പാർട്ടി നേതാക്കൾക്ക് പശുക്കളെ വളർത്തിക്കൂടെന്നുണ്ടോ ? തൊഴുത്ത് കെട്ടാൻ പാടില്ലേ? അടുത്തിടെ സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനിൽ നിന്ന് ഉയർന്ന ചോദ്യങ്ങളാണിത്. പശു ഉൾപ്പെടെ സർവ കന്നുകാലികളുടേയും കാര്യങ്ങൾ നോക്കുന്ന മൃഗസംരക്ഷണവകുപ്പ് പാർട്ടിതന്നെ കൈകാര്യം ചെയ്യുമ്പോൾ ഇൗ ചോദ്യങ്ങൾക്ക് പ്രസക്തി ഏറെയാണ്. എല്ലാവരും പശുവിനെ വളർത്തണമെന്ന് ആഹ്വാനം ചെയ്തിട്ടുള്ള സർക്കാരാണ് ഇടതുമുന്നണിയുടേത്. പിന്നയെന്താണ് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവിൽ നിന്ന് ഇങ്ങനെ കുറെ ചോദ്യങ്ങളുയരാൻ കാരണമെന്ന് അന്വേഷിച്ചു ചെല്ലുമ്പോഴാണ് പാർട്ടിക്കുള്ളിലെ തൊഴുത്തിൽകുത്ത്, തൊഴുത്തുവിട്ട് പുറത്തേക്ക് ചാടിയത് അറിയുന്നത്. പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്ത് എ.പി.ജയന് മൂന്നാമൂഴമാണ്. കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി എതിർശബ്ദങ്ങളെ തുടക്കത്തിലേ നുള്ളിക്കളഞ്ഞ തന്ത്രശാലിയാണ് അദ്ദേഹം.
അവഗണന
വേദനയാകുമ്പോൾ
യുവജന വിഭാഗമായ എ.ഐ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗമായ ശ്രീനാദേവി കുഞ്ഞമ്മ ജില്ലാ പഞ്ചായത്ത് അംഗമായ ശേഷം പാർട്ടിയിൽ കല്ലുകടികൾ തുടങ്ങിയതാണ്. അക്കാഡമിക ഔന്നത്യവും പ്രഭാഷണകല കൈമുതലായുമുള്ള
ശ്രീനാദേവി സി.പി.ഐ ജില്ലാ നേതൃത്വത്തിലേക്ക് ഉയരുമെന്ന് പ്രതീക്ഷിച്ചവർ ഏറെ. ജില്ലാ സെക്രട്ടറിയുടെ നാട്ടിൽനിന്ന് ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചുവന്ന ഇൗ യുവതാരകം പക്ഷേ, പാർട്ടി ജില്ലാ സമ്മേളനത്തിൽ പ്രതിനിധി പോലുമായില്ല. അവഗണിക്കപ്പെട്ടതിന്റെ വേദന ഉള്ളിലൊതുക്കി കഴിയുമ്പോഴാണ് ജില്ലാ സെക്രട്ടറി അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ചില സംശയങ്ങൾ ശ്രീനാദേവിക്കു മുന്നിലെത്തിയത്. വിവര ശേഖരണത്തിൽ ജില്ലാ സെക്രട്ടറിക്കെതിരെ പാർട്ടിയിൽ ആരോപണങ്ങളുന്നയിക്കാൻ തക്ക തെളിവുകൾ ലഭിച്ചത്രെ. സെക്രട്ടറിയുടെ വീടിന് രണ്ട് കിലോമീറ്ററിനുള്ളിൽ ആരംഭിച്ച പശു ഫാം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി. ഏതാണ്ട് ആറ് കോടിയുടെ സ്വത്തുണ്ടത്രെ. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് ഇത്രയും കോടികളുടെ സ്വത്ത് എവിടെനിന്ന് ലഭിച്ചെന്ന സംശയം ശ്രീനാദേവി പാർട്ടി സംസ്ഥാന കൗൺസിലിലേക്ക് പരാതിയായി അയച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്വേഷണ കമ്മിഷനെ നിയോഗിച്ചു.
ശ്രീനാദേവി ഉന്നയിച്ച പരാതിക്ക് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലും പാർട്ടി പ്രവർത്തകർ തമ്മിൽ ചേരിപ്പോര് രൂക്ഷമായി. കൊണ്ടും കൊടുത്തും ഇരുപക്ഷവും മുന്നേറുകയാണ്. പത്തനംതിട്ട ജില്ലയിൽ പാർട്ടിയുടെ ശക്തികേന്ദ്രം അടൂരാണ്. ചില യുവ നേതാക്കൾ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടതിന് പിന്നാലെ ജില്ലാ സെക്രട്ടറിക്കെതിരെ പടനീക്കം ശക്തമായിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് ശ്രീനാദേവിയുടെ പരാതിയിലൂടെ പുറത്തുവന്നത്. തനിക്ക് പശുവിനെ വളർത്താൻ പാടില്ലേ എന്ന് ഒറ്റചോദ്യം കൊണ്ടാണ് മേലൂട് ക്ഷീരോത്‌പാദക സഹകരണസംഘം പ്രസിഡന്റ് കൂടിയായ എ.പി.ജയൻ തനിക്കെതിരായ പരാതിയെ നേരിട്ടത്. ഏത് അന്വേഷണവും വരട്ടെ, സഹകരിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു പറയുന്നു. മുതലാളിത്ത ലോകത്തെയാകെ ചെറുത്തുകൊണ്ട് മുന്നോട്ടു പോകുമെന്ന് സോഷ്യൽ മീഡിയയിലൂടെ ഒളിയമ്പെയ്ത് ജില്ലാ സെക്രട്ടറിക്കെതിരെ ശ്രീനാദേവി ആക്രമണം കടുപ്പിച്ചു. പശുവിന്റെ കയർ ഇപ്പോൾ സംസ്ഥാന ഘടകത്തിന്റെ കയ്യിലാണ്. സംസ്ഥാന കൗൺസിൽ അംഗം കെ.കെ. അഷറഫാണ് ഏകാംഗ അന്വേഷണ കമ്മിഷൻ. കെ.ഇ.ഇസ്‌മയിൽ പക്ഷക്കാരനാണ് എ.പി ജയൻ എന്ന് കരുതപ്പെടുന്നു. അദ്ദേഹത്തെ ഒതുക്കാൻ കാനം പക്ഷത്തിന് ലഭിച്ച ഒരവസരം കൂടിയാണ് പരാതി.
അവർ ഒറ്റയ്ക്കല്ല
സംസ്ഥാന നേതൃത്വത്തിന് പരാതി അയച്ചതിന് പിന്നിൽ ശ്രീനാദേവി എന്ന ഒറ്റയാൾ മാത്രം ആയിരിക്കില്ലെന്നാണ് ജയന്റെ ആളുകൾ പറയുന്നത്. ജില്ലയിലെ സി.പി.ഐയിൽ എ.പി. ജയനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായി രണ്ടു പക്ഷമുണ്ട്. പാർട്ടി ശക്തികേന്ദ്രമായ അടൂരിൽ നഗരസഭ ചെയർമാൻ സി.പി.ഐയിലെ ഡി. സജിയാണ്. ജയൻ പക്ഷത്തായിരുന്ന സജി കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് മുൻപായി എതിർപക്ഷത്തേക്ക് മാറി. സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് സജി മത്സരിക്കാനൊരുങ്ങിയതാണ്. അനുനയ ചർച്ചകൾക്കൊടുവിൽ പിൻമാറി. നഗരസഭ ചെയർമാൻ സ്ഥാനത്തുനിന്ന് സജി ഒഴിയാറായി. ഇടതുമുന്നണിയിലെ ധാരണ പ്രകാരമാണിത്. സ്ഥാനമൊഴിഞ്ഞാൽ പാർട്ടി നേതൃത്വത്തിലേക്ക് മാറും. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായ അദ്ദേഹം പാർട്ടിയിൽ ശക്തമാകുന്ന തോടെ ഉൾപ്പാർട്ടി സമവാക്യങ്ങളിൽ മാറ്റം വരാം. പാർട്ടി നേതൃത്വത്തിലേക്ക് യുവത്വത്തെ എത്തിക്കുന്നതിന്റെ ഭാഗമായി ചില പഴയ മുഖങ്ങളെ ജില്ലാ സമ്മേളനത്തോടെ ഒഴിവാക്കിയിരുന്നു. പുതിയ ടീമിൽ എ.പി ജയൻ തന്റെ അനുയായികളെ മാത്രം ഉൾപ്പെടുത്തിയതിലാണ് എതിർപക്ഷത്തിന്റെ അമർഷം. അത് ശ്രീനാദേവിയിലൂടെ പുറത്തേക്കെത്തി. വിട്ടുവീഴ്ചയില്ലാതെ ജയനെതിരെ പോരാടാൻ എതിർപക്ഷം കരുക്കൾ നീക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനം എന്നതിനപ്പുറം അദ്ദേഹത്തിനെതിരെ മറ്റൊരു ആയുധമില്ല. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ജയനെ നീക്കണമെന്നതാണ് വിരുദ്ധപക്ഷത്തിന്റെ ആവശ്യം. നാല് പതിറ്റാണ്ടായ കമ്മ്യൂണിസ്റ്റ് ജീവിതത്തിൽ താൻ വഴിവിട്ട് എന്തെങ്കിലും നേടിയെന്ന് തെളിയിക്കാൻ എ.പി. ജയൻ വെല്ലുവിളിക്കുകയാണ്. വിദേശത്ത് ജാേലിയുള്ള മരുമകൻ കൊവിഡ് കാലത്ത് നാട്ടിലുണ്ടായിരുന്നപ്പോൾ
ആരംഭിച്ചതാണ് പശു ഫാം. അത് തന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് വലിയ അപരാധമാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. ശരിയും തെറ്റും പാർട്ടി കമ്മിഷൻ കണ്ടെത്തട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |