കാസർകോട്: ഹോട്ടലിൽ നിന്ന് പാഴ്സലായി വാങ്ങിയ കുഴിമന്തി കഴിച്ചതിന് പിന്നാലെ അവശനിലയിലായ പെൺകുട്ടി മരിച്ചതിനെ തുടർന്ന് കാസർകോട് അടുക്കത്ത് ബയൽ ദേശീയപാതയ്ക്ക് സമീപത്തെ അൽ റൊമാൻസിയ ഹോട്ടൽ ഉടമ എരിയാലിലെ അബ്ദുൾ ഖാദറിനെയും രണ്ടു പാചകക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ സുബി മോളുടെ നേതൃത്വത്തിൽ ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചശേഷം ഹോട്ടൽ സീൽ ചെയ്തു.
കാസർകോട് ചെമ്മനാട് പെരുമ്പള ബേനൂരിലെ പരേതനായ അരിച്ചൻവീട് കുമാരൻ നായരുടെയും അംബികയുടെയും മകൾ അഞ്ജുശ്രീ പാർവതിയാണ്(19) ഇന്നലെ മരിച്ചത്. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു.
ക്രിസ്തുമസ് അവധിക്ക് എത്തിയ അഞ്ജുശ്രീ
പുതുവൽസരം പ്രമാണിച്ച് ഹോട്ടലിൽ നിന്ന് ഡിസംബർ 31ന് ഭക്ഷണം വരുത്തി അമ്മയ്ക്കും അനുജനും ബന്ധുവായ പെൺകുട്ടിക്കും ഒപ്പം കഴിക്കുകയായിരുന്നു. പിറ്റേന്ന് അവശയായ അഞ്ജുശ്രീയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസത്തെ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും ജനുവരി ആറിന് ബോധരഹിതയായി. തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിച്ചു.
മറ്റു മൂന്ന് പേർക്കും ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെട്ടെങ്കിലും ഭേദമായി.
ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് ആവശ്യപ്പെട്ട പ്രകാരം കാസർകോട് ഡി.എം.ഒ ഡോ.എ.വി രാംദാസ് പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി ചികിത്സാ രേഖകൾ ശേഖരിച്ചു. മംഗളൂരു ആശുപത്രിയിലെ റിപ്പോർട്ടും ശേഖരിച്ചു.
മൃതദേഹം മംഗളൂരുവിൽ നിന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ച് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിനുശേഷം കൂടുതൽ വകുപ്പ് ചേർത്ത് കർശന നടപടി എടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു.
കഴിഞ്ഞ മേയ് ഒന്നിന് ചെറുവത്തൂരിൽ നിന്ന് ഷവർമ കഴിച്ച കരിവെള്ളൂർ എ.വി.സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂൾ പ്ളസ് വൺ വിദ്യാർത്ഥിനി ദേവനന്ദ ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചിരുന്നു.
മരണകാരണം അണുബാധ
1.കാസർകോട് ബേനൂരിലെ അഞ്ജുശ്രീയുടെ മരണകാരണം ഭക്ഷണത്തിൽ നിന്നുള്ള അണുബാധയെ തുടർന്നെന്ന് ഡി.എം.ഒയുടെ റിപ്പോർട്ട്.
2. കുഴിമന്തി, മയോണൈസ്, ഗ്രീൻ ചട്ണി, ചിക്കൻ- 65 എന്നിവയാണ് കഴിച്ചത്. ഏതുവിഭവത്തിൽ നിന്നാണ് ബാധിച്ചതെന്ന് വിശദ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാവൂ.
3. അഞ്ജുശ്രീയും ബന്ധുവായ പെൺകുട്ടിയും മാത്രമാണ് ഗ്രീൻ ചട്ണി കഴിച്ചത്. ഇവരെ മാത്രമാണ് ഛർദ്ദി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയ്ക്കും അനുജനും അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു.
3. സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ്ഫക്ഷൻ സിൻഡ്രോം എന്ന അവസ്ഥയെ തുടർന്നാണ് മരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി.രാംദാസ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി.
നെടുങ്കണ്ടത്ത്
ഹോട്ടൽ അടപ്പിച്ചു
നെടുങ്കണ്ടം: പുതുവത്സര ദിനത്തിൽ ഷവർമ്മ കഴിച്ച കുട്ടിയടക്കം കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ലൈസൻസില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടൽ പഞ്ചായത്ത് ഇന്നലെ താത്കാലികമായി പൂട്ടിച്ചു. നെടുങ്കണ്ടം സ്വദേശി ബിബിൻ, ഏഴ് വയസുള്ള മകൻ മാത്യു, ബിബിന്റെ അമ്മ ലിസി എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. നെടുങ്കണ്ടം ടൗണിന് സമീപം രാമക്കൽമേട് റോഡിൽ പ്രവർത്തിക്കുന്ന ക്യാമൽ റെസ്റ്റോ എന്ന റസ്റ്റോറന്റാണ് ആരോഗ്യവകുപ്പ് പൂട്ടിച്ചത്.
ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി
കാസർകോട് : പെൺകുട്ടിയുടെ മരണത്തിന് കാരണമായ കുഴിമന്തി വില്പന നടത്തിയെന്ന ആരോപണം നേരിട്ട കാസർകോട് അടുക്കത്ത് ബയലിലെ ഹോട്ടൽ അൽ റൊമാൻസയുടെ ലൈസൻസ് റദ്ദാക്കി. ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതരാണ് നടപടി സ്വീകരിച്ചത്. ഹോട്ടലിനുള്ളിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഫ്രീസർ വൃത്തിഹീനമായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലൈസൻസ് റദ്ദാക്കിയത്.
ഷവർമ വില്പന നിബന്ധനകൾ നടപ്പായില്ല
ആർ.കെ.രമേഷ്
തിരുവനന്തപുരം: വൃത്തിഹീനവും ശരിയായി വേവിക്കാത്തതുമായ സാഹചര്യങ്ങളിൽ ഷവർമ വില്പന നടത്തുന്നത് തടയാൻ സംസ്ഥാന സർക്കാർ പുറത്തിറക്കിയ നിർദ്ദേശങ്ങൾ നടപ്പായില്ല. ലൈസൻസില്ലാതെ ഷവർമ വില്പന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയോ 6 മാസം വരെ തടവോ ശിക്ഷ ലഭിക്കുമെന്ന ഉത്തരവ് കഴിഞ്ഞ സെപ്തംബറിലാണ് പുറത്തിറക്കിയത്.
പാലിക്കേണ്ട നിബന്ധനകൾ
# ബ്രെഡ് / കുബ്ബൂസ് / ഇറച്ചി എന്നിവ വാങ്ങിയ തീയതി, ഉപയോഗ കാലാവധിയടക്കം രേഖപ്പെടുത്തിയ ലേബൽ പതിക്കണം
ചിക്കൻ 15 മിനിട്ടും ബീഫ് 30 മിനിട്ടും തുടർച്ചയായി വേവിക്കണം. അരിയുന്ന ബീഫ് 15 സെക്കൻഡ് നേരം 71 ഡിഗ്രി സെൽഷ്യസിൽ രണ്ടാമതും വേവിക്കണം.
കോഴിയിറച്ചി 15 സെക്കൻഡ് നേരം 74 ഡിഗ്രി സെൽഷ്യസിലാണ് രണ്ടാമത് വേവിക്കേണ്ടത്
മയണൈസ് പുറത്തെ താപനിലയിൽ രണ്ട് മണിക്കൂറിലധികം സൂക്ഷിക്കരുത്. ഉപയോഗിച്ചശേഷം ബാക്കിവരുന്ന മയണൈസ് 4 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. പാസ്റ്ററൈസ്ഡ് മുട്ട മാത്രമേ മയണൈസ് നിർമ്മാണത്തിന് ഉപയോഗിക്കാവൂ.
തൊഴിലാളികളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം,കൃത്യമായ പരിശീലനം നൽകണം
ഷവർമ
അറബ് രാജ്യങ്ങളിലെ വിഭവം. ജന്മദേശം തുർക്കി. കമ്പിയിൽ കൊരുത്ത ഇറച്ചി തീയിൽ കറക്കി പാകംചെയ്യും. അരിഞ്ഞ് ഫ്രഞ്ച് ഫ്രൈസ്, ഉപ്പിലിട്ട വെള്ളരിപോലുള്ള പച്ചക്കറികളും മറ്റു മസാലക്കൂട്ടുകളും ചേർത്തോ ചേർക്കാതെയോ റൊട്ടിയിലോ കുബ്ബൂസിലോ മയാനൈസ് പുരട്ടി ചുരുട്ടിയെടുത്താൽ ഷവർമ്മയായി. ആട്, കോഴി, ടർക്കി, കാള തുടങ്ങിയവയുടെ ഇറച്ചി ഉപയോഗിക്കും.
കുഴിമന്തി
യെമൻ വിഭവം. ആഘോഷാവസരങ്ങളിൽ അറബികൾക്ക് വിശേഷപ്പെട്ടത്. ആട്,കോഴി ഇറച്ചി ഉപയോഗിച്ച് ഉണ്ടാക്കുന്ന ബിരിയാണിയുടെ ചെറുപതിപ്പ്.
അകം വിസ്താരമുള്ള കുഴിയടുപ്പിൽ തീ കനലുകൾ കത്തിച്ച് ആടിന്റെയോ മാടിന്റെയോ മാംസം മുകളിൽ കെട്ടിത്തൂക്കി കനൽ ചൂടിൽ വേവിക്കുന്നു. ഇറ്റുവീഴുന്ന കൊഴുപ്പ് ചോറിലേക്ക് പകരും. ഇതിനാണ് മന്തിയെന്ന് അറബിയിൽ പറയുന്നത്.
..........................................................................
അൽഫാം
അറേബ്യൻ ആഘോഷ വേളകളിലെ മാംസ ഭക്ഷണം. കനലുകൾക്കു മീതെ സ്ഥാപിച്ച ഗ്രില്ലിന് മുകളിൽ വച്ച് " ഗ്രിൽ ചിക്കൻ " പാകം ചെയ്യുന്നതിന് സമാനമായ രീതിയിലാണ് തയ്യാറാക്കുന്നത്. ചേരുവയിലും ചുട്ടെടുക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. കനലിനു മുകളിലെ ഗ്രില്ലിൽ വച്ച ചിക്കൻ മറ്റൊരു ഗ്രില്ലു കൊണ്ട് അമർത്തി പിടിച്ച് വേവിക്കുന്നതിനാൽ രൂപത്തിലും മാർദ്ദവത്തിലും ഗ്രിൽ ചിക്കനിൽ നിന്നു വ്യത്യസ്തമാണ്.
ഹൈക്കോടതി പറഞ്ഞിട്ടും
ഹോട്ടൽ പരിശോധനയില്ല
തിരുവനന്തപുരം: ഹോട്ടലുകളിൽ വർഷം മുഴുവൻ പരിശോധന നടത്തണമെന്ന് ഭക്ഷ്യവിഷബാധയേറ്റുള്ള മരണത്തെതുടർന്ന് സ്വമേധയാ എടുത്ത കേസിൽ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും നടപ്പിലായില്ല. ഭക്ഷണത്തിന്റെ നിലവാരമുറപ്പാക്കുന്നതിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് വൻപരാജയമാണെന്ന് കംപ്ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ (സി.എ.ജി) കുറ്റപ്പെടുത്തിയിരുന്നു. ഭക്ഷ്യവസ്തുക്കളുടെ എല്ലാ ഘടകങ്ങളും പരിശോധിക്കാനുള്ള സംവിധാനം ലാബുകളിൽ ഇല്ലെന്നും സി.എ.ജി കണ്ടെത്തിയിരുന്നു.
നിയമം ഇങ്ങനെ
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സുരക്ഷിതമല്ലാത്തതും ശുചിത്വമില്ലാത്ത സാഹചര്യത്തിൽ സൂക്ഷിച്ചിട്ടുള്ളതും നിലവാരമില്ലാത്തതുമായ ഭക്ഷണം വിൽക്കുന്നത് കുറ്റകരം.
മദ്ധ്യപ്രദേശിൽ ഭക്ഷണത്തിൽ മായം ചേർക്കുന്നതും കാലാവധി കഴിഞ്ഞ ഭക്ഷ്യോൽപന്നങ്ങൾ വിൽക്കുന്നതും ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാണ്.
ജീവനെടുക്കുന്ന വില്ലന്മാർ
നന്നായി വേവിക്കാത്ത ഇറച്ചിയിലും മയണൈസിലും സാൽമണല്ല ബാക്ടീരിയ. സാലഡുകളിലും ശുദ്ധമല്ലാത്ത ജലത്തിലും പാലിലും ഇ-കോളി ബാക്ടീരിയ. കുടലിനെ ബാധിക്കുന്നവ.
ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന നോർവാക്ക്, നോറോ, സപ്പോ, റോട്ട, ആസ്ട്രോ വൈറസുകൾ. ടോക്സോപ്ലാസ്മ പോലുള്ള പാരസൈറ്രുകൾ വർഷങ്ങളോളം കണ്ടുപിടിക്കാതെ ശരീരത്തിലുണ്ടാവും.
ലക്ഷണവും ചികിത്സയും
ഛർദി, മനംപുരട്ടൽ, വയറിളക്കം, വയറുവേദന, തരിപ്പ്, വിശപ്പില്ലായ്മ, വയർ സ്തംഭനം, പനി, ക്ഷീണം, തലകറക്കം, കടുത്ത തലവേദന, മലത്തിൽ രക്തം, ഹൃദയമിടിപ്പിലെ വ്യതിയാനം, ബോധക്ഷയം, മലബന്ധം, അതിസാരം, സന്ധിവേദന, തലകറക്കം, വിളർച്ച എന്നിങ്ങനെ ലക്ഷണങ്ങൾ. തിളപ്പിച്ചാറിയ വെള്ളം, കരിക്കിൻ വെള്ളം, ഒ.ആർ.എസ് ലായനി എന്നിവ നൽകിയിട്ടും രക്ഷയില്ലെങ്കിൽ ചികിത്സതേടണം.
ശ്രദ്ധിക്കാൻ
ഭക്ഷ്യയോഗ്യമല്ലാത്ത പരിസരങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഭക്ഷണം ഒഴിവാക്കണം
ഭക്ഷണം പഴകിയതാണെങ്കിലോ രുചി, മണം, നിറം വ്യത്യാസമുണ്ടായാലോ കഴിക്കരുത്
ജ്യൂസുണ്ടാക്കുന്ന വെള്ളവും ഐസും ശുദ്ധമാണെന്ന് ഉറപ്പാക്കണം.
മയണൈസും കുബ്ബൂസും രുചിവ്യത്യാസമോ ദുർഗന്ധമോ ഉണ്ടെങ്കിൽ കഴിക്കരുത്
1503
കേസുകളാണ് 2015 മുതൽ മജിസ്ട്രേട്ട് കോടതികളിലും ആർ.ഡി. ഓഫീസുകളിലും കെട്ടിക്കിടക്കുന്നത്
പരാതികൾ
അറിയിക്കാം
1800-425-1125
0471-2322833, 2322844
പ്രഹസന റെയ്ഡ് വേണ്ട:
കെ.സുധാകരൻ
തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയേറ്റ് പൊതുജനം മരിച്ചുവീഴുന്ന സാഹചര്യത്തിൽപ്രഹസന സുരക്ഷാ പരിശോധന ഉപേക്ഷിച്ച് വർഷം മുഴുവൻ നീളുന്ന ഭക്ഷ്യസുരക്ഷാ റെയ്ഡ് നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു.
ഭക്ഷ്യസുരക്ഷാ, ആരോഗ്യവകുപ്പുകളും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുന്നില്ല. അതിനാലാണ് ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുന്നത്.
കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഫുഡ് സേഫ്റ്റി ഓൺ വീൽസ് എന്ന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് സർക്കാർ വ്യക്തമാക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പിലെ അടിസ്ഥാന സൗകര്യത്തിന്റെയും ജീവനക്കാരുടെയും അപര്യാപ്തതയാണ് പരിശോധന പാളുന്നതിൽ പ്രധാനഘടകമെന്ന് സുധാകരൻ പറഞ്ഞു.
ഭക്ഷ്യസുരക്ഷയിൽ സർക്കാർ
പരാജയം:വി.ഡി.സതീശൻ
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായ്മയുമാണ് വീടിന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് സംസ്ഥാനത്തെ എത്തിച്ചത്.
അത്യാഹിതങ്ങളുണ്ടാകുമ്പോൾ മാത്രം പരിശോധനകൾ കർശനമാക്കുമെന്ന് പ്രഖ്യാപിക്കാതെ ശാസ്ത്രീയവും പ്രായോഗികവുമായ നടപടികളിലൂടെ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ പ്രവർത്തന സജ്ജമാക്കിയാൽ മാത്രമെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനാകൂവെന്ന് സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |