നടൻ ഉണ്ണി മുകുന്ദൻ നിർമിച്ച 'ഷെഫീക്കിന്റെ സന്തോഷം' എന്ന സിനിമയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നൽകിയിലെന്ന് ആരോപണവുമായി നടൻ ബാല രംഗത്ത്. തനിക്ക് പ്രതിഫലം നൽകിയില്ലെങ്കിലും കുഴപ്പമില്ല ബാക്കി പിന്നിൽ പ്രവർത്തിച്ച ആളുകൾക്ക് എങ്കിലും പണം നൽകണമെന്നാണ് ബാല ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ബാലയുടെ പ്രതികരണം. സംവിധായകൻ അടക്കമുള്ളവർക്ക് പണം നൽകിയിട്ടില്ലെന്നും ബാല പറഞ്ഞു. പരാതി കൊടുക്കുന്നില്ല പക്ഷേ ഉണ്ണി മുകുന്ദൻ കുറച്ച് കൂടി നന്നാകണം. അദ്ദേഹത്തിന് ശിക്ഷ വാങ്ങി കൊടുക്കാൻ തനിക്ക് ആഗ്രഹമില്ല. പക്ഷെ ഇങ്ങനെ ആളുകളെ പറ്റിച്ച് കൊണ്ടുള്ള സിനിമ ഇനി മലയാളത്തിൽ വേണ്ടെന്നും, മനുഷ്യൻ മനുഷ്യനായി ഇരിക്കണമെന്നും ബാല അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം ഇതിന് പ്രതികരണവുമായി 'ഷെഫീക്കിന്റെ സന്തോഷം' ചിത്രത്തിന്റെ സംവിധായകൻ രംഗത്ത് വന്നിട്ടുണ്ട്. താനുൾപ്പെടെയുള്ളവർക്ക് പ്രതിഫലം കൃത്യമായി നൽകിയിട്ടുണ്ടെന്നും മറ്റ് ടെക്നിഷ്യൻസിനും അവരുടെ പ്രതിഫലം കൊടുത്തതായി ആണ് അറിവെന്നും സംവിധായകൻ അനൂപ് പന്തളം അറിയിച്ചു.
ബാലയെ ഉണ്ണി മുകുന്ദനാണ് സിനിമയിൽ റെക്കമെന്റ് ചെയ്തത്. സിനിമയിൽ നല്ലൊരു കഥാപാത്രമാണ് ബാലയ്ക്ക്. അദ്ദേഹമത് നന്നായി ചെയ്യുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതിൽ സന്തോഷം. സിനിമ നന്നായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കുകയും ഇപ്പോൾ വിജയം നേടിയ സന്തോഷത്തിലും ആണ്. ഈ സമയം ഇത്തരം വിഷയങ്ങളിൽ പേര് വലിച്ചിഴയ്ക്കുന്നതിൽ വിഷമമുണ്ടെന്നും അനൂപ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |