SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.32 PM IST

പച്ചമരങ്ങൾ പെയ്‌തുതീരാതെ...

satheesh-babu-payyanur

ഈ വർഷത്തെ കേരള കൗമുദി ഓണപ്പതിപ്പിൽ സതീഷ് ബാബു പയ്യന്നൂർ എഴുതിയ കഥയുടെ പേര് പച്ചമരങ്ങൾക്കിടയിലൂടെ അവൾ പറന്നുപോയി എന്നാണ്. സാഹിത്യ അക്കാഡമി മുറ്റത്തെ പച്ചമരങ്ങളും അതിൽ കൂടുകൂട്ടിയ കാറ്റും ഇളകിക്കൊണ്ടിരുന്ന ഇലകളും മർമ്മരം പൊഴിക്കുന്ന വ്യത്യസ്തമായ കഥ. ആ കഥയുടെ അവസാനത്തിനുമുണ്ടായിരുന്നു പുതുമ.

'ജയന്തൻ ഫോൺ കട്ട് ചെയ്തു. അയാൾ ദൂരെ കടൽപ്പരപ്പിലേക്ക് നോക്കി. നങ്കൂരമിട്ട ചില കപ്പലുകളിൽനിന്ന് നറുവെളിച്ചം മിന്നിപ്പൊലിയുന്നുണ്ടായിരുന്നു. ഓളങ്ങൾക്ക് മേൽ ഒരു ചെറുകാറ്റ് വീശി.'

കഥ അയച്ചാൽ അഭിപ്രായം അറിയാൻ വിളിക്കും. ഇത്തവണത്തേത് വ്യത്യസ്തമായ ഒരു കഥയാണെന്നും സാഹിത്യ അക്കാഡമിയുടെയും എം.ടിയുടെയും ചിത്രങ്ങൾ വരപ്പിച്ചാൽ നന്നായിരിക്കുമെന്നും സൂചിപ്പിച്ചു.

കേരളകൗമുദി ഓണപ്പതിപ്പിലെ കഥയുടെ പ്രതിഫലം കിട്ടിയപ്പോഴും ഫോൺ വിളിച്ചു. സന്തോഷം വാക്കുകളുടെ പുറമേ ഉണ്ടായിരുന്നെങ്കിലും അതിനുള്ളിൽ ഉപ്പുകാറ്റിന്റെ സ്പർശം ഉണ്ടെന്നു തോന്നി.

തന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ആത്മാംശമുള്ള ഒരു പംക്തി വാരാന്ത്യ കൗമുദിയിൽ എഴുതുന്നതിൽ വലിയ അഭിമാനവും ആഹ്ളാദവുമായിരുന്നു. ആ കോളത്തിന് പേരിടുന്നതുമായി ബന്ധപ്പെട്ട് സതീഷ് ബാബു പലരുടെയും അഭിപ്രായങ്ങൾ തേടിയിരുന്നു. അദ്ദേഹം മനസിൽ കണ്ട പല പേരുകളിലും മഴയുടെ തണുപ്പുണ്ടായിരുന്നു. 'ചന്നം പിന്നം' എന്ന പേര് കേട്ടപ്പോൾത്തന്നെ എനിക്കും ഇഷ്ടപ്പെട്ടു. ചന്നം പിന്നം പെയ്‌തുകൊണ്ടേയിരിക്കുന്നതാണല്ലോ ജീവിതം . അതിൽ ആയുസിന്റെ പച്ചമരങ്ങളും ഉണക്കമരങ്ങളുമുണ്ട്. അമ്പതുവാരത്തിലധികം വാരാന്ത്യകൗമുദിയിൽ പ്രസിദ്ധീകരിക്കപ്പെട്ട പംക്തി ജനപ്രിയമായി.

