SignIn
Kerala Kaumudi Online
Monday, 05 June 2023 8.51 AM IST

സംരക്ഷിക്കണം വാരണപ്പള്ളി തറവാടും ചേവണ്ണൂർ കളരിയും

varanappalli-tharavadu

ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും സന്യാസിവര്യനും നവോത്ഥാന ചരിത്രത്തിൽ പുത്തൻ അദ്ധ്യായങ്ങൾ എഴുതിചേർത്ത സാമൂഹ്യ പരിഷ്‌കർത്താവുമായ ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയും സമാധി സ്ഥലമായ ശിവഗിരിയും ലോക ഭൂപടത്തിൽ സ്ഥാനം നേടിയെങ്കിലും ഗുരു ഉപരിപഠനത്തിനെത്തിയ കായംകുളത്തെ വാരണപ്പള്ളി തറവാടും ചേവണ്ണൂർ കളരിയും ഗുരുവായിരുന്ന കുമ്മമ്പള്ളി രാമൻപിള്ള ആശാനും നാണുവിന്റെ ശ്രീകൃഷ്ണ ദർശനവും വിസ്മരിക്കപ്പെടുകയല്ലേ എന്ന ചോദ്യം ബാക്കിയാവുന്നു.

കായംകുളം പട്ടണത്തിനു തെക്കുപടിഞ്ഞാറ് മാറി പുതുപ്പള്ളിക്കു സമീപമാണ് വാരണപ്പള്ളി തറവാട്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ തനതായ ഇടംനേടിയിട്ടുണ്ടെന്ന് മാത്രമല്ല കായംകുളം കൃഷ്ണപുരം കൊട്ടാരത്തിലെ സർവസേനാധിപന്മാർ വാരണപ്പള്ളിതറവാട്ടിൽ നിന്നുള്ളവരായിരുന്നു.

1878 ൽ ഇരുപത്തിരണ്ടാം വയസിൽ നാണു കുമ്മമ്പള്ളി രാമൻപിള്ള ആശാന്റെ ശിഷ്യത്വം സ്വീകരിച്ച് ഈ തറവാട്ടിൽ താമസം തുടങ്ങിയതോടെയാണ് വാരണപ്പള്ളിയുടെ വളർച്ചയുടെ നാൾ വഴികൾക്ക് തുടക്കം കുറിക്കപ്പെടുന്നത്. ക്ലാസ്സിൽ സമർത്ഥനായിരുന്ന നാണുവിനെ ആശാൻ ചട്ടമ്പി (മോണിറ്റർ) ആയി അവരോധിക്കുകയും അങ്ങനെ നാരായണൻ നാണു ചട്ടമ്പിയായതും ചരിത്ര നിയോഗം.

അക്കാലത്ത് തികഞ്ഞ കൃഷ്ണഭക്തനായ നാണു ഒരുനാൾ വാരണപ്പള്ളി ക്ഷേത്രത്തിന് സമീപമുള്ള ചെമ്പകമരത്തിന്റെ ചുവട്ടിൽ ധ്യാനത്തിലായിരിക്കെ എന്തിനെയോ പിടിക്കാനുള്ള വ്യഗ്രതയിൽ സമീപത്തെ കുളം ലക്ഷ്യമാക്കി ഓടുകയും പെട്ടെന്നു അതിൽ മുങ്ങി പൊങ്ങുന്നതും സുഹൃത്തുക്കൾ കാണാനിടയായി.

ഇതറിഞ്ഞ ആശാൻ നാണുവിനോട് കാര്യം ആരായുകയും ശ്രീകൃഷ്ണ ദർശനത്തിന്റെ കാതലായഭാഗം കാവ്യരൂപത്തിൽ (ശ്രീകൃഷ്ണ ദർശനം) നാണു വർണിക്കുകയും ചെയ്തു. ഭഗവാന്റെ വിശ്വരൂപം പൂർണതയോടെ ചൊല്ലിക്കേട്ടാൽ കൊള്ളാമെന്ന ആശാന്റെ ആഗ്രഹം തികഞ്ഞ ഭയഭക്തിബഹുമാനത്തോടെ ഗുരുദക്ഷിണയെന്നോണം ചൊല്ലി കേൾപ്പിക്കുകയും ചെയ്തു.


ശ്രീവാസുദേവ സരസീരുഹ പാഞ്ചജന്യ,
കൗമോദകീ ഭയനിവാരണ ചക്രപാണേ,
ശ്രീവത്സവത്സ സകലാമയമൂലനാശിൻ,
ശ്രീ ഭൂപതേ, ഹരഹരേ, സകലാമയം മേ.

എന്നു തുടങ്ങുന്ന ശ്രീവാസുദേവാഷ്ടകം മുഴുവനായി ചൊല്ലി തീർന്നതും അശ്രുകണങ്ങൾ പൊഴിച്ചു തൊഴുകൈയോടെ ആശാൻ പറഞ്ഞത് ഇപ്രകാരമാണ്. ഒരു വർഷമെടുത്തു താൻ വായിച്ചു തീർക്കുന്ന ശ്രീമഹാഭാഗവതം കുറച്ചുസമയം കൊണ്ടുപാനം ചെയ്തെങ്കിൽ അങ്ങു പരബ്രഹ്മ സ്വരൂപനല്ലാതെ മറ്റാരുമാകില്ല.


അവധൂത കാലഘട്ടത്തിനു മുൻപ് തന്നെ ഗുരു കാവ്യരചന ആരംഭിച്ചു എന്നതിനു തെളിവാണ് വാരണപ്പള്ളിയിലെ താമസത്തിനിടെ വാസുദേവാഷ്ടകം, വിനായകാഷ്ടകം തുടങ്ങി ശ്രീകൃഷ്ണദർശനം വരെ എഴുതി തീർത്തത്.

ജനനം മുതൽ സമാധി വരെ ഓരോഘട്ടത്തിലും ഗുരു എത്തിപ്പെട്ട സ്ഥലങ്ങൾ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു തലത്തിൽ ദിവ്യത്വം നിറഞ്ഞ പ്രദേശങ്ങളായിരുന്നു

വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ഗുരുവിന്റെ മഹത്തായ ആശയം ഉൾക്കൊണ്ട് കോളേജുകൾ സ്ഥാപിക്കാൻ മഹാനായ ആർ. ശങ്കർ ഗുരുവിന്റെ പാദസ്പർശമേറ്റ ചെമ്പഴന്തി ,ശിവഗിരി ,കൊല്ലം തുടങ്ങി 13 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടു പ്രവർത്തനം ആരംഭിച്ചു. നാരായണഗുരു ഉന്നതവിദ്യാഭ്യാസം ചെയ്ത വാരണപ്പള്ളിയിലെ കായലാൽ ചുറ്റപ്പെട്ട മുപ്പത് ഏക്കറോളം വരുന്ന രമണീയമായ മണ്ണ് എന്തുകൊണ്ടും ഇതിനു അനുയോജ്യമെന്ന് ശങ്കർ മനസിൽ ഉറപ്പിക്കുകയും ചെയ്തു. എക്കാലത്തെയും എന്നപോലെ പ്രതിലോമ ശക്തികൾ അവിടെയും പ്രവർത്തിച്ചെന്ന് മാത്രമല്ല അവിടെ തുടങ്ങാൻ നിശ്ചയിച്ചിരുന്ന കോളേജ് നങ്ങ്യാർകുളങ്ങരയിൽ എത്തിപ്പെട്ടതും ചരിത്രം.

വിവിധദേശങ്ങളിൽ നിന്നു ഇവിടെ വന്നുപോകുന്ന ഭക്തർ ഗുരുദേവന്റെ സാമീപ്യം അനുഭവിച്ചറിയുന്നു എന്നു മാത്രമല്ല മടക്കയാത്ര എന്തെന്നില്ലാത്ത അനുഭൂതിയാണ് പ്രദാനം ചെയ്യുന്നതെന്നു അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. എസ്.എൻ. ഡി.പി യോഗവും ശിവഗിരിമഠവും പരസ്പരധാരണയോടെ മുന്നോട്ട് നീങ്ങാൻ തീരുമാനിച്ചിരിക്കുന്ന ഈ അവസരത്തിൽ, വാരണപ്പള്ളി അമ്പലത്തെ ശിവഗിരി തീർത്ഥാടനത്തിന്റെ ഒരു ഇടത്താവളമാക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം വെളിച്ചം കാണുമെന്ന് പ്രതീക്ഷിക്കാം.

സത്യാന്വേഷണത്തിലേക്കുള്ള രാജപാതയാവണം ക്ഷേത്രങ്ങൾ എന്നും, ബാഹ്യമായ ആചാരങ്ങളുമായി ഉദരപൂരണം നടത്താനുള്ള കോവിലുകൾ മാത്രമായി അധഃപതിക്കരുതെന്നും ഉള്ള ഗുരുവിന്റെ ആശയവുമായി വാരണപ്പള്ളി തറവാട്ടിലെ ഒരു ഗുരുഭക്തൻ 50 ലക്ഷത്തിനുമേൽ ചെലവിട്ട് ഇന്ത്യയിലെതന്നെ ആദ്യത്തെ ശീതികരിച്ച ശബ്ദരഹിത ധ്യാനകേന്ദ്രത്തിന് അമ്പലത്തിനു സമീപം തുടക്കം കുറിച്ചു. മുപ്പതോളം പേർക്കു ഒരേസമയം ധ്യാനത്തിലേർപ്പെടാവുന്ന ഭക്തിസാന്ദ്രമായ അന്തരീക്ഷം ഗുരുദേവ ഭക്തരെ ഇങ്ങോട്ടേക്കു ആകർഷിച്ചുവരുന്നു.

ഗുരുദേവന്റെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ വാരണപ്പള്ളി തറവാടും ചേവണ്ണൂർ കളരിയും കുമ്മമ്പള്ളി രാമൻപിള്ള ആശാനും ഉചിതമായ സ്മാരകം നിർമ്മിച്ച് സംരക്ഷിക്കാൻ ഗുരുവിനെ നെഞ്ചിലേറ്റിയ പ്രധാനമന്ത്രിയോ ഗുരുവിന്റെ നവോത്ഥാന മൂല്യങ്ങളെ എക്കാലവും പ്രശംസിക്കുന്ന കേരള സർക്കാരോ, ഗുരുവിനെ ജീവശ്വാസംപോലെ പിന്തുടരുന്ന എസ്.എൻ.ഡി.പി യോഗമോ ശിവഗിരി മഠമോ മുന്നോട്ട് വരുമെന്ന് പ്രത്യാശിക്കട്ടെ. മറിച്ചെങ്കിൽ കാലത്തിന്റെ വിസ്മൃതിയിലേക്ക് അവ മാഞ്ഞു പോകുമെന്ന് നിസംശയം പറയാം.ലേഖകന്റെ ഫോൺ - 9847862420

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARANAPPALLI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.