SignIn
Kerala Kaumudi Online
Wednesday, 01 May 2024 1.04 AM IST

കരിച്ചു കളയരുത് ഈ മൊട്ടുകൾ

opinion

സംസ്ഥാനത്തെ എക്‌സൈസ് മന്ത്രി കാണിക്കുന്ന ഗൗരവം കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർ കാണിക്കുന്നില്ലെങ്കിൽ എവിടെ ചെന്നെത്തും? നമ്മുടെ കുട്ടികളുടെ ഭാവി. മയക്കുമരുന്നിന്റെ വലയിലാവുന്ന കുട്ടികളെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ ഏതാനും വർഷമായി കേൾക്കാൻ തുടങ്ങിയിട്ട്. ഏറ്റവുമൊടുവിൽ വടകര അഴിയൂരിലെ എട്ടാം ക്ലാസുകാരിയെക്കുറിച്ചുള്ള ഹൃദയം നുറുങ്ങുന്ന വാർത്തയും പുറത്തുവന്നു. വിടരും മുൻപേ ഒരു തലമുറയെ കരിച്ചൊടുക്കുന്ന ലഹരി മാഫിയയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

ഇന്നലെയാണ് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന വടകര റൂറൽ എസ്.പിയോട് കേരള കൗമുദി ചോദിച്ചത്, ' ഞെട്ടിക്കുന്ന ഈ സംഭവത്തിലെ പ്രതിയെ കൈയിൽ കിട്ടിയിട്ടും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ശരിയായോ..?'

വളരെ ലാഘവത്തോടെ എസ്.പിയുടെ മറുപടി വന്നു . 'അയാൾക്കെതിരെ മതിയായ തെളിവില്ല. കുട്ടിയുടെ മൊഴിയിലും പൊരുത്തക്കേടുകളുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. വീണ്ടും ചോദ്യം ചെയ്യുമ്പോൾ തെളിവുണ്ടെങ്കിൽ റിമാൻഡ് ചെയ്യാം...' മറുചോദ്യത്തിനു കാതുനൽകാത്ത എസ്.പി പെട്ടെന്ന് പരിധിക്ക് പുറത്തായി.
കുഞ്ഞിക്കൈകൾ നിറയെ സിറിഞ്ച് കുത്തിയ പാടുകളും താളം തെറ്റിയമനസുമായി എട്ടാംക്ലാസിൽ പഠിക്കുന്ന പെൺകുഞ്ഞാണ് പരാതിക്കാരി.. സ്‌കൂൾ യൂണിഫോമിൽ അവളെക്കൊണ്ട് മയക്കുമരുന്ന് കടത്തി. മിഠായിയും ബിസ്‌കറ്റും പിന്നെ സിറിഞ്ചിലൂടെയും അവളെ മയക്കുമരുന്നിന്റെ മായിക വലയത്തിലാക്കി. സംഭവത്തിൽ വേറെയും കുട്ടികൾ കണ്ണികളായിട്ടുണ്ട്. അത്തരമൊരു കേസിലെ പ്രതിയെ കൈയിൽ കിട്ടിയപ്പോൾ പൊലീസ് ചെയ്തത് മൃദുഭാവത്തിൽ അയാളെ വെറുതെ വിടുകയായിരുന്നു. സംഭവം വിവാദവും വലിയ കോളിളക്കവും ഉണ്ടാക്കിയപ്പോൾ പൊലീസിനു പുറമേ അന്വേഷണത്തിന് എക്‌സൈസും വിദ്യാഭ്യാസവകുപ്പും ബാലാവകാശകമ്മിഷനും മനുഷ്യാവകാശകമ്മിഷനുമെല്ലാമെത്തി. അപ്പോഴേക്കും പ്രതിയെന്നു പറഞ്ഞയാൾ കാണാമറയത്തായി. ഇനി അയാളെ കണ്ടുപിടിക്കാൻ പൊലീസ് മഷിയിട്ടുനോക്കുമോ എന്നാണ് ജനം ചോദിക്കുന്നത്.

ഇന്നലെ നിയമസഭയിൽ എക്‌സൈസ് വകുപ്പുമന്ത്രി നടത്തിയ വിശദീകരണം സംസ്ഥാനത്തെ 236 സ്‌കൂളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്‌പനയും കുട്ടികളിൽ ലഹരി ഉപയോഗവും നടക്കുന്നുണ്ടെന്നാണ്. 24,563 കേസുകളിലായി എക്‌സൈസ് സംഘംതന്നെ 27088 പേർക്കെതിരെ കേസെടുത്തു. പൊലീസും എൻഫോഴ്‌സ്‌മെന്റും നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കേസുകൾ വേറെയും. അത്രമാത്രം ഭയാനകമാണ് കാര്യങ്ങൾ. അധികൃതരെല്ലാം ജാഗ്രതയിലാണെന്നും പറയുന്നു. എന്നിട്ടും നമ്മുടെ പൊലീസ് ഇത്രയേറെ കാര്യങ്ങളെ ഇത്രയേറെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് എന്തുകൊണ്ടാണ് ? ഭാവിതലമുറയെ മുളയിലേ കരിച്ചുകളയുന്ന കൊടുംപാതകങ്ങൾക്ക് ആരാണ് ഉത്തരവാദി..!

ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് അഴിയൂരിലെ പെൺകുട്ടിയുടെ രക്ഷിതാക്കൾ ചോമ്പാൽ പൊലീസിൽ പരാതിയുമായെത്തിയത്. പക്ഷേ അവിടുത്തെ പൊലീസുകാർ കളിയാക്കി ചിരിച്ചെന്നും പേരിനുമാത്രമാണ് കേസെടുത്തതെന്നും ബന്ധുക്കൾ പറയുന്നു. പൊലീസിനോട് ചോദിച്ചപ്പോൾ അതൊരു പോക്‌സോ പരാതി മാത്രമായിരുന്നെന്നും മയക്കുമരുന്നിനെക്കുറിച്ചൊന്നും പറഞ്ഞില്ലെന്നുമായിരുന്നു മറുപടി. ഓർക്കുക,​ അപ്പോഴും മറ്റൊരു ചോദ്യം ഉയർന്നുവരുന്നുണ്ട്, പോക്‌സോ കേസുകൾ ഇത്ര ഉദാസീനമായാണോ കൈകാര്യം ചെയ്യേണ്ടത് ? ചുരുങ്ങിയപക്ഷം ആ കുഞ്ഞുകൈകൾ പരിശോധിച്ചിരുന്നെങ്കിൽ സിറിഞ്ച് തുളഞ്ഞുകയറിയ നീലിച്ചപാടുകളെങ്കിലും കാണുമായിരുന്നില്ലേ.?

വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ പൊലീസ് മർദ്ദനത്തെതുടർന്ന് യുവാവ് കുഴഞ്ഞ് വീണുമരിച്ചപ്പോൾ രണ്ടാം ദിവസം സ്റ്റേഷനിലെ പൊലീസുകാരെ മുഴുവൻ നീക്കി അവിടം ശുദ്ധീകരിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്. അവിടുന്ന് കേവലം 12കിലോമീറ്റർ മാത്രം അകലെയുള്ള ചോമ്പാൽ പൊലീസ് ഇനിയും പാഠങ്ങൾ പഠിക്കാറായിട്ടില്ലേ..?

ജനത്തിന്റെ ചോദ്യമാണ്, മറുപടി കിട്ടിയേ തീരൂ.

' സ്‌കൂളിൽ കബഡികളിക്കിടെയാണ് ഒരു ചേച്ചി ബിസ്‌കറ്റ് പോലൊരു സാധനം തിന്നാൻ തന്നത്, സ്റ്റാമിന കൂടും. ആദ്യം കഴിച്ചപ്പോൾ ലഭിച്ച ആവേശം പിന്നീട് പല ദിവസങ്ങളിലായി അതുകഴിക്കാൻ പ്രേരണയായി. ബിസ്‌കറ്റ് കിട്ടാതായപ്പോൾ പിന്നീടൊരു ദിവസം പൊടി മണപ്പിച്ചുതന്നു, അതുകഴിഞ്ഞ് ഇഞ്ചക്‌ഷനും. കൈയിലേക്ക് ഉറുമ്പുകണക്കെ സിറിഞ്ച് അരിച്ച് കയറിയാൽ പിന്നെയൊന്നും അറിയില്ല. പിന്നൊരു ദിവസം സ്‌കൂൾ യൂണിഫോമിൽത്തന്നെ ബാഗിൽ പൊടിവെച്ച് തലശേരിയിൽ പോകാൻ പറഞ്ഞു. കാലിൽ അടയാളപ്പെടുത്തിയ ഗുണനചിഹ്നം നോക്കിയാണ് വലിയൊരു മാളിൽവെച്ച് പൊടി ആവശ്യമുള്ളയാൾ തിരിച്ചറിഞ്ഞത്. വേറേയും കുട്ടികളുണ്ടായിരുന്നു...' അഴിയൂരിലെ എട്ടാംക്ലാസുകാരിയുടെ പരാതിയിൽ വെളിപ്പെടുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. കുട്ടിയുടെ പരാതിയിൽ കൃത്യമായി അടയാളപ്പെടുത്തിയ വിദ്യാർത്ഥിയായ യുവാവിനെയാണ് സ്റ്റേഷനിലെ തെളിവെടുപ്പിന് ശേഷം പൊലീസ് ലാഘവത്തോടെ വിട്ടയച്ചത്. കുട്ടി നേരിട്ട ദുരനുഭവത്തേക്കാൾ കേരളത്തെ ഞെട്ടിച്ചത് പൊലീസിന്റെ ഉദാസീനതയാണ്.

അഴിയൂർ സംഭവം കേട്ടപ്പോൾ കൈയും കാലും വിറച്ചുപോയെന്നാണ് ഇന്നലെ നിയമസഭയിൽ പ്രതിപക്ഷനേതാവ് പറഞ്ഞത്. കർശന നടപടികളും ബോധവത്കരണവും സ്‌കൂളുകളിലും പൊതുസമൂഹത്തിലും നടത്തുന്നുണ്ടെന്ന് സർക്കാർ ആവർത്തിച്ച് പറയുന്നു. ഈ രീതിയിലാണ് കേസുകൾ കൈകാര്യം ചെയ്യുന്നതെങ്കിൽ അഴിയൂരിലെ പെൺകുട്ടികളുടെ ഗതി സംസ്ഥാനത്താകെ വരുമെന്നതിൽ തർക്കം വേണ്ട. അത്രമാത്രം ഞെട്ടിക്കുന്ന വാർത്തകളാണ് ഒരു ദിവസവും സ്‌കൂളുകളിൽ നിന്നും കാമ്പസുകളിൽ നിന്നും പുറത്തുവരുന്നത്. കഴിഞ്ഞയാഴ്ച മേപ്പാടി കോളേജിലുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയടക്കം ക്രൂരമർദ്ദനത്തിനിരയായിരുന്നു. അക്രമകാരികളായ ചില കുട്ടികൾ ലഹരിയിലായിരുന്നെന്ന വാർത്തയും ഞെട്ടലുണ്ടാക്കുന്നു.

ഈ കേസിൽ അറസ്റ്റിലായ കുട്ടികാരിയറും മയക്കുമരുന്ന് റാക്കറ്റുകളുടെ ഭാഗമാണെന്നും പൊലീസ് തന്നെ വെളിപ്പെടുത്തുന്നു.

എല്ലാറ്റിനും പൊലീസിനെ പഴിചാരും മുൻപ് അദ്ധ്യാപകരും രക്ഷിതാക്കളോടൊരു ചോദ്യം,​ കേവലം എട്ടാംക്ലാസിൽ പഠിക്കുന്ന കുട്ടി ഇത്രയും കൊടിയ പീഡനങ്ങൾക്കിരയായപ്പോൾ നിങ്ങളൊക്കെ എന്തു ചെയ്യുകയായിരുന്നു ?​ ക്ലാസ് മുറിയിൽ കുട്ടികളുറങ്ങിപ്പോവുമ്പോൾ തലേന്ന് ടി.വിയിൽ സിനിമകണ്ട ക്ഷീണമാണെന്ന് എത്രകാലം നിങ്ങൾക്ക് സ്വന്തം മനഃസാക്ഷിയോട് പറയാൻകഴിയും.

ക്ലാസ്‌മുറിയിൽ നിന്നും ഇടയ്‌ക്കിടെ ബാത്ത്‌റൂമിലേക്കെന്ന് പറഞ്ഞുപോകുന്ന കുട്ടികൾ മണിക്കൂറുകളോളം മടങ്ങിവരാതിരിക്കുമ്പോൾ എന്തുകൊണ്ടാണ് നിങ്ങൾ അതേക്കുറിച്ച് ആഴത്തിൽ അന്വേഷിക്കാതിരുന്നത് ?​ കോഴിക്കോട് നഗരത്തിലെ പ്രധാനസ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിനി അഞ്ചും ആറും തവണ ബാത്ത് റൂമിലേക്ക് പോകുന്നു. ഓരോ തവണയും മടങ്ങിവരുന്നത് അരമണിക്കൂറിന് ശേഷം. അവസാനം ഒരദ്ധ്യാപിക കണ്ടെത്തി ,​ കുട്ടി ബാത്ത് റൂമിനുള്ളിൽ സിഗരറ്റ് വലിക്കുകയാണ്. കൈയോടെ പിടികൂടി കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോൾ അവളത് ശീലമാക്കിയിട്ട് രണ്ടുവർഷമായെന്ന് മറുപടി. ഇതെവിടുന്ന് കിട്ടുന്നെന്ന് ചോദ്യത്തിന് അച്ഛന് വേണ്ടിയാണെന്ന് മറുപടി. ബീച്ചിലെ ഒരു കടയിൽനിന്നാണ് വാങ്ങുന്നത്. രണ്ടുവർഷമായി ഒരു പെൺകുട്ടി ചെയിൻ സ്‌മോക്കറായിട്ട്. അത് കണ്ടെത്താൻ ഇത്ര വൈകി എന്നിടത്ത് പൊലീസിനും അധികാരികൾക്കുമപ്പുറംനമ്മുടെ അദ്ധ്യാപകരും രക്ഷിതാക്കളുമൊക്കെ കുറ്റക്കാരാവുന്നില്ലേ?​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AZHIYOOR DRUG CASE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.