SignIn
Kerala Kaumudi Online
Monday, 11 August 2025 6.16 PM IST

ജോഷിമഠ് നൽകുന്ന മുന്നറിയിപ്പ്

Increase Font Size Decrease Font Size Print Page

photo

ഒട്ടേറെ പ്രകൃതിദുരന്തങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള ഉത്തരാഖണ്ഡിലെ ജോഷിമഠ് എന്ന പുണ്യഭൂമി ഇപ്പോൾ വീണ്ടുമൊരു പ്രതിസന്ധിയിലാണ്. വ്യാപകമായി ഭൂമി ഇടിഞ്ഞുതാഴാൻ തുടങ്ങിയതാണ് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നത്. കെട്ടിടങ്ങൾക്കും റോഡുകൾക്കും വിള്ളലുകൾ വീഴുന്നു. ഭൂമിക്കടിയിൽ നിന്ന് വെള്ളം മുകളിലെത്തി പരക്കുന്നു. അനുദിനം വലുതായിക്കൊണ്ടിരിക്കുന്ന വിള്ളലുകൾ പലകെട്ടിടങ്ങളും ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാക്കിയിട്ടുണ്ട്. അറുനൂറിലധികം കുടുംബങ്ങളെ അടിയന്തരമായി സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ദേശീയ - സംസ്ഥാന ദുരന്തനിവാരണ സേനകളും മറ്റ് സുരക്ഷാ ഏജൻസികളും ഏതു അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറായി അവിടെത്തന്നെ ക്യാമ്പ് ചെയ്യുകയാണ്. ആംബുലൻസുകളും ഹെലികോപ്ടറുകളുമൊക്കെ തയ്യാറാക്കി നിറുത്തിയിട്ടുണ്ട്.

സമുദ്രനിരപ്പിൽ നിന്ന് 6100 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പവിത്രഭൂമി സ്ഥിരം ഭൂകമ്പസാദ്ധ്യതാ പട്ടികയിലുള്ള പ്രദേശമാണ്. നിരവധി ഭൂകമ്പങ്ങൾക്കും ഇവിടം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹിമാലയൻ ഭൂകമ്പങ്ങളിൽ രൂപപ്പെട്ട പ്രദേശമായതിനാൽ ഭൂമിക്ക് പൊതുവേ ഉറപ്പ് കുറവാണ്. പല സംസ്ഥാനങ്ങളിലുമെന്നപോലെ വനനശീകരണവും വിവേചനമില്ലാതെ തുടരുന്ന നിർമ്മാണ പ്രവർത്തനങ്ങളുമാണ് ജോഷിമഠിനെ ദുരന്തഭൂമിയാക്കി മാറ്റുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. അതീവ പരിസ്ഥിതിലോല പ്രദേശമായ ജോഷിമഠിൽ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന ഒരു പ്രവർത്തനങ്ങളും പാടില്ല. എന്നാൽ വൻകിട വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കനിർമ്മാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഇപ്പോഴത്തെ ദുരന്തവുമായി ബന്ധപ്പെട്ട് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

ദുരന്തബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ഉദ്യോഗസ്ഥ സംഘവും സന്ദർശനം നടത്തി പ്രദേശവാസികളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ വർഷങ്ങളായി കഴിയുന്ന വീടുകൾ ഉപേക്ഷിച്ച് പോകേണ്ടിവരുന്ന അവരിൽ ഒട്ടുമിക്കപേരും കടുത്ത ആശങ്കയിലുമാണ്. കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഇടപെട്ടത് ആശ്വാസനടപടികൾ വേഗത്തിലാക്കും. വലിയ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം നിറുത്തിവച്ചിരിക്കുകയാണ്.

ദുരിതാശ്വാസ നടപടികൾക്കു വേഗത പോരെന്നാണ് സ്ഥലവാസികളുടെ പരാതി. ജ്യോതിഷ് പീഠം ശങ്കരാചാര്യരും ഇതേ അഭിപ്രായക്കാരനാണ്. വികസനത്തിന്റെ മറവിൽ നടക്കുന്ന പരിസ്ഥിതി നശീകരണത്തിൽ രോഷാകുലരായ ജനങ്ങൾ സമരപാതയിലുമാണ്. ജോഷിമഠ് സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങൾ ആരായുന്നുണ്ടെങ്കിലും പുനരധിവാസ രക്ഷാപാക്കേജുകൾ സംബന്ധിച്ച് വ്യക്തമായ പദ്ധതി ആവിഷ്കരിക്കാത്തതും വിമർശനത്തിനു കാരണമായിട്ടുണ്ട്. കുറച്ചുനാളായി ജോഷിമഠിൽ കാര്യങ്ങൾ കൈവിട്ടുപോയ അവസ്ഥയായിരുന്നു. എൻ.ടി.പി.സിയുടെ തപോവൻ - വിഷ്ണുഗഢ് താപനിലയവുമായി ബന്ധപ്പെട്ട ടണൽ നിർമ്മാണമാണ് ജോഷിമഠിന്റെ നാശം പൂർണമാക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ഒട്ടേറെ പഠനസംഘങ്ങൾ ജോഷിമഠ് സന്ദർശിച്ച് പഠനം നടത്തി. ഇവർ ഡൽഹിയിൽ മടങ്ങിയെത്തി വിശദമായ പുനരധിവാസ പദ്ധതിക്കു രൂപം നൽകുമെന്നാണു പറയുന്നത്.

ദുരന്തഭൂമിയിൽ നിന്ന് എത്രയുംവേഗം ആളുകളെ ഒഴിപ്പിച്ച് പുനരധിവസിപ്പിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. എന്നാലും എത്രയും വേഗം അതു നടപ്പിലാക്കണം. പരിസ്ഥിതിലോല മേഖലകൾ അതീവ ശ്രദ്ധയോടെ സംരക്ഷിക്കുന്നതിലും പ്രത്യേകശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു. ജോഷിമഠിലെ പ്രകൃതിദുരന്തം മറ്റിടങ്ങളിലുള്ളവർക്കും വലിയ പാഠമാണ് നൽകുന്നത്. പരിസ്ഥിതി മേഖലയെച്ചൊല്ലി കേരളത്തിലും കുറച്ചുനാളായി വൻ വിവാദങ്ങൾ നടക്കുകയാണല്ലോ. മലകളെയും മലയടിവാരങ്ങളിലുള്ള വനത്തെയും ഭൂമിയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇനിയും ചിലർക്ക് ബോദ്ധ്യമായിട്ടില്ല. കഴിഞ്ഞ രണ്ടു പ്രകൃതിക്ഷോഭങ്ങൾ പലരുടേയും കണ്ണുതുറപ്പിച്ചിട്ടുണ്ട്. എന്നാലും കാടുകയറാനും ഭൂമി വെട്ടിപ്പിടിക്കാനും പാറപൊട്ടിക്കാനും ക്രഷർ യൂണിറ്റ് തുടങ്ങാനുമുള്ള ആർത്തിക്ക് ഒരു കുറവുമുണ്ടായിട്ടില്ല.

TAGS: JOSHIMATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.