മഴയോട് വല്ലാത്ത പ്രണയവും ആരാധനയുമായിരുന്നു സതീഷ് ബാബുവിന്. പല കഥകളിലും മഴയുടെ പോക്കുവരവുണ്ടായിരുന്നു. കഥകളുടെ പേരിലും മഴയുടെ കുളിർമയും നൈർമല്യവും നിറഞ്ഞിരുന്നു. പയ്യന്നൂരിലെ പാടത്ത് പെയ്യുന്ന മഴയും കുടകിലെ മഴയും തറവാട്ടുമുറ്റത്ത് പൂക്കളമിടുന്ന മഴത്തുള്ളികളും പലപ്പോഴും സംഭാഷണത്തിനിടെ പെയ്യുമായിരുന്നു.

ആൾക്കൂട്ടത്തിലെവിടെ നിന്നാലും ഉയരംകൊണ്ട് സതീഷ് ബാബു ശ്രദ്ധേയനായിരുന്നു. സൗമ്യമായ വാക്കുകളും പെരുമാറ്റവും കൊണ്ട് പരിചയപ്പെടുന്ന എല്ലാവരോടും ചിരകാല സുഹൃത്തിനെപ്പോലെ ചേർന്നുനിന്നു. കുലീനമായ ആ വാക്കുകൾക്ക് അകമ്പടിയായി സദാ പുഞ്ചിരിയുമുണ്ടാകും. കൊച്ചുകൊച്ചു സംഭാഷണ വേളകൾക്കും സൗമ്യത തുളുമ്പുന്ന ചിരിയുടെ സ്നേഹമുദ്രകൾ ചാർത്താൻ അസാധാരണമായ കഴിവുണ്ടായിരുന്നു സതീഷ് ബാബുവിന്.

പയ്യന്നൂർ വിട്ടിട്ട് ദശാബ്ദങ്ങളായെങ്കിലും മനസിൽ നിന്ന് പയ്യന്നൂരിലെ പഴയ പയ്യൻ വിട്ടുപോയിട്ടില്ലെന്ന് അഭിമാനത്തോടെ പറയുമായിരുന്നു. അലക്കിത്തേച്ച വടിവ് മാറാത്ത ഷർട്ട്, സ്വാഭാവിക വിശുദ്ധിയുള്ള പുഞ്ചിരി. പൊക്കം കൂടുതലുള്ളതിനാൽ വേഗതയുള്ള നടത്തം എന്നിവയായിരിക്കും സതീഷ് ബാബുവിന്റെ പേരിനൊപ്പം ഓർമ്മകളിലേക്ക് ഇനി കടന്നുവരിക.

തെക്ക് വടക്കൻ ഭേദങ്ങളൊന്നും സതീഷ് ബാബുവിന്റെ സംഭാഷണ ശൈലിയിലോ നിരീക്ഷണത്തിലോ ഉണ്ടായിരുന്നില്ല. നല്ല മനസും നല്ല പെരുമാറ്റവും സർഗപ്രതിഭയും തങ്ങളുടെ ദേശക്കാരുടെ കുത്തകയാണെന്ന അബദ്ധധാരണ തീണ്ടാത്ത മനസായിരുന്നു. ലോകത്തെവിടെയും സ്നേഹവെളിച്ചവും ദുഷ്ട തമസുമുണ്ടെന്ന് പല പയ്യന്നൂർ കഥകളും നമുക്ക് കാട്ടിത്തന്നു.

കഥയിലും സിനിമയിലും ഗന്ധർവനായി വാണരുളിയ പത്മരാജന്റെ കടുത്ത ആരാധകനായിരുന്നു സതീഷ് ബാബു. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളുടെ ചിത്രീകരണ സമയത്ത് ആ ബന്ധം ദൃഢമായെന്ന് ആഹ്ളാദം ചാറുന്ന അഭിമാനത്തോടെ പറയുമായിരുന്നു. പുലർകാലമഞ്ഞിലും സ്വപ്നങ്ങൾ ചന്നംപിന്നം പെയ്യുന്ന നിദ്ര‌യിലും പൂർത്തിയാക്കാത്ത കഥയുടെ മുന്തിരിവള്ളികൾക്കിടയിലൂടെ സതീഷ് ബാബു മറഞ്ഞിരിക്കുന്നു, തിരിച്ചു വീശാത്ത കാറ്റുപോലെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SATHEESH BABU PAYYANUR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.