SignIn
Kerala Kaumudi Online
Wednesday, 14 January 2026 7.37 AM IST

ഖാൻജിയുടെ വിരുന്നും ചില മനസുകളും

Increase Font Size Decrease Font Size Print Page

varavisesham

ആരിഫ് മുഹമ്മദ് ഖാൻജിയുടേത് വിശാലമനസാണ്. ആ മനസ് കള്ളത്തരങ്ങൾ ചിന്തിക്കാറില്ല. പ്രവർത്തിക്കാറുമില്ല. വിരുന്നിന് വിളിച്ചാൽ അത് വിരുന്നിന് തന്നെയാണ്. അല്ലാണ്ട്, കുറുക്കൻ പണ്ട് കൊക്കിനെ വിരുന്നിന് വിളിച്ച് പറ്റിച്ചത് പോലെയല്ല. കൊക്കിനെ വിരുന്നിന് വിളിച്ചുവരുത്തി പരന്നപാത്രത്തിൽ സൂപ്പ് വിളമ്പിക്കൊടുത്ത് കുടിക്കാൻ പറ്റാത്ത അവസ്ഥയിലാക്കി കളിപ്പിച്ച് പറഞ്ഞുവിട്ടത് പോലെയുള്ള ഏർപ്പാട് ആരിഫ് ഖാൻജിക്കില്ല. രാജ്ഭവനിലെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത് നേരാണ്. വാതിൽ മലർക്കെ തുറന്നിട്ടിട്ടാണ് പിണറായി സഖാവ് മുതൽ ബിന്ദുമന്ത്രിയും രാജീവ് മന്ത്രിയും വടശ്ശേരി സതീശൻജിയും വരെയുള്ളവരെ ആരിഫ് ഖാൻജി വിരുന്നിന് ക്ഷണിച്ചത്. വരാതിരുന്നത് അവരുടെ കാര്യമെന്നാണ് ഖാൻജി പറയുന്നത്. അത് ശരിതന്നെ. പോവാതിരുന്നത് അവരുടെ കാര്യം. എന്നാൽ അത്രത്തോളം വിശാലമനസ് എന്തുകൊണ്ടാണ് പിണറായി സഖാവിന് ഇല്ലാതെ പോയതെന്നാണ് ആർക്കും പിടി കിട്ടാതിരിക്കുന്നത്. ഇനി അഥവാ ഖാൻജി കുറുക്കന്റെ വേല കൈയിലെടുത്താലും തിരിച്ച് കൊക്ക് ചെയ്തത് പോലുള്ള ഏർപ്പാട് പിണറായി സഖാവിനും പരീക്ഷിച്ചാൽ മതിയായിരുന്നല്ലോ. പൊക്കത്തിലുള്ളതും ഇടുങ്ങി കൂർത്തതുമായ പാത്രത്തിൽ മീൻകറി വച്ച് വിളമ്പി കുറുക്കന് കഴിക്കാനാവാത്ത പരുവത്തിൽ തിരിച്ചടിച്ച് കുറുക്കനെ ഇളിഭ്യനാക്കി വിട്ട കൊക്കിന്റെ കഥ പിണറായിസഖാവിനും അറിയാവുന്നതല്ലേ. ഇനി അഥവാ വല്ല വങ്കത്തരവും സംഭവിച്ചാൽ പോലും പിണറായി സഖാവിന് കൊക്കിന്റെ ഈ വിദ്യ ചെയ്താൽ പോരേ. എന്തിനാണദ്ദേഹം തീർത്തും നിഷേധിയായി ഖാൻജിയോട് പെരുമാറിയത്!

ഖാൻജിയെ സങ്കുചിതമനസോടെ നോക്കിക്കണ്ടതാണ് പിണറായി സഖാവിന്റെ കുഴപ്പമെന്നാണ് ദ്രോണർ കരുതുന്നത്. ഖാൻജിക്ക് കൊക്കിനെ പറ്റിച്ച കുറുക്കന്റെ സ്വഭാവമില്ല. അദ്ദേഹം നേരേ വാ, നേരേ പോ പ്രകൃതക്കാരനാണ്. എന്നാൽ അപ്പുറത്തിരിക്കുന്ന പിണറായി മനസ് ഇടുങ്ങി ചിന്തിക്കുന്നു. അദ്ദേഹം കൊക്ക് മീൻകറി വിളമ്പിക്കൊടുത്ത പാത്രത്തിന്റെ ആകൃതിപോലെ മനസിനെ ചുരുക്കിക്കെട്ടിയതാണ് കുഴപ്പമായത്. അതിലാണ് ആരിഫ് ഖാൻജിക്ക് അഗാധമായ വേദനയും ആവലാതിയും.

വടശ്ശേരി സതീശൻജി എങ്കിലും ഖാൻജിയുടെ വിശാലമനസിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് വിരുന്ന് കഴിക്കാൻ വരുമെന്നാണ് കരുതിയിരുന്നത്. പക്ഷേ എന്തൊക്കെയോ ഒഴികഴിവുകൾ പറഞ്ഞ് സതീശൻജി ഒഴിഞ്ഞുകളഞ്ഞു. കേരളത്തിലെ സർവകലാശാലകളെപ്പറ്റി ഖാൻജി വിശാലമായി ചിന്തിച്ചിട്ടും സതീശൻജി നിയമസഭയിൽ ഖാൻജിയെ തള്ളിപ്പറഞ്ഞു. പാണ്ടിക്കടവത്ത് കുഞ്ഞാപ്പ തൊട്ടിങ്ങോട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ സകലപേർക്കും ഖാൻജിയെ കാണുന്നത് തന്നെ ചതുർത്ഥിയാണ്. ഈയവസ്ഥയിൽ ഖാൻജിയുടെ വിശാല താത്‌പര്യത്തെ മനസുകൊണ്ട് മാനിച്ചാലും സതീശൻജിക്ക് ഖാൻജിയെ തള്ളിപ്പറയുകയല്ലാതെ നിർവാഹമില്ല. നിയമസഭയിൽ തള്ളിപ്പറഞ്ഞത് പോട്ടെ, രാജ്ഭവനിലെ വിരുന്നിനെങ്കിലും സതീശൻജിക്ക് പോകാമായിരുന്നല്ലോ. അതാണ് ഖാൻജിയെ അതീവ ദുഃഖിതനാക്കുന്നത്. പിണറായി സഖാവിനും സതീശൻജിക്കും വേണ്ടാത്ത ഈ ജീവിതം പിന്നെയാർക്കാണ് വേണ്ടതെന്ന ചിന്ത ഖാൻജിയെ വല്ലാതെ അലട്ടുന്നുണ്ട്.

എന്തെല്ലാം വിഭവങ്ങളാണ് ഒരുക്കിവച്ച് കാത്തിരുന്നത്. സൂപ്പിന് സൂപ്പ്. മീനിന് മീൻ. വല്ല കുറവും ഉണ്ടായോ. ഖാൻജിയെ കുറുക്കനായി മാത്രം സങ്കല്പിക്കുന്നതിന്റെ കുഴപ്പങ്ങളാണ് ഇതൊക്കെ. തന്റെ നീതിബോധമുള്ള മനസിനെ തുറന്ന് കാണിച്ചു കൊടുക്കാൻ ഖാൻജി ഒരുക്കമാണ്. പിണറായി സഖാവിനോട് എത്രകാലം വേണമെങ്കിലും ഏറ്റുമുട്ടാനുള്ള ത്രാണിയും മനസും ഖാൻജിക്കുണ്ട്. പക്ഷേ, എന്നിട്ടെന്ത് പ്രയോജനമെന്ന് ചിന്തിക്കുമ്പോഴാണ് ഖാൻജിക്ക് മനസ് മടുക്കുന്നത്.

വിരുന്ന് നടത്തിയത് കുറുക്കൻ കൊക്കിനെ പറ്റിച്ചത് പോലെ പറ്റിക്കാനായിരുന്നില്ല. അത് പിണറായി സഖാവിനും കൂടി ആ രീതിയിൽ ബോദ്ധ്യപ്പെടാതിരുന്നതാണ് പ്രശ്നം. ഏതെങ്കിലും കാലത്ത് ബോദ്ധ്യപ്പെടുമായിരിക്കും. അങ്ങനെ ചിന്തിക്കുന്നതാണ് മനസിന് നല്ലത്.



പിണറായി സഖാവും കൂട്ടരും നിയമസഭയിൽനിന്ന് പാസാക്കി വിട്ട ബില്ലുകളത്രയും ഖാൻജി രാജ്ഭവനിൽ കൂട്ടിവച്ച് അതിന്മേൽ കയറിയിരിക്കുകയാണ്. ആ ബില്ലുകളൊന്ന് ഒപ്പിട്ട് കിട്ടിയിരുന്നെങ്കിൽ പിണറായി സഖാവിന് അല്പം ആശ്വാസം കിട്ടുമായിരുന്നു. ഖാൻജിയാണെങ്കിൽ അതൊട്ട് ചെയ്യുന്നില്ല.

എന്നിട്ടാണ് ഖാൻജി രാജ്ഭവനിൽ വിരുന്നുണ്ടാക്കി പിണറായി സഖാവിനെ വിളിച്ചത്. രാജ്ഭവനിൽ ബില്ലുകളിന്മേൽ കയറിയിരുന്ന് പ്രാണായാമം ചെയ്യുന്ന ആരിഫ് ഖാൻജി വിരുന്നൊരുക്കി വിളിച്ചാൽ ഏത് പിണറായി സഖാവിനാണ് പോവാൻ സാധിക്കുക. അവിടെ ഖാൻജി കൊക്കിനെ പറ്റിച്ച കുറുക്കനാവില്ലെന്നാര് കണ്ടു! വരുംവരായ്കകൾ ചിന്തിച്ചാൽ പിണറായി സഖാവ് ചെയ്തതേ ആരും ചെയ്യൂ. പോവില്ല.

ബില്ലത്രയും ഒപ്പിടാതെ വച്ചിരിക്കുന്നതിനാലാണ് ഖാൻജിയെക്കൊണ്ട് സർക്കാരിന്റെ നയം വായിപ്പിക്കണോ വേണ്ടയോ എന്ന ശങ്ക പിണറായി സഖാവിൽ രൂഢമൂലമായിരിക്കുന്നത്. നയം വായിക്കാൻ രാജ്ഭവനിൽ നിന്ന് പരിവാരസമേതം നിയമസഭയുടെ പടിക്കെട്ട് കയറിവരുമ്പോൾ പടിക്കലേക്ക് പോയിനിന്ന് കൈയും പിടിച്ച് കൂട്ടിക്കൊണ്ട് വരണം. സൽക്കരിക്കണം. എന്തെല്ലാം നൂലാമാലകളാണ്.

ഖാൻജിക്ക് ഏതെങ്കിലും നേരത്ത് മനംമാറ്റം തോന്നിയാൽ നയം വായിക്കാൻ വിളിക്കാം. അതുകൊണ്ട് പിണറായി സഖാവും പറയുന്നത് ഖാൻജിക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടച്ചിട്ടില്ല എന്നാണ്. രാജ്ഭവന്റെ വാതിൽ മലർക്കെ തുറന്നിട്ടത് പോലെ ഷംസീർസഖാവിനെ ചട്ടംകെട്ടി നിയമസഭയുടെ വാതിലും പിണറായി സഖാവ് മലർക്കെ തുറന്നിടാൻ ഒരുക്കമാണ്. അതിന് ആദ്യം ഖാൻജി മാറണം. വരട്ടെ. നോക്കാം.

ഇ-മെയിൽ: dronar.keralakaumudi@gmail.com

TAGS: ARIF MUHAMMED KHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.