SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.26 AM IST

ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷപദം ബിസിനസ് മേഖലയ്ക്ക് സവിശേഷ അവസരം

photo

കഴിഞ്ഞമാസം ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ രാഷ്ട്രനേതാക്കൾ നടത്തിയ പ്രഖ്യാപനം ലോകം കടന്നുപോകുന്ന സമാനതകളില്ലാത്ത പ്രതിസന്ധികളെക്കുറിച്ച് വാചാലമായിരുന്നു. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ബഹുമുഖ വ്യാപാരം ശക്തിപ്പെടുത്തുന്നതിനുമൊപ്പം പൊതുനിക്ഷേപം വർദ്ധിപ്പിക്കുമെന്ന് ഉച്ചകോടി പ്രതിജ്ഞയെടുത്തു. ആഗോള സമ്പദ്‌വ്യവസ്ഥ, സുസ്ഥിര വികസനം, ഡിജിറ്റലൈസേഷൻ എന്നിവയുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട പല നയപരിപാടികളും ബിസിനസ് 20 (B20 ) അഥവാ ജി20 യുടെ ബിസിനസ് പ്രവർത്തക ഗണത്തിന്റെ നിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്നവയാണ്. മഹാമാരിയുടെ അനന്തരഫലങ്ങൾ, ഉക്രെയ്നിലെ സംഘർഷം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ നിന്ന് കരകയറാൻ രാഷ്ട്രങ്ങൾ കഠിനമായി പരിശ്രമിക്കുമ്പോൾ, ആഗോള സ്ഥിരതയുടെയും സ്ഥൂല സമ്പദ് വ്യവസ്ഥയുടെ ഏകോപനത്തിന്റെയും കാര്യത്തിൽ ജി 20 അദ്ധ്യക്ഷപദത്തിൽ ഇന്ത്യയുടെ പങ്ക് നിർണായകമായിരിക്കും.

ബാലിയിൽ ചേർന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞതുപോലെ, 'ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷപദം എല്ലാവരേയും ഉൾക്കൊള്ളുന്നതും അഭിലാഷപൂർണവും നിർണായകവും പ്രവർത്തന കേന്ദ്രീകൃതവുമായിരിക്കും.'

തൊഴിൽ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം എന്നിവയുൾപ്പെടെ, എന്നാൽ അതിൽമാത്രം പരിമിതപ്പെടുത്താതെ, നാനാമേഖലകളിൽ ശുപാർശകൾ നൽകാൻ രൂപീകരിക്കപ്പെട്ടിട്ടുള്ള ഷെർപ്പ കർമ്മപഥത്തിന് കീഴിൽ ഇന്ത്യ 13 പ്രവർത്തകഗണങ്ങൾ രൂപീകരിച്ചിട്ടുണ്ട്. സാമ്പത്തിക കർമ്മപഥത്തിന് കീഴിൽ, ജി20 ധനമന്ത്രിമാരും കേന്ദ്ര ബാങ്കുകളും സ്ഥൂല സമ്പദ്‌വ്യവസ്ഥയുടെ വികസനം, സാമ്പത്തിക അപകടസാദ്ധ്യതകൾ, അന്താരാഷ്ട്ര സാമ്പത്തികഘടന എന്നിവയെക്കുറിച്ച് ചർച്ചചെയ്യും.

ഇന്ത്യ കൃത്യമായി തിരിച്ചറിഞ്ഞ മുൻഗണനകൾ ലോകം അഭിമുഖീകരിക്കുന്ന നിർണായകപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നു. ജി 20 രാജ്യങ്ങളിൽ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ ഇന്ത്യ ഇതിനോടകം, വ്യാപാരം, നിക്ഷേപം, കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കൽ, ഡിജിറ്റലൈസേഷൻ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. കൂടാതെ ഒരു ബൃഹത്തായ വികസ്വരരാഷ്ട്രമെന്ന നിലയിൽ സ്വന്തം ദർശനത്തിന്റെ പിൻബലത്തിൽ ജി 20 യുടെ നയതീരുമാനങ്ങൾ വരുംവർഷങ്ങളിൽ രൂപപ്പെടുത്താൻ കഴിയും.

2022ൽ പ്രതീക്ഷിക്കുന്ന 3.5 ശതമാനമായി താരതമ്യം ചെയ്യുമ്പോൾ 2023ൽ വെറും ഒരു ശതമാനം വളർച്ചാ നിരക്കിലേക്ക് ആഗോളവ്യാപാരം മന്ദീഭവിക്കുമെന്നാണ് പ്രവചനം. ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (Production Linked Incentive Scheme -PLI) പോലുള്ള പുരോഗമനനയങ്ങളുമായി ഇന്ത്യ ഇന്ന് ഒരു ആഗോള ഉത്പാദന, വ്യാപാര കേന്ദ്രമായി നിലകൊള്ളുന്നു. രാജ്യത്തിന്റെ ബിസിനസ് സൗഹൃദ സമീപനവും അടിസ്ഥാനസൗകര്യ വികസന മുന്നേറ്റവും ആഗോളമൂല്യ ശൃംഖലകളുടെ വൈവിധ്യവത്‌കരണത്തിന് സംഭാവന നൽകുന്നു. സുസ്ഥിരതയുടെ കാര്യത്തിൽ, 2023 ലെ കാലാവസ്ഥാ വ്യതിയാന പ്രകടനസൂചിക പ്രകാരം ഇന്ത്യ മികച്ച അഞ്ച് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർന്നു. ജി20 രാജ്യങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന റാങ്കാണിത്. സുപ്രധാന മേഖലകളിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള കുറഞ്ഞ കാർബൺ ബഹിർഗമന വളർച്ചാതന്ത്രം സ്വീകരിക്കുകയും പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, ഇ - മൊബിലിറ്റി, മിശ്രിത ഇന്ധനങ്ങൾ എന്നിവയിൽ സുപ്രധാന സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തതതിലൂടെ ഈ മേഖലയിൽ മുൻനിശ്ചയിക്കപ്പെട്ട ദേശീയലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള പാതയിലാണ് ഇന്ത്യ. ഇന്ത്യയിൽ ഡിജിറ്റലൈസേഷൻ അതിവേഗപാതയിലാണ്. ചില്ലറവ്യാപാരം, ഫിൻടെക്, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളെ ഇത് മുന്നോട്ട് നയിക്കുന്നു. 117 കോടി മൊബൈൽ ഫോൺ വരിക്കാരും 70 കോടി ഇന്റർനെറ്റ് ഉപയോക്താക്കളുമുള്ള ഇന്ത്യ, 2022 ഒക്ടോബറിൽ 700 കോടി യു.പി.ഐ ഇടപാടുകൾ നടത്തി. വാക്സിൻദൗത്യത്തിലും ഡിജിറ്റൽ സാങ്കേതികവിദ്യ വിജയകരമായി വിന്യസിക്കപ്പെട്ടു.

ഈ മേഖലകളിലെ ഇന്ത്യയുടെ നേതൃപരമായ പങ്കുവരും വർഷത്തിൽ സ്വന്തം അജൻഡ മുന്നോട്ട് കൊണ്ടുപോകാൻ ജി 20യെ സഹായിക്കും. ആഗോള ബിസിനസ് മേഖലയുടെ നിർദ്ദേശങ്ങളുടെ പിന്തുണയോടെ ജി20 പ്രവർത്തക ഗണങ്ങളിൽത്തന്നെ ഏറ്റവും വലിയ ബി20 ഗണത്തിന് കീഴിൽ ആശയങ്ങൾ വികസിപ്പിച്ചെടുക്കാനാകും. നിയുക്ത ബി 20 സെക്രട്ടേറിയറ്റ് എന്ന നിലയിൽ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഗവൺമെന്റ് ഉൾപ്പെടെയുള്ള പങ്കാളികളുമായി കൂടിയാലോചിച്ച് ചർച്ചകൾക്കുള്ള ഒമ്പത് മുൻഗണനാ മേഖലകൾ രൂപപ്പെടുത്തിയിട്ടുണ്ട്.

വികസ്വര സമ്പദ്‌വ്യവസ്ഥകളെ ആഗോള മൂല്യശൃംഖലകളിലേക്ക് കൂട്ടിയോജിപ്പിക്കുന്നതിലും സേവന വ്യാപാരത്തിന്റെ വൈവിദ്ധ്യവത്‌കരണത്തിലും ആഫ്രിക്കൻ പൊതുവിപണിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും ബി 20 ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കും. സാമ്പത്തിക ഉൾപ്പെടുത്തൽ വിപുലീകരിക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ചയും അടിസ്ഥാന സൗകര്യ വികസനവും അജൻഡയിലുണ്ട്. നവീകരണത്തിന്റെയും ഗവേഷണവികസനത്തിന്റെയും മുൻഗണനകൾ, ഡിജിറ്റൽ പരിവർത്തനം, തൊഴിൽ ഭാവി, വൈദഗ്ദ്ധ്യം, ചലനാത്മകത എന്നിവ സാങ്കേതികവിദ്യയുടെ പിൻബലത്തോടെ മെച്ചപ്പെടുത്താനും നടപടികൾ സ്വീകരിക്കും. ഊർജ്ജം, കാലാവസ്ഥാ വ്യതിയാനം, വിഭവശേഷി എന്നിവയും ബി20 ചർച്ചകളിൽ പ്രാധാന്യത്തോടെ സ്ഥാനംപിടിക്കും. ഇന്ത്യയുടെ ജി20 അദ്ധ്യക്ഷപദത്തിന്റെ ഭാഗമായി, രാജ്യത്തെ ബിസിനസ് സംരംഭങ്ങൾക്ക് അവയുടെ കാഴ്ചപ്പാടുകൾ പങ്കുവയ്‌ക്കാനും ആഗോളസാമ്പത്തിക വളർച്ചയിലും സ്ഥിരതയിലും ഭാഗഭാക്കാകാനും ഈ വർഷം അതുല്യമായ ഒരു അവസരമൊരുങ്ങിയിരിക്കുന്നു. നമ്മുടെ സംരംഭകത്വ നൈപുണ്യം, നവീകരണം, സാമൂഹിക ഉത്തരവാദിത്തം എന്നിവ പ്രയോജനപ്പെടുത്തി, ബി 20 ഇന്ത്യ ചർച്ചകൾ സജീവമാകുന്നമുറയ്ക്ക് നമുക്ക് നമ്മുടെ ശക്തി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ കഴിയും.

(കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഡയറക്ടർ ജനറലാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: G20
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.