കൊല്ലൂർ (കർണാടക): ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന് ഇന്ന് എൺപത്തിമൂന്നാം പിറന്നാൾ. അമേരിക്കയിലെ ഡാലസിലുള്ള അദ്ദേഹം ഇക്കുറി പിറന്നാൾ ദിനത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിന് എത്തില്ല. മിക്ക പിറന്നാൾ ദിനങ്ങളിലും അദ്ദേഹം കൊല്ലൂരിൽ എത്താറുണ്ടായിരുന്നു. അദ്ദേഹത്തിനുവേണ്ടി
മുഖ്യ അർച്ചകൻ ഗോവിന്ദ അഡിഗയുടെ കാർമ്മികത്വത്തിൽ ദേവിക്ക് മഹാപൂജയും വഴിപാടുകളും നടത്തും.
ഇന്ന് കൊച്ചിയിൽ യേശുദാസ് അക്കാഡമിയുടെ നേതൃത്വത്തിൽ പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ ജന്മദിനാഘോഷം സംഘടിപ്പിക്കും. ഓൺലൈനിലൂടെ യേശുദാസും ഭാര്യ പ്രഭയും പങ്കെടുക്കും. രാവിലെ 10ന് നടൻ മമ്മൂട്ടി യേശുദാസിന്റെ ഏറ്റവും പുതിയ പ്രണയ യുഗ്മഗാനമായ 'തനിച്ചൊന്നുകാണാൻ...' എന്ന ആൽബം പ്രകാശനം ചെയ്യും. ഗായിക ദീപ്തി ദാസും സ്വരം പകർന്നിട്ടുള്ള ആൽബത്തിന്റെ രചന അനീഷ് നായരും സംഗീത സാക്ഷാത്കാരം ശിവദാസ് വാര്യരുമാണ്.
11 മണിക്ക് സംഗീത, സാഹിത്യ, ചലച്ചിത്ര, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും സഹപാഠികളും സുഹൃത്തുക്കളും ചേർന്ന് പിറന്നാൾ കേക്ക് മുറിക്കും. തുടർന്ന് ഉണ്ണിമേനോൻ, എം.ജി.ശ്രീകുമാർ, വിജയ് യേശുദാസ്, സുദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം ഗായകർ ആശംസഗീതാഞ്ജലി അർപ്പിക്കും.
കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു ഒരുക്കിയ, പ്രസിദ്ധ ഛായാഗ്രാഹകൻ ലീൻ തോബിയാസ് പകർത്തിയ 83 ഗന്ധർവ്വ ഭാവരാഗചിത്രങ്ങളുടെ പ്രദർശനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ വൃദ്ധസദനത്തിലെ അന്തേവാസികൾക്കുൾപ്പെടെ സദ്യയും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |