കീവ്: കിഴക്കൻ യുക്രെയിനിലെ ക്രാമറ്റോർസ്ക് നഗരത്തിൽ 600ലേറെ യുക്രെയിൻ സൈനികരെ വധിച്ചെന്ന് റഷ്യ. ഡൊണെസ്കിൽ മകീവ്ക നഗരത്തിൽ കഴിഞ്ഞാഴ്ച യുക്രെയിൻ നടത്തിയ മിസൈലാക്രമണത്തിൽ 89 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ഇന്നലെ പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച തെളിവുകളൊന്നും ലഭ്യമല്ല. ക്രാമറ്റോർസ്കിൽ യുക്രെയിൻ സൈനികർ കഴിഞ്ഞിരുന്ന രണ്ട് കെട്ടിടങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ച ക്രിസ്മസ് വെടിനിറുത്തൽ ശനിയാഴ്ച അർദ്ധരാത്രി അവസാനിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. ആക്രമണം കൂടുതൽ ശക്തമാക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി. ഒരു കെട്ടിടത്തിൽ 700ഉം മറ്റൊന്നിൽ 600ഉം വീതം സൈനികരാണ് ഉണ്ടായിരുന്നതെന്നും റഷ്യ പറയുന്നു. വാദം ശരിയെങ്കിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രെയിൻ ഭാഗത്ത് ഒറ്റ ദിവസം ഏറ്റവും കൂടുതൽ ആൾനാശം സൃഷ്ടിച്ച ആക്രമണങ്ങളിൽ ഒന്നാകും ഇത്. എന്നാൽ, 600 സൈനികരെ വധിച്ചെന്ന റഷ്യയുടെ അവകാശവാദം വ്യാജമാണെന്ന് യുക്രെയിൻ സൈന്യം പ്രതികരിച്ചു. ആക്രമണങ്ങളുണ്ടായെങ്കിലും ആളപായമില്ലെന്നാണ് ക്രാമറ്റോർസ്ക് മേയർ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |