തിരുവനന്തപുരം: സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ പുതിയ നമ്പർ സീരീസ് ആലോചിക്കുന്നു. സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡും ഔദ്യോഗിക തസ്തികയും പതിച്ചുള്ള ഉദ്യോഗസ്ഥരുടെ യാത്രയും നിയന്ത്രിക്കും. ഇന്ന് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം തീരുമാനം എടുക്കും
സർക്കാർ വാഹനങ്ങളിൽ കെ.എസ്.ആർ.ടി.സിക്കുമാത്രമാണ് പ്രത്യേക സീരിയൽ നമ്പരുള്ളത് കെ.എൽ15. സർക്കാർ വാഹനങ്ങൾക്ക് കെ.എൽ 15 എ.എ, തദ്ദേശ സ്ഥാപനങ്ങൾക്ക് കെ.എൽ15 എ.ബി, അർദ്ധ സർക്കാർ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾക്ക് കെഎൽ15 എ.സി.എന്നിങ്ങനെയാണ് ശുപാർശ.
പുതിയ സീരിസിനായി മോട്ടോർ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്യണം. സർക്കാർ വാഹനങ്ങൾ പുതിയ സീരീസിൽ വീണ്ടും രജിസ്റ്റർ ചെയ്യണം. പുതിയ വാഹനങ്ങൾ പുതിയ സീരീസിലാവും.
സർക്കാർ വാഹനങ്ങൾ പ്രത്യേക സീരീസിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ അവയുടെ കണക്ക് മോട്ടോർ വാഹനവകുപ്പിന്റെ പക്കലില്ല.
ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കാണ് ഇപ്പോൾ വാഹനങ്ങളിൽ ബോർഡ് വയ്ക്കാൻ അനുവാദം. മന്ത്രിമാർക്കും എം.എൽ.എമാർക്കും പുറമേ സ്പെഷ്യൽ സെക്രട്ടറിക്ക് മുകളിലായി ഇത് പരിമിതപ്പെടുത്താനാണ് ആലോചന. നിലവിൽ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിൽ റാങ്കുള്ളവർക്ക് സ്വന്തം കാറിൽ ബോർഡ് വയ്ക്കാമായിരുന്നു. ഏതെല്ലാം പദവികൾക്ക് ബോർഡ് വയ്ക്കാമെന്ന് ഉത്തരവിറക്കും. തെറ്റിക്കുന്നവർക്കെതിരെ വകുപ്പ് തല നടപടി വരും.
സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെ കൂടാതെ നിയമസഭയിലെയും കോടതിയിലെയും ഉദ്യോഗസ്ഥർ ബോർഡ് വച്ച് യാത്ര ചെയ്യാൻ സർക്കാരിന്റെ അനുമതി തേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |