SignIn
Kerala Kaumudi Online
Friday, 20 September 2024 2.12 AM IST

മരമാണ് ഒരു വഴി

Increase Font Size Decrease Font Size Print Page
tree

കാലാവസ്ഥയെ സ്ഥൂലമെന്നും സൂക്ഷ്‌മമെന്നും വേർതിരിക്കാം. ദീർഘകാലയളവിൽ വലിയൊരു ഭൂഭാഗത്തെ അന്തരീക്ഷസ്ഥിതിയെ ക്ളൈമറ്റ് അഥവാ കാലാവസ്ഥയെന്ന് പറയുന്നു. ഒരു ചെറിയ കാലയളവിലെ ചെറിയ പ്രദേശത്തെ അന്തരീക്ഷസ്ഥിതിയെ വെതർ അല്ലെങ്കിൽ സമയാവസ്ഥയെന്നു മനസിലാക്കാം. സൂക്ഷ്‌മകാലാവസ്ഥയെ നിർണയിക്കുന്നതിൽ ഓരോ പ്രദേശത്തെയും ഭൂവിനിയോഗരീതികൾക്ക് വലിയ സ്ഥാനമാണുള്ളതെന്ന് പ്ളേറ്റോ നിരീക്ഷിച്ചിട്ടുണ്ട്.

കേരളത്തിൽ 75 ശതമാനവും വനപ്രദേശങ്ങളായിരുന്നു. നിലവിൽ മുപ്പതു ശതമാനത്തിനടുത്ത് വരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഒരു ഭൂപ്രദേശത്തിന്റെ 33 ശതമാനം വനആവാസവ്യവസ്ഥ വേണമെന്നാണ് ശാസ്‌ത്രീയമായി കണക്കാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് റോഡ് വികസനം ഉൾപ്പെടെയുള്ളവ കാര്യമായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ധാരാളം മരങ്ങൾ ഒഴിവാക്കേണ്ടിവരുന്നുണ്ട്. നഗരവത്‌കരണത്തിന്റെയും മറ്റും ഫലമായി വ്യാപകമായി മരങ്ങൾ നശിപ്പിക്കപ്പെടുന്നുണ്ട്. നഗരതാപ പ്രതിഭാസം വലിയൊരു പാരിസ്ഥിതിക, ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു.

ഒരു ഏക്കർ ഭൂമിയിലുള്ള മരങ്ങൾ ഒരുവർഷം പതിനെട്ടു പേർക്കുള്ള ഓക്സിജനുകൾ നൽകുന്നുണ്ട്. ഒരാളിന് ഒരു ദിവസം മൂന്ന് ഓക്സിജൻ സിലിണ്ടറിലുള്ളത്ര ഓക്സിജൻ ആവശ്യമാണ്. അതായത് ശരാശരി രണ്ടായിരത്തി ഒരുനൂറ് രൂപയുടെ ഓക്സിജൻ ഓരോ വ്യക്തിയും മരങ്ങളിൽ നിന്നും ഒരു ദിവസം സൗജന്യമായി ഉപയോഗിക്കുന്നുണ്ട്. ഒരു മരം ശരാശരി ഇരുനൂറ്റി അറുപതു പൗണ്ട് ഓക്സിജൻ വർഷം തോറും പുറത്തുവിടുന്നുണ്ട്. അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്‌സൈഡ് വലിച്ചെടുത്ത് മണ്ണിലുൾപ്പെടെ കരുതിവയ്ക്കുന്നത് പ്രധാനമായും മരങ്ങളാണ്. ഒരു വാഹനം 44,200 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ പുറപ്പെടുവിക്കുന്ന കാർബൺഡൈ ഓക്സൈഡ് ഒരേക്കറിലുള്ള മരങ്ങൾക്ക് ആഗിരണം ചെയ്യാൻ കഴിയും.

കേരളത്തിലെ മഴയെയും കാലാവസ്ഥയേയും നിയന്ത്രിക്കുന്നതിൽ മരങ്ങൾക്ക് വലിയ സ്ഥാനമാണുള്ളത്. കിഴക്ക് ഡെക്കാൺ മേഖലകളിലെ വരണ്ടകാറ്റിനെ തടയുന്നതിലും പശ്ചിമഘട്ട മലനിരകളിലെ മരങ്ങൾക്ക് പ്രധാനപങ്കുണ്ട്. ഭൂമിയുടെ താപനില നിയന്ത്രിക്കൽ, ഹരിതഗൃഹപ്രഭാവം കുറയ്ക്കൽ, വായു ശുദ്ധീകരിക്കൽ, ഓക്സിജൻ കൂടുതൽ നൽകൽ, കാർബൺഡൈ ഓക്സൈഡ് കരുതിവയ്ക്കൽ, ചൂടും തണുപ്പും നിയന്ത്രിക്കൽ, ജലം കൂടുതൽ കരുതൽ, ജലമലിനീകരണം കുറയ്ക്കൽ, മണ്ണൊലിപ്പിന്റെ തോത് നിയന്ത്രിക്കൽ, ഭൂജല അളവ് കൂട്ടൽ, നീരൊഴുക്ക് നിയന്ത്രിക്കുക, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കൽ, ഔഷധ സസ്യസമ്പത്ത് നൽകൽ, സാമ്പത്തികം കൂടുതൽ ഉറപ്പാക്കൽ, ഭക്ഷ്യസുരക്ഷ നേടൽ, തൊഴിൽ നൽകൽ, കാറ്റിനെ പ്രതിരോധിക്കൽ, കടലാക്രമണം നിയന്ത്രിക്കൽ, ജൈവവൈവിദ്ധ്യം നിലനിറുത്തൽ തുടങ്ങി വിപുലവും വൈവിദ്ധ്യവുമായ കാര്യങ്ങളാണ് മരങ്ങളും സസ്യസമ്പത്തും മാനവരാശിക്ക് നൽകുന്നത്.

ഒരു ഹെക്ടർ വനം മുപ്പതിനായിരം ഘനകിലോമീറ്റർ പ്രദേശത്തെ മഴയെ ഉൾക്കൊള്ളും. മണ്ണും ജലവും സംരക്ഷിക്കുന്നതും പ്രധാനമായും മര സസ്യവ്യവസ്ഥയാണ്.

കേരളത്തിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണുണ്ടാകുന്നത്. മഴയുടെ സ്ഥലകാലഭേദവും ഏറ്റക്കുറച്ചിലുകളും പ്രധാന വെല്ലുവിളികളാണ്. കാലാവസ്ഥയുടെ സന്തുലിതാവസ്ഥയ്ക്ക് മരങ്ങൾക്ക് വലിയപങ്കാണുള്ളത്. സംസ്ഥാനത്ത് വികസനത്തിന്റെ ഭാഗമായി മുറിക്കപ്പെടുന്ന മരങ്ങൾ പൂർണമായും മാറ്റി മറ്റൊരിടത്ത് നടുന്നതിന്റെ സാദ്ധ്യത പരിശോധിക്കേണ്ടതാണ്. ഒരുമരം മാറ്റേണ്ടിവരുമ്പോൾ പത്ത് തൈകളെങ്കിലും നടേണ്ടതാണ്. കൂടുതലെണ്ണം നട്ടാൽ മാത്രമേ കുറച്ചെങ്കിലും പൂർണമായും ഫലം തരൂ. കുറെ നശിച്ചുപോകും. നല്ല വീതിയിലുള്ള റോഡുകളുടെ മദ്ധ്യഭാഗങ്ങളിൽ ഡിവൈഡറുകൾ പണിയുന്ന രീതിയുണ്ട്. ഇത്തരം സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കേണ്ടതാണ്. പുതിയതായി നിർമ്മിക്കുന്ന റോഡുകളുടെ ഇരുവശത്തും മറ്റും കഴിയുന്നത്ര ഇടങ്ങളിലും തൈകൾ വച്ചുപിടിപ്പിക്കുകയും പരിപാലനം ഉൾപ്പെടെയുള്ള കാര്യങ്ങൾ കരാർ വ്യവസ്ഥയുടെ ഭാഗമാക്കുകയും ചെയ്യേണ്ടതാണ്. ഇതിനനുസൃതമായി നിർമ്മാണ ഡിസൈനും എസ്റ്റിമേറ്റും ഉണ്ടാകണം. മാനുവലിലും ആവശ്യമായ ഭേദഗതിയുണ്ടാകണം.

സർക്കാർ കെട്ടിടങ്ങൾ, സ്വകാര്യ കാമ്പസുകൾ, വീടുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ വൃക്ഷതൈകൾ കൂടി വേണമെന്ന നിയമം നിർമ്മാണ ചട്ടങ്ങളിൽ ഉൾപ്പെടുത്തണം. പച്ചപ്പ് നിലവിലുള്ളതിന്റെ ഇരട്ടിയെങ്കിലും കൂടുതലായി സജ്ജമാക്കണം. ജലസംരക്ഷണത്തിനും മണ്ണൊലിപ്പുൾപ്പെടെ നിയന്ത്രിച്ച് ജൈവാംശമുള്ള മണ്ണിനെ കരുതലിനും പുൽച്ചെടികൾ മുതൽ വൻമരങ്ങൾ വരെയുള്ള വൃക്ഷസസ്യവൂഹം ആവശ്യമാണ്. നഗരങ്ങളിലെ വായുമലിനീകരണം ഏറിവരികയാണ്. മുളകളുൾപ്പെടെയുള്ള സസ്യങ്ങളും ചെടികളും ധാരാളമായി നഗരങ്ങളിൽ നടേണ്ടതാണ്. വായുവിനെ ശുദ്ധീകരിക്കുന്നതിൽ മരങ്ങൾക്ക് നിർണായകമായ സ്ഥാനമാണുള്ളത്. പച്ചപ്പുകൾ നൽകുന്ന ശുദ്ധവായുവും ശുദ്ധവെള്ളവും ശുദ്ധമണ്ണും ശുദ്ധ ഭക്ഷണവും കൂടുതലുണ്ടാകുന്നിടത്ത് സ്നേഹവും ശാന്തിയും സമാധാനവും കൂടുതലായിരിക്കും. പർവതജന്യമായ മഴയാണ് കേരളത്തിൽ ലഭിക്കുന്നത്. അത്തരം മഴ ലഭിക്കുന്നതിൽ മരങ്ങൾക്കും നല്ലൊരു സ്ഥാനമുണ്ട്. സൂക്ഷ്‌മകാലാവസ്ഥയെ കൂടുതലായി സന്തുലിതാവസ്ഥയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. മഴ പെയ്യുന്നതിലും തടയുന്നതിലും മരങ്ങൾക്ക് വലിയ പങ്കാണുള്ളതെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്.

ഒരിഞ്ചു കനത്തിൽ സ്വാഭാവികമായി മണ്ണുണ്ടാകാൻ ആയിരം വർഷം വേണം. ഭൂഗർഭ ജലവിതാനം കൂടുതൽ സുരക്ഷിതമാകാൻ രണ്ടായിരം വർഷമെടുക്കും. മണ്ണും വെള്ളവും പരമാവധി സംരക്ഷിച്ചു നിലനിറുത്തുന്നത് മര ആവാസ വ്യവസ്ഥകളാണ്. ഫലഭൂയിഷ്ടമായ മേൽ മണ്ണിനെ കൂടുതലായി കരുതുന്നത് മരങ്ങൾ തന്നെയാണ്. നാം മുറിക്കുന്ന ഓരോ മരത്തിനും പകരം മരങ്ങളുണ്ടാകണം. ഒരു മരം മുറിക്കുമ്പോൾ പത്ത് തൈകൾ വച്ചും മരങ്ങളോട് അനുവാദം ചോദിച്ചും വൃക്ഷപൂജകൾ സംഘടിപ്പിച്ചും മരങ്ങളോട് ആദരവ് പ്രകടിപ്പിച്ചിരുന്ന രീതി ഭാരതത്തിലുണ്ടായിരുന്നു. കാലം മാറി. രീതികൾ പലതും ഇല്ലാതായി. എന്തായാലും നാം നഷ്ടപ്പെടുത്തുന്ന വൃക്ഷസമൂഹത്തിനു പകരമുള്ളവ ഉറപ്പാക്കുവാൻ നമുക്ക് ബാദ്ധ്യതയും ഉത്തരവാദിത്വവുമുണ്ട്.

വിവിധ പ്രവർത്തനങ്ങളുടെ ഫലമായി നഷ്ടപ്പെടുന്ന മരങ്ങളുടെ കണക്കെടുപ്പ് പ്രധാനമാണ്. കഴിയുന്നത്ര പരമാവധിയിടങ്ങളിൽ വൃക്ഷവൽക്കരണം നടത്തേണ്ടതാവശ്യമാണ്. കാലാവസ്ഥ മാറ്റത്തിന്റെയും ആഗോള താപനത്തിന്റെയും പുതിയ കാലത്ത് ഭൂമിയെയും പ്രകൃതി വിഭവങ്ങളെയും കൂടുതലായി സംരക്ഷിക്കപ്പെടണം. അവയിൽ ഏറ്റവും പ്രധാനം മരങ്ങളുടെയും സസ്യസമ്പത്തിന്റെയും തോത് വർദ്ധിപ്പിക്കുകയെന്നതു തന്നെയാണ്. മരതൈകൾ നടുന്നതുപോലെ പ്രധാനമാണ് അവയുടെ സംരക്ഷണവും. ജനകീയകൂട്ടായ്മകൾ, പരിസ്ഥിതി സംഘടനകൾ, സന്നദ്ധസംഘടനകൾ, പഞ്ചായത്തിരാജ് സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ കൂടുതലായി തൈകൾ നടാൻ പരിപാടികൾ ആവശ്യമാണ്. പ്രശ്നം ജീവവായുവിന്റേതാണ്. തത്‌കാലം ജീവവായുവിനു പകരംവയ്ക്കുവാൻ മറ്റൊന്നുമില്ല. കൂടുതൽ ശുദ്ധമായ ജീവവായു നൽകുവാൻ കഴിയുന്ന മരങ്ങൾ ഇനിയും ധാരാളമായി രൂപപ്പെടുത്തുക. അതുമാത്രമാണ് പരിഹാരം. ജീവന്റെ നിലനില്പിനായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TREE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.