സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ആണ് എന്ന ചിത്രത്തെ പ്രകീർത്തിച്ചും പ്രേക്ഷകർക്ക് സ്നേഹവും നന്ദിയും അറിയിച്ച് നായിക നമിത പ്രമോദ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ആണ് എന്ന സിനിമയുടെ മേക്കിംഗ് എന്നെ ശക്തയാക്കുകയും മാനുഷിക വികാരങ്ങളുടെ ആഴങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. ഞങ്ങളുടെ വർക്ക്ഷോപ്പുകൾ, യഥാർത്ഥ ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള ഹൃദയംഗമമായ സംഭാഷണങ്ങൾ, പിന്നീട് എന്റെ കുടുംബമായി മാറിയ ഒരു സംഘത്തോടൊപ്പം പ്രവർത്തിച്ചത് എനിക്ക് ഒരു സ്വപ്നമായി തോന്നി. ഒരു കിന്റർഗാർട്ടൻ വിദ്യാർത്ഥിയെപ്പോലെ ഞാൻ ടീമിൽ ചേർന്നു, എന്റെ ഡയറക്ടർ എന്നോട് പറയുന്നതെന്തും ചെയ്യാൻ തയ്യാറായി. എന്നിരുന്നാലും, സിദ്ധു ഏട്ടൻ എനിക്ക് നൽകിയ സ്വാതന്ത്ര്യം, ആണിലൂടെ അമല വിൻസെന്റിന്റെ ഏറ്റവും മികച്ച പതിപ്പ് പര്യവേക്ഷണം ചെയ്യാനും പുറത്തുവിടാനും എന്നെ പ്രേരിപ്പിച്ചു. എന്റെ ചിയർ ലീഡറും മികച്ച സഹഅഭിനേത്രിയും ഞങ്ങളുടെ എഴുത്തുകാരിയുമായിരുന്ന സജിത ചേച്ചി, സിനിമയിലെ എന്റെ യാത്രയിൽഞാൻകണ്ട ഏറ്റവും മനോഹരവും അതിശയിപ്പിക്കുന്നതുമായ പെർഫോമേഴ്സിൽ ഒരാളാണ്.
ഞങ്ങളുടെ ജോലിയെ അംഗീകരിച്ചതിന് ജൂറിയോട് ആത്മാർത്ഥമായി നന്ദി പറയുന്നു. ഐ.എഫ്.എഫ്.കെ വേദിയിൽ പ്രേക്ഷകരിൽ നിന്ന് ലഭിച്ച സ്നേഹം ഏതൊരു അവാർഡിനേക്കാളും വലുതാണെന്ന് തിരിച്ചറിഞ്ഞു. ഈ യാത്രയിലുടനീളം ഞങ്ങളെ പിന്തുണച്ചതിന് ഒരു നിർമ്മാതാവ് എന്ന നിലയിൽ മനസ്സിലാക്കിയതിനും നന്ദി രാകേഷ് ഏട്ടാ. ആണിന് അവിസ്മരണീയമായ ഒരു അനുഭവമാക്കി മാറ്റിയതിന് മഞ്ജരി ചേച്ചി, മല്ലിക ചേച്ചി, ഞങ്ങളുടെ ഡയറക്ടർ ഒഫ് ഫോട്ടോഗ്രഫി വിഷ്ണു ചേട്ടൻ, ഫാന്റം പ്രവീൺ, എന്റെ പ്രിയപ്പെട്ട സജിത ചേച്ചി എന്നിവർക്കും മുഴുവൻ അണിയറപ്രവർത്തകർക്കും നന്ദി. അച്ഛനും അമ്മയ്ക്കും നന്ദി പറഞ്ഞാണ് നമിതയുടെ കുറിപ്പ് അവസാനിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |