മലപ്പുറം: മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും ലീഗ് ഇടപെട്ട ചരിത്രമില്ലെന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി ആരാവണമെന്ന ചോദ്യം കരുണാകരൻ, ആന്റണി, ഉമ്മൻചാണ്ടി എന്നിവരുടെ സമയത്ത് ഉയർന്നപ്പോഴും ലീഗ് മിണ്ടിയിട്ടില്ല. ഇക്കാര്യത്തിൽ ലീഗ് ഒരു ഘട്ടത്തിലും ഇടപെടില്ല. ശശി തരൂർ പരിപാടികളിൽ പങ്കെടുക്കുന്നത് മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കേണ്ടതില്ല. തരൂരിന്റെ സന്ദർശനങ്ങൾക്ക് ലീഗ് പ്രത്യേക മാനമോ രാഷ്ട്രീയ പ്രാധാന്യമോ കൊടുക്കുന്നില്ല. വിവാദങ്ങളുണ്ടാക്കുന്നത് മാദ്ധ്യമങ്ങളാണ്. സ്ഥാനാർത്ഥിത്വം ചർച്ച ചെയ്യാൻ ഇത് തിരഞ്ഞെടുപ്പ് സമയമല്ല. ജനങ്ങൾ അഭിമുഖീകരിക്കുന്ന ബഫർസോൺ അടക്കമുള്ള വിഷയങ്ങൾ സംസാരിക്കേണ്ട സമയമാണ്. സുപ്രീംകോടതിയിൽ നിന്ന് ആശ്വാസ വാക്ക് വന്നിട്ടുണ്ടെങ്കിലും അതിൽ മാത്രം വിശ്വാസമർപ്പിച്ചിരിക്കുന്നതിൽ കാര്യമില്ല. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ വേഗത്തിൽ ചെയ്യണം. നേരത്തെ കാണിച്ച അലംഭാവമാണ് ഇത്രയധികം പ്രയാസങ്ങൾക്ക് കാരണം. എല്ലാ കാര്യത്തിലും സർക്കാരിന് ഒച്ചിന്റെ വേഗമാണ്. ബഫർ സോണിന്റെ കാര്യത്തിൽ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |