കാസർകോട് : പ്രമുഖ കന്നഡ സാഹിത്യകാരി സാറ അബൂബക്കർ (86)അന്തരിച്ചു. 1936 ജൂൺ 30 ന് പുതിയപുരി അഹമ്മദിന്റെയും സൈനബിയുടെയും മകളായി കാസർകോട് ചെമ്മനാട്ട് ജനിച്ച സാറ കന്നഡയിലെ ആദ്യ മുസ്ലിം എഴുത്തുകാരിയായിരുന്നു. ചന്ദ്രഗിരിയ തീരദല്ലി, കദന വിറാമ, സഹന തുടങ്ങിയവയാണ് പ്രധാന നോവലുകൾ. കമലാദാസിന്റെ മനോമി, പി.കെ.ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ അടക്കമുള്ള എട്ട് മലയാളകൃതികൾ കന്നഡയിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. 1981 ൽ എഴുതിയ ചന്ദ്രഗിരി തീരദല്ലി എന്ന കൃതിയിലൂടെയാണ് എഴുത്തിന്റെ ലോകത്ത് അറിയപ്പെടാൻ തുടങ്ങിയത്. കർണാടക സാഹിത്യ അക്കാഡമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അനുപമ നീരാജൻ അവാർഡ്, കന്നഡ രാജ്യോത്സവ അവാർഡ്, രത്‌നമ്മ ഹെഗ്ഗഡെ മഹിളാ സാഹിത് അവാർഡ്, കർണാടക സർക്കാരിന്റെ ദാന ചിന്താമണി അത്തിമബ്ബെ അവാർഡ്, ഹംപി സർവ്വകലാശാലയുടെ നാഡോജ അവാർഡ് എന്നിവ ലഭിച്ചു. മംഗളൂരു സർവ്വകലാശാലയിൽ നിന്ന് ഓണററി ഡോക്ടറേറ്റ് നേടിയിരുന്നു.
ഭർത്താവ് അബൂബക്കർ മംഗളൂരു ലാൽബാഗിലെ പൊതുമരാമത്ത് വകുപ്പ് എൻജിനിയർ ആയിരുന്നു. അബ്ദുള്ള, നാസർ, റഹീം, ഷംസുദ്ദീൻ എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |