അടുത്തവർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമെന്ന് ഉറപ്പ്. ഇത് മുന്നിൽ കണ്ട് സംസ്ഥാനത്തെ ഇടത് സർക്കാർ ജനസൗഹൃദങ്ങളായ പലനടപടികളും പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്ത് മുന്നോട്ടു പോവുകയാണ്. കഴിഞ്ഞ തവണ മണ്ണുംചാരി ഇരുന്ന പല കോൺഗ്രസ് നേതാക്കളും പാർലമെന്റിന്റെ അകത്തളം കണ്ടത് തങ്ങളുടെകൂടി കൈയിലിരിപ്പ് കാരണമാണെന്ന് ഇടതുപക്ഷം തിരിച്ചറിഞ്ഞിട്ടുമുണ്ട്. എരിപൊരികൊള്ളുന്ന വെയിലത്ത് ഭവനസന്ദർശനമെന്ന ഓമനപ്പേരിൽ ഇടത് നേതാക്കൾ വീടുവീടാന്തരം കയറിയിറങ്ങുന്നതും ഇതിനാലാണ്. ഭരണനേട്ടങ്ങൾ അക്കമിട്ട് നിരത്തിയും ആരോപണങ്ങളും വീഴ്ചകളും തന്ത്രപൂർവം മറച്ചുവച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നില ഭേദമാക്കാനുള്ള അശ്രാന്തപരിശ്രമമാണ് അവർ നടത്തുന്നത്.
തിരഞ്ഞെടുപ്പു പോരാട്ടത്തിൽ കഴിയുന്നത്ര പ്രതിനിധികളെ ഡൽഹിയിലേക്ക് വിടുമെന്ന കനത്ത വാശിയിലാണ് ബി.ജെ.പിയും തയ്യാറെടുപ്പുകൾ നടത്തുന്നത്. സംസ്ഥാന സർക്കാരിനെതിരെ ആവനാഴിയിലെ എല്ലാ അമ്പുകളും ഉപയോഗിച്ചുള്ള ആക്രമണത്തിന് കോപ്പുകൂട്ടുകയാണ് അവർ. ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ കേരളത്തിലെത്തി തട്ടിയും മുട്ടിയും മാന്തിയുമിരുന്ന ഇവിടുത്തെ നേതാക്കളെ അനുനയിപ്പിച്ച് ഐക്യത്തിന്റെ അന്തരീക്ഷമുണ്ടാക്കിയതൊക്കെ ഇതിന്റെ ഭാഗമായിട്ടാണ്. എന്നിട്ടും ഇതൊന്നും കണ്ട മട്ടിലല്ല കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. 'അടിക്കേണ്ട അമ്മാവാ, ഞാൻ നന്നാവൂല്ല' എന്ന ശൈലിയിലാണ് അവരിപ്പോഴും. സംഘടനാതിരഞ്ഞെടുപ്പ്, കെ.പി.സി.സി പ്രസിഡന്റ് നിയമനം, താഴെത്തട്ടിലെ പുനഃസംഘടന തുടങ്ങി പാടിപ്പതിഞ്ഞ പല്ലവികൾ ആവർത്തിച്ച് നേരംപോക്കുകയാണ് അവർ. ഒന്നേകാൽ വർഷത്തിന് ശേഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പല്ല, മറിച്ച് മൂന്നേകാൽ വർഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് പല മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും ഉറക്കം കെടുത്തുന്നത്. പറഞ്ഞിട്ടു കാര്യമില്ല, ഗാന്ധിശിഷ്യന്മാരായിപ്പോയില്ലേ!. രാജ്യത്തെയും ജനങ്ങളെയും സേവിച്ചില്ലെങ്കിൽ എങ്ങനെ സ്വസ്ഥമായി ജീവിക്കാനാവും. എല്ലാവരും കൂടി നിർബന്ധിച്ചാൽ മുഖ്യമന്ത്രിയാവാനുള്ള ത്യാഗമനോഭാവം തരൂർഗാന്ധി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ ത്യാഗത്തിന് ഇതിന് മുമ്പേ തറ്റുടുത്ത് പൊട്ടുംതൊട്ട് കാത്തിരിക്കുന്ന ചെന്നിത്തല ഗാന്ധിക്ക് പക്ഷെ തരൂർ ത്യാഗം അത്ര ദഹിച്ചില്ല. മുഖ്യമന്ത്രിയായി ആരെയും ഉയർത്തിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്ന പതിവില്ലെന്ന വാറോല അദ്ദേഹം എടുത്തുകാട്ടി.
കോട്ടും സ്യൂട്ടുമിട്ട് ഡൽഹിയിൽ കോൺഗ്രസിനെ കനപ്പിച്ചുകൊണ്ടിരിക്കുന്ന വേണുഗാന്ധിയും ഈ ത്യാഗത്തിന് തയ്യാറാണെന്ന് അടുപ്പക്കാരോട് മൊഴിഞ്ഞിട്ടുണ്ട്. സ്ഥാനമാനങ്ങളോ പദവികളോ മുഖ്യമന്ത്രിപദം പോലുള്ള ചുമതലകളോ ഒരിക്കലും മോഹിച്ചിട്ടില്ലാത്ത ഒറ്റ നേതാവ് മാത്രമാണ് ഇതിനെതിരെ ശബ്ദിച്ചത്. നമ്മുടെ കെ.മുരളീധരഗാന്ധി. ഉള്ള ലോക് സഭാ സീറ്റുകൊണ്ട് ഒതുങ്ങിക്കൊള്ളാമെന്നാണ് അദ്ദേഹം തുറന്ന മനസോടെ വെളിപ്പെടുത്തിയത്. മനസുതുറന്ന മറ്റൊരാൾ കൊടിക്കുന്നിൽ ഗാന്ധിയാണ്. എം.പി പദവിയിലൊന്നും അദ്ദേഹത്തിന് തീരെ താത്പര്യമില്ല. ജനങ്ങൾ ജയിപ്പിച്ചതുകൊണ്ട് പാർലിമെന്റിൽ പോകുന്നു എന്നുമാത്രം. ഇങ്ങ് തിരുവോന്തപുരത്ത്, ആ ഇന്ദിരാഭവനിൽ കെ.പി.സി.സി പ്രസിഡന്റിന്റെ കസേരയിൽ ഒരു ഖാദി ടവൽ ഒന്നു വിരിച്ചുകൊടുത്താൽ പ്രസിഡന്റായി ഒതുങ്ങിക്കൂടി, ചർക്കയിൽ നൂലും നൂർത്ത്, ദേശഭക്തിഗാനവും മൂളി കോൺഗ്രസിനെ നന്നാക്കാനാണ് കൊടിക്കുന്നിൽ ഗാന്ധിയുടെ ഇപ്പോഴത്തെ ഏക ആഗ്രഹം. പക്ഷേ ഇതൊക്കെ ആരോട് പറയാൻ.
ഡൽഹിയിലെ തണുപ്പ്
ബഹുത് മുശ്കിൽ ഹെ
മുമ്പെങ്ങുമില്ലാത്ത വിധത്തിൽ കടുപ്പമേറിയതാണ് ഡൽഹിയിൽ ഇപ്പോഴത്തെ തണുപ്പ്. നട്ടുച്ചയ്ക്ക് എഴുന്നേറ്റാൽ പോലും പല്ലുകൾ കൂട്ടിയിടിക്കും. സാമാന്യത്തിലധികം തൊലിക്കട്ടിയൊക്കെ ഉണ്ടെന്നത് നേരാണെങ്കിലും ഈ തണുപ്പിൽ നമ്മുടെ എം.പിമാർക്ക് എങ്ങനെ പാർലമെന്റ് നടപടികളിൽ മുങ്ങിത്താഴാനാവും. കാലാവസ്ഥയ്ക്ക് മുന്നിലെ തങ്ങളുടെ നിസഹായാവസ്ഥ തിരിച്ചറിഞ്ഞ തൃശൂരിലെ നമ്മുടെ പാവം പ്രതാപൻ ഗാന്ധിയാണ് ഇനി ഡൽഹിയിലേക്കില്ലെന്ന് ആദ്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ തുറന്നുപറച്ചിലിൽ തെല്ലും സ്വാർത്ഥതയില്ലെന്ന് എല്ലാവർക്കുമറിയാം. മറ്റെന്തെങ്കിലും മോഹമുള്ളതായി ആർക്കെങ്കിലും തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം.
മനസിലുള്ളത് മറച്ചുവയ്ക്കാൻ അറിയാത്ത ആളാണ് നമ്മുടെ ഉണ്ണിത്താൻ ഗാന്ധി. കാസർകോട്ട് കഴിഞ്ഞ തവണ എങ്ങനെ ജയിച്ചെന്ന് പോലും ഇപ്പോഴും അറിഞ്ഞ കൂടാത്ത പാവം. തന്റെ അസാധാരണ സാന്നിദ്ധ്യം കേരള രാഷ്ട്രീയത്തിലാണ് വേണ്ടതെന്ന് എപ്പോഴോ അദ്ദേഹം മനസിലാക്കി. ശിഷ്ടകാലം ഇവിടെ ഏതെങ്കിലും വകുപ്പ് മന്ത്രിയായി അങ്ങു കഴിച്ചുകൂട്ടാം. നല്ല സരസ്വതീ കടാക്ഷമുള്ള നാവായതിനാൽ നിയമസഭയിൽ ലക്ഷണമൊത്ത വായ്ത്താരികൾ കേൾക്കാനുള്ള സൗഭാഗ്യം മറ്റു സാമാജികർക്ക് കിട്ടുകയും ചെയ്യും. ഏറെക്കാലമായി ഡൽഹിയിലെ റൊട്ടിയും ഡാലും കഴിച്ചു മടുത്ത രാഘവൻ ഗാന്ധിക്കും ഒരു തവണയെങ്കിലും കേരള നിയമസഭയെ തന്റെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാക്കണമെന്ന ആഗ്രഹമുണ്ട്. ലോകമെമ്പാടും പാറിനടക്കുന്ന മനസുള്ള ശശിതരൂർ ഗാന്ധിയെ തല്ലിയും തലോടിയും പഴുപ്പിച്ച് പരുവമാക്കിയത് രാഘവൻഗാന്ധിയുടെ ഒറ്രപരിശ്രമമാണ്. ചങ്ങനാശ്ശേരിയിലെ അഴകിയ രാവണൻ തമ്പ്രാൻ തരൂരിനെ മണ്ണും പിണ്ണാക്കുമറിയാതെ പാടിപ്പുകഴ്‌ത്തിയെങ്കിലും തരൂരിലെ യഥാർത്ഥ ഗാന്ധിയനെ കണ്ടെത്തിയതിന്റെ ക്രെഡിറ്റ് രാഘവൻ ഗാന്ധിക്കാണ്.
ഊന്ന് വടിയും വട്ടക്കണ്ണടയും ഇല്ലെങ്കിലും വായിൽ നിരനിരയായി പല്ലുണ്ടെങ്കിലും പരമസാത്വികനായ അടൂർ പ്രകാശൻ ഗാന്ധിയെന്ന മാതൃകാപുരുഷനെ നാം മറക്കരുത്. മന്ത്രിയായും എം. എൽ.എ ആയുമൊക്കെ കേരളത്തെ നല്ലരീതിയിൽ സേവിച്ച് വെടിപ്പാക്കിക്കൊണ്ടിരിക്കുമ്പോഴാണ് പാർട്ടിയും ആറ്റങ്ങലിലെ വോട്ടർമാരും ചേർന്ന് അദ്ദേഹത്തെ ഡൽഹിക്ക് കെട്ടുകെട്ടിച്ചത്. മനസില്ലാ മനസോടെ ഈറൻ കണ്ണുകളുമായാണ് അദ്ദേഹം ആദ്യം വിമാനം കയറിയത്. പക്ഷേ അവിടുത്തെ ഇപ്പോഴത്തെ തണുപ്പ് ഒരു വിധത്തിലും താങ്ങാനാവുന്നില്ല. മുറിയിൽ നല്ല സോളാർ ഹീറ്ററൊക്കെ ഉണ്ടെങ്കിലും തണുപ്പ് ചെറുക്കാനാവുന്നില്ല. അങ്ങനെയാണ് പാതിമനസോടെ വീണ്ടും കേരളത്തിലേക്ക് പറിച്ചു നടാൻ അടൂർഗാന്ധിയും തയ്യാറായത്. ഈ ഗാന്ധിയന്മാരെല്ലാം കൂടി ഇങ്ങോട്ട് എഴുന്നള്ളിയാൽ ഇവിടം കുട്ടിച്ചോറാവില്ലേ എന്ന സംശയം ചെന്നിത്തല ഗാന്ധിക്കില്ലാതില്ല. ഇക്കാര്യം കിട്ടുന്ന സന്ദർഭങ്ങളിലായി അദ്ദേഹം ഹൈക്കമാൻഡിലെ ഗാന്ധിയന്മാരെ തെര്യപ്പെടുത്തുന്നുമുണ്ട്.
ഇതുകൂടി കേൾക്കണെ
മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായുമൊക്കെ രാജ്യത്തെ സേവിച്ചിട്ടുള്ള എ.കെ.ഗാന്ധിജി ഇപ്പോൾ തലസ്ഥാനത്തുണ്ട്. മറ്റൊരു മുൻ മുഖ്യൻ ഉമ്മൻചാണ്ടി ഗാന്ധിയും ഇവിടെയുണ്ട്. അവരുടെയൊക്കെ അഭിപ്രായത്തിന് തീരെ വില ഇല്ലാതായെന്ന് കേരളത്തിലെ ഗാന്ധിയന്മാർ വിസ്മരിക്കുന്നത് ബുദ്ധിയാണോ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |