SignIn
Kerala Kaumudi Online
Saturday, 27 April 2024 1.19 AM IST

പ്രതിപക്ഷ ബഹിഷ്കരണവും മന്ത്രിയുടെ ശാപവും

photo

നിയമസഭാ ചർച്ചയെ സാമർത്ഥ്യത്തിന്റെ വേദിയാക്കാൻ ശ്രമിക്കുന്ന മന്ത്രിയെന്ന 'കുറ്റപത്രം' നിയമമന്ത്രി പി. രാജീവിന് പ്രതിപക്ഷം ചാർത്തിക്കൊടുത്തത് അദ്ദേഹം തർക്കിച്ച് കാര്യങ്ങളെ ഒരു വഴിക്കാക്കുന്നെന്ന് തിരിച്ചറിഞ്ഞിട്ടാണ്. ഗൗരവതരമായ ചർച്ചയിലൂടെ സഭയുടെ ഔന്നത്യം വർദ്ധിക്കുകയല്ലേ എന്ന് മന്ത്രി അവരോട് ചോദിച്ചു. പ്രതിപക്ഷം നിരൂപിച്ചത് പോലെയുള്ള സാമർത്ഥ്യത്തോടെയാണ് ഇന്നലെ മന്ത്രി അവരെ പൂട്ടാൻ നോക്കിയത്. പ്രതിപക്ഷവും തിരിച്ച് സാമർത്ഥ്യം പ്രയോഗിക്കാതിരുന്നില്ല. ഇരുകൂട്ടരും വരാലുകളെപ്പോലെ വഴുതിപ്പോയപ്പോൾ ബിൽ മന്ത്രിയുടെ വഴിക്കും പ്രതിപക്ഷം അവരുടെ വഴിക്കും പോയി.

സർവകലാശാലാ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കുന്ന ഭേദഗതിബില്ലുകളിൽ ഗവർണറെ നീക്കുന്നത് വരെയുള്ള ഭാഗത്തോട് പ്രതിപക്ഷം യോജിച്ചു. പക്ഷേ, പകരമാര് ? എന്ന ചോദ്യം തികട്ടിവരുമ്പോഴാണ് മാർക്സിസ്റ്റ് വത്കരണസംശയം പ്രതിപക്ഷത്ത് ഉയരുന്നത്. ഈ സംശയത്തെ തർക്കമായി മൂപ്പിച്ച് ബിൽചർച്ച അവസാനനിമിഷം അവർ ബഹിഷ്കരിച്ചു. സർവകലാശാലകൾക്ക് ധൈഷണിക മികവുള്ള ചാൻസലറെ കണ്ടെത്താനുള്ള ആത്മാർത്ഥമായ പരിശ്രമമാണ് സർക്കാരിന്റേതെന്ന് മന്ത്രി രാജീവ് വാദിച്ചുവശായെങ്കിലും പ്രതിപക്ഷം ആ ചൂണ്ടയിൽ കുരുങ്ങാനൊരുക്കമായിരുന്നില്ല. മന്ത്രി ആത്മാർത്ഥവും നിഷ്കളങ്കവുമായ ചങ്ക് പിളർത്തിക്കാട്ടിയിട്ടും പ്രതിപക്ഷം ചെമ്പരത്തിപ്പൂവേ കണ്ടുള്ളൂ. ഈ നിഷേധസമീപനത്തിന് ചരിത്രം മാപ്പുനൽകില്ലെന്ന് അവർ ബഹിഷ്കരിച്ചിറങ്ങിപ്പോകവേ മന്ത്രി ശപിച്ചു.

14 സർവകലാശാലകൾക്കും ഒറ്റ ചാൻസലർ മതി, അത് ഹൈക്കോടതിയിലെ റിട്ടയേർഡ് ചീഫ് ജസ്റ്റിസോ, സുപ്രീംകോടതിയിലെ റിട്ടയേർഡ് ജഡ്ജിയോ ആവണം എന്നാണ് പ്രതിപക്ഷനിർദ്ദേശം. 14 സർവകലാശാലകൾക്ക് 14 ചാൻസലർമാരുണ്ടാക്കുന്ന സാമ്പത്തികഭാരം, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുകളിൽ അവർ നിയമിക്കുന്ന ചാൻസലർ വരുമ്പോഴുണ്ടാകുന്ന പ്രോട്ടോകോൾ പ്രതിബന്ധം എന്നിങ്ങനെയുള്ള നൂലാമാലകളിൽ നിന്നെല്ലാം രക്ഷപ്പെടാമെന്നാണ് ഉപദേശം. ഇനി ഈ ചാൻസലറെ തിരഞ്ഞെടുക്കാനും വേണമൊരു സെലക്‌ഷൻ സംവിധാനം. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഹൈക്കോടതി ചീഫ് ജസ്റ്റിസുമുൾപ്പെട്ട സമിതി.

കേൾക്കാൻ ഇമ്പമുള്ള ആശയമാണ്. പക്ഷേ, പ്രതിപക്ഷത്തിന്റെ പ്രോട്ടോകോൾ പ്രശ്നപരിഹാരം ഇതുകൊണ്ട് നടക്കില്ലെന്ന് മന്ത്രി പ്രോട്ടോകോൾ പട്ടിക നിരത്തി അവരെ ബോധിപ്പിച്ചു. റിട്ടയേഡ് സുപ്രീംകോടതി ജഡ്ജിയോ റിട്ട. ഹൈക്കോടതി ചീഫ് ജസ്റ്റിസോ ഈ പട്ടികയിലേയില്ല. മാത്രമോ, സർവകലാശാലകൾക്ക് വേണ്ടത് ധൈഷണിക നേതൃത്വത്തെ. റിട്ട. ജഡ്ജിയാവുമ്പോൾ അതെങ്ങനെ പറ്റും?

കലാമണ്ഡലം മാതൃകയാണ് മന്ത്രിക്ക് എടുത്തുകാട്ടാനുണ്ടായിരുന്നത്. കലാമണ്ഡലത്തിന് റിട്ട. ജഡ്ജിയാണോ, മല്ലിക സാരാഭായിയാണോ മികച്ച ചാൻസലർ? ഉത്തരം മുട്ടിക്കുന്ന ചോദ്യമാണ്.

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അതിൽ നിഷ്കളങ്കത കണ്ടില്ല. സർക്കാരിന് ഇഷ്ടമുള്ളയാളെ ചാൻസലറാക്കാനുള്ള കുറുക്കുവഴിയാണ് മന്ത്രി വെട്ടിത്തെളിക്കുന്നതെന്ന് അദ്ദേഹം കണ്ടു.

ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഉൾപ്പെട്ട സമിതി ഒരാളെ ചാൻസലറായി തിരഞ്ഞെടുത്തിട്ട് അതിൽ അനീതി തോന്നിയ മറ്റ് അപേക്ഷകർ കേസുമായി ഇതേ ഹൈക്കോടതിയിൽ പോയാൽ നീതി കിട്ടുമോയെന്ന്, പ്രതിപക്ഷം നിർദ്ദേശിച്ച സെലക്‌ഷൻകമ്മിറ്റി ഫോർമുലയെ മന്ത്രി ചോദ്യം ചെയ്തു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നിഷ്പക്ഷനായ സ്പീക്കറുമടങ്ങിയ സെലക്‌ഷൻ സമിതി ആയാലോ എന്ന് മന്ത്രി ചോദിച്ചു. അതിനോട് പ്രതിപക്ഷം യോജിച്ചു.

ബില്ലിൽ വിയോജനമറിയിച്ച പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഗവർണർക്കെതിരെ ഘോരഘോരം സംസാരിച്ചു. പക്ഷേ പകരം ചാൻസലറെന്നത്, പൊരിയുന്ന ചട്ടിയിൽനിന്ന് അടുപ്പിലേക്ക് വീഴുന്ന ഏർപ്പാടാവരുതെന്ന മുന്നറിയിപ്പ് നൽകി. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ പ്രതിപക്ഷനിർദ്ദേശം അംഗീകരിക്കണമെന്നാണ് ഷാഫി പറമ്പിലിന്റെ ഡിമാൻഡ്. ഈ ബില്ല് പാസായാൽ ടെക്നിക്കൽ സർവകലാശാലയ്‌ക്ക് ആനാവൂർ നാഗപ്പനും കേരള സർവകലാശാലയ്‌ക്ക് ആനത്തലവട്ടം ആനന്ദനും കണ്ണൂർ സർവകലാശാലയ്‌ക്ക് എം.വി. ജയരാജനും ചാൻസലറാവില്ലേ എന്ന് പി.കെ. ബഷീർ ചോദിച്ചു.

പ്രൊഫ. മൈക്കിൾ തരകനെപ്പോലുള്ള അക്കാഡമിക് വിദഗ്ദ്ധരെ വി.സിമാരാക്കിയ ഓർമ്മ മുൻ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ അയവിറക്കിയപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണന് വിയോജിക്കേണ്ടിവന്നു. കെ.എസ്.യുക്കാരനായ തിരുവഞ്ചൂർ തിരഞ്ഞെടുപ്പിൽ തോല്പിച്ച എസ്.എഫ്.ഐക്കാരനാണ് മൈക്കിൾ തരകൻ. അദ്ദേഹം തോറ്റതുകൊണ്ട് പ്രശസ്തനായ അക്കാഡമിഷ്യനെ കിട്ടി, അങ്ങ് ജയിച്ചത് കൊണ്ട് കേരളത്തിൽ പ്രവർത്തിക്കാനൊരാളെയും കിട്ടി എന്നാണ് ജലീലിന്റെ മറുപടി.

എട്ട് ദിവസത്തെ സമ്മേളനത്തിന്റെ മുഖ്യശ്രദ്ധാകേന്ദ്രമായ സർവകലാശാലാ ഭേദഗതി ബില്ലുകളടക്കം 12 ബില്ലുകൾ പാസാക്കിയാണ് സഭ തത്‌കാലം പിരിഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA, 1
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.