SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.10 PM IST

ലാത്വിയൻ യുവതിയുടെ കൊല: ശിക്ഷാവിധി ഇന്ന്

Increase Font Size Decrease Font Size Print Page
court-judgement

* തെറ്റു ചെയ്തില്ല, കുറ്റബോധമില്ല: പ്രതികൾ
* പരമാവധി ശിക്ഷ നൽകണം: പ്രോസിക്യൂഷൻ

തിരുവനന്തപുരം: ലാത്വിയൻ യുവതിയെ കോവളത്ത് പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരൻ ഉമേഷ് എന്നിവർക്കുള്ള ശിക്ഷ ഒന്നാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാർ ഇന്ന് വിധിക്കും.

ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും എന്തെങ്കിലും പറയാനുണ്ടോയെന്നും ചെയ്ത തെറ്റിൽ കുറ്റബോധം ഉണ്ടോയെന്നും കോടതി ചോദിച്ചു. കുറ്റം ചെയ്യാത്തതിനാൽ കുറ്റബോധമില്ലെന്നും കുടുംബങ്ങൾ ദാരിദ്ര്യത്തിലാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതികൾ അറിയിച്ചു.

ശിക്ഷാവിധിയെ ലോകം ഉറ്റുനോക്കുകയാണെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസ് അപൂർവങ്ങളിൽ അപൂർവമാണ്. എന്നാൽ പ്രതികളുടെ പ്രായം കോടതിക്ക് പരിഗണിക്കാം. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് നിർദ്ദേശിക്കണം. ഈ സംഭവത്തിലൂടെ രാജ്യത്തിനു തന്നെ മോശം പ്രതിച്ഛായയുണ്ടായി. കേരളത്തിലെത്തിയ വിനോദസഞ്ചാരി മാനഭംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത് ആദ്യമാണ്. ശിക്ഷായിളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂട്ടർ മോഹൻരാജ് കോടതിയെ അറിയിച്ചു.

എന്നാൽ ശാസ്ത്രീയ, സാഹചര്യ തെളിവുകൾ പ്രതികൾക്ക് എതിരല്ലെന്നും പ്രതികളുടെ പ്രായവും ജീവിത സാഹചര്യങ്ങളും കോടതി പരിഗണിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. 2018ൽ ജാമ്യം കിട്ടിയ പ്രതികൾ നിയമവ്യവസ്ഥിതി പാലിച്ച് സമൂഹത്തിൽ ജീവിച്ചു. വധശിക്ഷയ്ക്ക് എതിരായ സുപ്രീംകോടതി ഉത്തരവുകളുണ്ടെന്നും ചൂണ്ടിക്കാട്ടി.

ജീവിക്കാൻ അനുവദിക്കണമെന്നും രണ്ടു സെന്റ് വസ്തുവിലെ വീട്ടിലാണ് താമസിക്കുന്നതെന്നും പ്രായമായ മാതാപിതാക്കൾക്ക് താൻ മാത്രമാണ് ആശ്രയമെന്നും ഒന്നാം പ്രതി ഉമേഷ് കോടതിയിൽ പറഞ്ഞു. പൊലീസാണ് പ്രതിയാക്കിയതെന്നും കുറ്റം ചെയ്തിട്ടില്ലെന്നും ഉദയകുമാറും പറഞ്ഞു.

രണ്ടു സെന്റ് വസ്തുവിൽ താമസിക്കുന്നവരിൽനിന്ന് എങ്ങനെ വലിയ നഷ്ടപരിഹാരം ഈടാക്കുമെന്ന് കോടതി ചോദിച്ചു. സർക്കാരിൽനിന്ന് സഹായം ലഭ്യമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. 376 (എ) (ബലാൽസംഗം ചെയ്തു കൊലപ്പെടുത്തൽ), 376 (ഡി) (കൂട്ടബലാൽസംഗം) എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും ഇതിനു വെവ്വേറെ ശിക്ഷയാണോ ആവശ്യമെന്നും കോടതി ആരാഞ്ഞു. വെവ്വേറെ ശിക്ഷ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ആയുർവേദ ചികിത്സയ്ക്ക് കേരളത്തിലെത്തിയ യുവതിയെ 2018 മാർച്ച് 14നാണ് കാണാതായത്. ഒരു മാസത്തിനുശേഷം വാഴമുട്ടത്തെ കണ്ടൽക്കാട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

TAGS: COURT JUDGEMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY