളുടെ വിവരങ്ങൾ അവരെ ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു.

ഈ ബില്ല് അതേപടി നിയമമായാൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങുമ്പോൾ തിരിച്ചറിയൽ രേഖയുടെ ഫോട്ടോസ്റ്റാറ്റ് സ്വീകരിക്കും മുമ്പ് അത് എന്തിനെന്ന് അധികൃതർ അറിയിച്ചിരിക്കണം. ഫേസ്ബുക്കിൽ ജനനത്തീയതി നൽകുമ്പോൾ എന്തിനാണെന്ന് അറിയാൻ ഓരോരുത്തർക്കും അവകാശമുണ്ട്. ഓഫീസിൽ ഒരാൾ നൽകിയ വ്യക്തി വിവരങ്ങൾ പിന്നീട് പിൻവലിച്ചാൽ ആ ഓഫീസിന് മുന്നറിയിപ്പ് ഇല്ലാതെ സേവനം അവസാനിപ്പിക്കാൻ കഴിയും. ജോലിസ്ഥലത്തെ പഞ്ചിംഗ് മെഷീനിൽ ബയോമെട്രിക് വിവരം നൽകുന്നത് നാം സ്വമേധയാ വിവരം കൈമാറുന്നതിന് തുല്യമായിരിക്കും. ഒരു സ്ഥാപനത്തിന് നൽകിയ വിവരങ്ങൾക്ക് പുറമേ അനാവശ്യ വ്യക്തിവിവരങ്ങൾ വീണ്ടും ആവശ്യപ്പെട്ടാൽ നൽകാതിരിക്കാം. അനാവശ്യ വിവരം നല്കിയില്ലെന്ന പേരിൽ സേവനം നിഷേധിക്കരുതെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.

വ്യക്തിവിവരം

സ്വീകരിക്കുമ്പോൾ

വ്യക്തികളിൽനിന്ന് വിവരം ശേഖരിക്കുമ്പോൾ ഇനം തിരിച്ച് ഉദ്ദേശ്യം കൃത്യമായി ഉപയോക്താവിനെ അറിയിക്കുകയും അനുമതി വാങ്ങുകയും വേണം. വ്യക്തികൾക്ക് അവർ നൽകുന്ന അനുമതി എപ്പോൾ വേണമെങ്കിലും റദ്ദാക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ബിൽ നിയമമാകുന്നതിന് മുമ്പ് സ്ഥാപനങ്ങൾക്കും സൈറ്റുകൾക്കും നൽകിയ വിവരങ്ങൾ എന്തൊക്കെയാണെന്നും അവ എന്തിന് ഉപയോഗിച്ചെന്നും ഉപയോക്താവിനെ അറിയിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

വിവരസുരക്ഷ ഉറപ്പാക്കാൻ സിവിൽ കോടതിക്ക് തത്തുല്യമായ അധികാരമുള്ള ഡാറ്റാ പ്രൊട്ടക്‌ഷൻ ബോർഡും ബില്ലിൽ വിഭാവനം ചെയ്യുന്നു. ഇതിലൂടെ വ്യക്തികളെ വിളിച്ചുവരുത്താനും രേഖകളും കമ്പ്യൂട്ടറുകളും പരിശോധിക്കാനും കഴിയും ബോർഡിനെതിരെയുള്ള അപ്പീൽ ഹൈക്കോടതികളാണ് പരിഗണിക്കുക. ഒരാവശ്യത്തിന് സ്വമേധയാ വിവരങ്ങൾ കൈമാറുമ്പോൾ അത് നിശ്ചിത ആവശ്യത്തിന് ഉപയോഗിക്കാനുള്ള അനുമതി മാത്രമായിരിക്കും സ്ഥാപനത്തിനുണ്ടാകുക. നേരത്തെ നൽകിയ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും കൂട്ടിച്ചേർക്കാനും അതത് സ്ഥാപനങ്ങളോട് വ്യക്തികൾക്ക് ആവശ്യപ്പെടാം. കമ്പനികൾ വിവരം പങ്കിടുന്നതുമായി ബന്ധപ്പെട്ട് സുപ്രധാധ മാറ്റം ബില്ലിലുണ്ട്. കമ്പനികൾ പരാതി പരിഹാര സംവിധാനങ്ങൾ തുടങ്ങണമെന്നാണ് അതിലൊന്ന്. പരാതി നൽകി ഏഴു ദിവസത്തിനകം മറുപടിയില്ലെങ്കിൽ ബോർഡിനെ സമീപിക്കാം. മരണത്തിന് ശേഷം ഡാറ്റായുടെ അവകാശം ആർക്കെന്നും മുൻകൂട്ടി നിശ്‌ചയിക്കാൻ കഴിയും. സർക്കാർ നിശ്‌ചയിക്കുന്ന രാജ്യങ്ങളിലേക്ക് മാത്രമേ കമ്പനികൾക്ക് ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ കൈമാറാനും സാധിക്കൂ.

വിവരച്ചോർച്ച അടക്കമുള്ള കാര്യങ്ങളിൽ 500 കോടി രൂപ വരെ പിഴയീടാക്കാൻ പുതിയ ബിൽ വിഭാവനം ചെയ്യുന്നു. നേരത്തെ കമ്പനികളുടെ ആഗോള വാർഷിക വിറ്റുവരവിന്റെ നാലു ശതമാനമായിരുന്നു. വിവരസുരക്ഷാ ബോർഡിൽ നൽകുന്ന പരാതികൾ വ്യാജമാണെന്ന് കണ്ടെത്തിയാൽ 10000 രൂപ വരെ പിഴയീടാക്കാം. കുട്ടികളുടെ വിവരം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ 250 കോടി രൂപയും പിഴ ഈടാക്കാൻ കഴിയും.

വ്യക്തികളുടെ കുടുംബപരമായ കാര്യങ്ങളും സ്വകാര്യതയുമല്ല വിവരാവകാശ നിയമപ്രകാരം തേടുന്നത്. ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവരോട് പൊതുതാത്പര്യം മുൻനിറുത്തിയാണ് ചോദ്യങ്ങൾ. ഇപ്പോൾ പലതും പൊതുതാത്‌പര്യത്തിന് ഹാനികരമാണെന്ന് വിലയിരുത്തിയാണ് അപേക്ഷകൾ തള്ളുന്നത്. ഈ ബിൽ നിയമമായാൽ ഒരു കാര്യത്തിലും മറുപടി ലഭിക്കില്ലെന്ന ആശങ്ക ദൂരികരിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇക്കാര്യങ്ങളിലുള്ള ആക്ഷേപം അറിയിക്കാൻ ഡിസംബർ 17 വരെ സർക്കാർ സമയം അനുവദിച്ചിട്ടുണ്ട്. അതൊരു കണ്ണിൽ പൊടിയിടുന്ന നടപടിയാകരുത്. അഭിപ്രായ ഏകീകരണത്തോടെയായിരിക്കും ഭേദഗതി നടപ്പാക്കേണ്ടത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RIGHT TO INFORMATION ACT
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.