തൃശൂർ: 150 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സേഫ് ആൻഡ് സ്‌ട്രോംഗ് ചിട്ടിക്കമ്പനിയുടമ പ്രവീൺ റാണയുടെ (37) ബാങ്ക് അക്കൗണ്ടുകൾ കാലി. പിടിയിലാകുമ്പോൾ കണ്ടെടുത്തത് ആയിരം രൂപയും ചില്ലറയും ആറ് ഹാർഡ് ഡിസ്‌ക്കും ലാപ്‌ടോപ്പും മാത്രം. തട്ടിച്ചെടുത്ത കോടികൾ എവിടെയെന്നാണ് പൊലീസ് തെരയുന്നത്.
ഹാർഡ് ഡിസ്‌കിൽ റാണയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നിർണായക വിവരമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. 31 കേസെടുത്തിട്ടുണ്ട്. വഞ്ചനാക്കുറ്റവും ചട്ടവിരുദ്ധ നിക്ഷേപം തടയൽ (ബഡ്‌സ്) നിയമവും റാണയ്‌ക്കെതിരെ ചുമത്തി. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും.
കൊച്ചി ചിലവന്നൂരിലെ ഫ്‌ളാറ്റിൽ നിന്ന് ആറിന് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രവീൺ ആഡംബര കാറിൽ അങ്കമാലിയിലെത്തി. സി.സി.ടി.വി ദൃശ്യങ്ങളിൽ ഇത് വ്യക്തമായിരുന്നു. ഈ കാർ പൊലീസ് പിന്തുടരുന്നതായി അറിഞ്ഞ് തൃശൂരിലെ ബന്ധുവിനെ ഫോണിൽ വിളിച്ചുവരുത്തി മറ്റൊരു കാറിൽ കയറിയാണ് തമിഴ്‌നാട്ടിലെത്തിയത്. റാണയടക്കം നാല് പേരായിരുന്നു കാറിൽ.
കൊച്ചിയിലെ അഭിഭാഷകന്റെ സഹായവും ലഭിച്ചു. 7ന് പുലർച്ചെ കോയമ്പത്തൂരിലെത്തി. പാലിയേക്കര, പന്നിയങ്കര ടോൾ പ്ലാസകളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇവരുടെ കാർ തിരിച്ചറിഞ്ഞു. കൈയിൽ പണമില്ലാതിരുന്നതിനാൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടക്കാനുള്ള പദ്ധതി പൊളിഞ്ഞു. പെരുമ്പാവൂർ സ്വദേശി ജോയി ദേവരായപുരത്ത് വാടകയ്ക്ക് നടത്തിയിരുന്ന ക്വാറിയിലാണ് കഴിഞ്ഞിരുന്നത്. കോയമ്പത്തൂരിൽ വിവാഹമോതിരം വിറ്റു കിട്ടിയ 75,000 രൂപയുമായാണ് ക്വാറിയിലെത്തിയത്.
ഭാര്യയെ ഫോണിൽ
വിളിച്ചു, കുടുങ്ങി
അന്യസംസ്ഥാന തൊഴിലാളിയുടെ ഫോണിൽ നിന്ന് പ്രവീൺ ഭാര്യയെ വിളിച്ചതോടെയാണ് കുടുങ്ങിയത്. കുടുംബാംഗങ്ങളുടെ ഫോൺ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. ലൊക്കേഷൻ തിരിച്ചറിഞ്ഞ പൊലീസ്, അതീവരഹസ്യമായി ക്വാറി വളഞ്ഞു. പൊലീസെത്തുന്നത് അനുയായികളിൽ ഒരാൾ അറിയിച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു. സ്വാമിയുടെ വേഷമണിഞ്ഞ് മറ്റൊരു പേരിലായിരുന്നു താമസം. ഒറ്റമുറി വീട്ടിൽ പ്‌ളാസ്റ്റിക് നൂൽ കൊണ്ട് നെയ്ത കട്ടിലിലായിരുന്നു കിടന്നിരുന്നത്. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. എറണാകുളത്തെ ഫ്‌ളാറ്റിൽ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രവീൺ കെ.എസ്.ആർ.ടി.സി ബസിലാണ് അങ്കമാലിയിലെത്തിയത്.
സുഹൃത്തിന് 16 കോടി കൈമാറി
സുഹൃത്ത് ഷൗക്കത്തിന് 16 കോടി രൂപ കടം കൊടുത്തെന്നും പാലക്കാട് അമ്പത് സെന്റ് സ്ഥലമുണ്ടെന്നുമാണ് റാണ പൊലീസിന് നൽകിയ മൊഴി. 150 കോടിയുടെ തട്ടിപ്പാണ് പൊലീസ് പ്രാഥമികമായി കണ്ടെത്തിയത്. ഒന്നൊഴികെ എല്ലാ കേസും തൃശൂർ സിറ്റി പരിധിയിലാണ്. അറസ്റ്റ് രേഖപ്പെടുത്തിയതോടെ കൂടുതൽ പരാതികളെത്തുമെന്നാണ് കരുതുന്നത്. ഈസ്റ്റ്, വെസ്റ്റ്, വിയ്യൂർ, ചേർപ്പ് സ്റ്റേഷനുകളിലാണ് കേസുകളേറെയും. ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നോടെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി.
ഞാൻ ആരെയും പറ്റിച്ചിട്ടില്ല, ബിസിനസ് മാത്രമാണ് ചെയ്തത്. നിക്ഷേപകർക്കെല്ലാം പണം തിരികെ കൊടുക്കും
പ്രവീൺ റാണ
(വൈദ്യപരിശോധനയ്ക്ക്
കൊണ്ടുപോകുമ്പോൾ പ്രതികരിച്ചത്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |