പല സംസ്ഥാനങ്ങളുടെയും പൊതുവിതരണ സമ്പ്രദായത്തിൽ മുൻഗണനാ വിഭാഗത്തിൽ അനർഹർ കടന്നുകൂടിയിട്ടുണ്ട്. അവരെ കണ്ടെത്തി ഒഴിവാക്കണമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശം കർശനമായി നടപ്പാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മുൻഗണനാ കാർഡിൽ അനർഹമായി ഉൾപ്പെട്ട രണ്ട് ലക്ഷത്തിലധികം കാർഡുടമകളെ കേരളം നീക്കംചെയ്തതു പോലെ മറ്റ് സംസ്ഥാനങ്ങൾ നീക്കം ചെയ്തിട്ടില്ല. റേഷൻകാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്ന പദ്ധതി പൂർത്തിയാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. നിലവിലെ റേഷൻ കാർഡ് ആധാർ സീഡിംഗ് കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 3,49,29,589 ഗുണഭോക്താക്കളുണ്ട്. ഇതനുസരിച്ച് കേരളത്തിലെ മുൻഗണനാ കാർഡുകളുടെ എണ്ണം കേന്ദ്രം വർദ്ധിപ്പിക്കേണ്ടതാണ്. നിരവധിതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രം ഇത് ചെവിക്കൊണ്ടിട്ടില്ല. ഏറ്റവും കുറഞ്ഞത് ഏഴ് ലക്ഷം മുൻഗണനാ കാർഡുകളെങ്കിലും സംസ്ഥാനത്തിന് കൂടുതലായി ലഭിക്കേണ്ടതാണ്. ഇത് നൽകാതിരിക്കുമ്പോൾ കേരളത്തിന് ലഭിക്കേണ്ട അരിവിഹിതത്തിൽ കുറവ് വരും.
ഇതിനൊപ്പം മറ്റൊരു തിരിച്ചടികൂടി കേരളം നേരിട്ടിരിക്കുകയാണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. 2020 ഏപ്രിൽ മുതൽ രാജ്യത്ത് നടപ്പാക്കിയ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം സൗജന്യമായി വിതരണം ചെയ്തിരുന്ന അഞ്ചുകിലോ ഭക്ഷ്യധാന്യം ഡിസംബറിൽ പൊടുന്നനെ കേന്ദ്രം നിറുത്തലാക്കി. ഇതിന് പകരം മുൻഗണനാ കാർഡുടമകൾക്ക് നൽകിയിരുന്ന മൂന്നുരൂപ നിരക്കിൽ അരിയും രണ്ടുരൂപ നിരക്കിൽ ഗോതമ്പും സൗജന്യമാക്കുകയാണ് ചെയ്തത്. ഇങ്ങനെയൊരു തീരുമാനം മാറ്റി മറ്റൊന്ന് കേന്ദ്രം നടപ്പാക്കിയപ്പോൾ ഏറ്റവുമധികം നഷ്ടം സംഭവിച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം. ഉത്‌പാദനത്തിൽ പിന്നാക്കം നിൽക്കുന്ന കേരളം പോലൊരു സംസ്ഥാനത്തെ ഈ നടപടി വളരെ ദോഷകരമായി ബാധിച്ചിരിക്കുന്നതിനാൽ കേന്ദ്രം അടിയന്തരമായി കേരളത്തിന് നൽകി വരുന്ന അരിവിഹിതം വർദ്ധിപ്പിക്കണമെന്നാണ് ഭക്ഷ്യവകുപ്പ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് തികച്ചും ന്യായമായ ആവശ്യമാണ്.
കേരളത്തിന് അനുവദിച്ചിട്ടുള്ള മുൻഗണനാ കാർഡുകളുടെ എണ്ണം പരിമിതമായതിന്റെ ഒപ്പം അരിവിഹിതം കൂടി വെട്ടിക്കുറച്ചത് ഫലത്തിൽ കേരളത്തിന് ഇരുട്ടടിയായി മാറി. സുഗന്ധവ്യഞ്ജനങ്ങളുടെയും മറ്റു നാണ്യവിളകളുടെയും കയറ്റുമതി ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇതിലൂടെ കേന്ദ്രസർക്കാരിന് വൻതോതിൽ വിദേശനാണ്യം നേടിക്കൊടുക്കുകയും ചെയ്യുന്നു. ഈ സാഹചര്യം പരിഗണിച്ച് കേരളത്തിന് പ്രത്യേക പരിഗണന എന്തുകൊണ്ടും നൽകേണ്ടതാണ്. കേരളത്തിന്റെ അരിവിഹിതം കുറഞ്ഞത് ഇവിടത്തെ പൊതുവിതരണ സമ്പ്രദായത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കേന്ദ്രം സമയം കളയാതെ ഉടൻ തീരുമാനമെടുക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള നടപടികളും സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |