SignIn
Kerala Kaumudi Online
Thursday, 08 June 2023 1.55 PM IST

കലോത്സവം നാടിന്റേതാണ് വിഷം കലർത്താൻ ശ്രമിക്കരുത്

photo

അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം വൻവിജയമാക്കി മാറ്റാൻ പ്രയത്നിച്ച ഏവർക്കും എന്റെ അഭിവാദ്യങ്ങൾ. കൊവിഡിന്റെ പരീക്ഷണഘട്ടത്തിന് ശേഷം കോഴിക്കോട് സംഘടിപ്പിച്ച ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയ്‌ക്ക് ജനസാഗരമാണ് സാക്ഷിയായത്. കോഴിക്കോടിന് നന്ദി.

കലോത്സവത്തിൽ ഹൈസ്‌‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലായി ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ഹൈസ്‌കൂൾ വിഭാഗത്തിൽ 96 ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 105 ഉം, സംസ്‌കൃതോത്സവത്തിൽ 19 ഉം അറബിക് കലോത്സവത്തിൽ 19 ഇനങ്ങളിലായി 10782ഓളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.

ഇത്തവണത്തെ കലോത്സവം നിരവധി വിഷയങ്ങൾ മുന്നോട്ട് വയ്‌ക്കുന്നുണ്ട്. അതിലേറ്റവും സുപ്രധാനം ജനപങ്കാളിത്തം തന്നെയാണ്. കലോത്സവത്തിന് കോഴിക്കോട് വന്നവർക്ക് അതറിയാം. പ്രധാന വേദിയായ ക്യാപ്‌ടൻ വിക്രം മൈതാനം പതിനായിരം ഇരിപ്പിടങ്ങളുള്ള വേദിയായിരുന്നു. എന്നാൽ മൈതാനം നിറയുന്നതായിരുന്നു ജനക്കൂട്ടം. വേദിയിൽ പരിപാടി തീർന്നിട്ടും ജനക്കൂട്ടം പിരിഞ്ഞുപോയില്ല. കലോത്സവം ഒരു ജനകീയ മേളയാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാലിപ്പോൾ ജനം കാഴ്ചക്കാർ മാത്രമാണ്. അതുപോരാ. കലോത്സവത്തിന്റെ പ്രാഥമികതലം മുതൽതന്നെ നടത്തിപ്പിലും സംഘാടനത്തിലും കൃത്യമായ ജനകീയ ഇടപെടലുണ്ടാകണം. അതിനാവശ്യമായ മാറ്റങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കേണ്ടതുണ്ട്. അതെങ്ങനെ വേണമെന്ന് കൂട്ടായി ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്.

കലോത്സവം എല്ലാവിഭാഗം ജനങ്ങളെയും അഭിസംബോധന ചെയ്യുന്നുണ്ടോ എന്നുള്ളതാണ് പരിശോധിക്കേണ്ട മറ്റൊരു ഘടകം. അന്യംനിന്നു പോകുമായിരുന്ന കലകളെ സംരക്ഷിക്കാനുള്ള വലിയൊരു കടമ കലോത്സവം നിറവേറ്റുന്നുണ്ട് എന്നത് വാസ്തവമാണ്. അതുമാത്രമല്ല കലോത്സവത്തിന്റെ ധർമ്മം. കലയിലും സംസ്‌കാരത്തിലും വൈവിധ്യങ്ങളും വൈജാത്യങ്ങളുമുള്ള നാടാണ് നമ്മുടേത്. അവ സംരക്ഷിച്ചുതന്നെ മുന്നോട്ടുപോകണം. കലോത്സവത്തിൽ നിന്ന് മാറ്റിനിറുത്തപ്പെട്ട ഗോത്രകലകൾ അടക്കമുള്ളവ കലോത്സവത്തിന്റെ ഭാഗമാകുമ്പോൾ മാത്രമേ കലോത്സവം എല്ലാവരുടേതുമാകൂ. എന്നാൽ അനുഷ്ഠാനകലകളായ ഇവയെ എങ്ങനെ കലോത്സവവുമായി ഉൾചേർക്കുമെന്നും പഠിച്ച് നടപ്പാക്കേണ്ട കാര്യമാണ്. ഇക്കാര്യത്തിൽ ഈ മേഖലയിലുള്ള വിദഗ്ദ്ധരടങ്ങുന്ന സമിതി രൂപീകരിക്കാൻ ആലോചിക്കുന്നുണ്ട്.

കലോത്സവ മാന്വൽ പരിഷ്‌കരണം കാലത്തിന്റെ ആവശ്യമാണ്.

കലോത്സവത്തിലെ ഭക്ഷണരീതി വിവാദമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നമ്മുടെ മതേതര കാഴ്ചപ്പാടുകളെ കടപുഴക്കുന്ന രീതിയിലാണ് വിവാദം ആസൂത്രണം ചെയ്തിട്ടുള്ളത്. നിലവിൽ മെച്ചപ്പെട്ട രീതിയിലാണ് കലോത്സവത്തിൽ ഭക്ഷണം തയ്യാറാക്കുന്നതും വിളമ്പുന്നതും. പഴയിടം മോഹനൻ നമ്പൂതിരിയുടെ സേവനം മികച്ചതാണ്. നമ്മുടെ ഭക്ഷണ സംസ്‌കാരം വൈവിദ്ധ്യം നിറഞ്ഞതാണ്. ഓരോ പ്രദേശത്ത് കലോത്സവം നടക്കുമ്പോഴും ആ നാടിന്റെ രുചികൂടി പങ്കുവയ്ക്കപ്പെടണം. അതുകൊണ്ടാണ് ഇത്തവണ എന്റെ കുട്ടികൾക്ക് കോഴിക്കോടൻ ബിരിയാണി നൽകണമെന്നായിരുന്നു എന്റെ ആഗ്രഹമെന്ന് ഞാൻ പറഞ്ഞത്. എന്തായാലും ഇക്കാര്യങ്ങളിൽ എല്ലാം വിശദമായ പരിശോധനകൾ നടത്തും. ഭക്ഷണത്തിൽ ജാതീയതയും വർഗീയതയും കലർത്തുന്നവരെ ജനം തിരിച്ചറിയുമെന്ന് തീർച്ച.

കലോത്സവ സ്വാഗത ഗാനത്തിന്റെ അവതരണം സംബന്ധിച്ച കാര്യങ്ങളിലെ നിലപാട് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എങ്ങനെ പിഴവുണ്ടായി എന്നത് കൃത്യമായി പരിശോധിച്ച് നടപടി സ്വീകരിക്കും. സർക്കാർ എല്ലാവരുടേതുമാണ്. ഇനിയും അങ്ങനെ തന്നെ തുടരും. എന്നാൽ ഇതിനെ വഴിതിരിച്ചുവിട്ട് വിഭാഗീയത സൃഷ്ടിക്കാനുള്ള നടപടികളെ അംഗീകരിക്കില്ല.

കൊവിഡനന്തര കാലം മുന്നോട്ടുവച്ച വിഷയങ്ങൾ ഉൾക്കൊണ്ട് നാം മുന്നോട്ട് പോകും. കലോത്സവങ്ങൾ നാടിന്റെ ഉത്സവങ്ങളാണ്. ആ ആരവമുൾക്കൊണ്ട് മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപിടിച്ച് നമുക്കിനിയുമേറെ സഞ്ചരിക്കാനുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALOLSAVAM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.